സിഡ്നിയിൽ നടന്ന ന്യൂ ഇയർ ആഘോഷങ്ങളിൽ പങ്കെടുത്ത ജനങ്ങളുടെ പെരുമാറ്റത്തെ ന്യൂ സൗത്ത് വെയിൽസ് പൊലീസ് പ്രശംസിച്ചു. നഗരമാകെ ആഘോഷങ്ങൾ നടന്നിട്ടും വളരെ കുറച്ച് ആളുകളെ മാത്രമാണ് അറസ്റ്റ് ചെയ്തതെന്ന് പൊലീസ് അറിയിച്ചു.
വർഷത്തിലെ ഏറ്റവും തിരക്കേറിയ ദിവസങ്ങളിൽ ഒന്നായ ന്യൂ ഇയർ ഈവിൽ 38 പേരെയാണ് അറസ്റ്റ് ചെയ്തത്. ഇതിൽ ഒൻപത് പേർ സിബിഡി മേഖലയിലായിരുന്നു. ആഘോഷങ്ങൾ “വലിയ വിജയം” ആയിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി.
ജനങ്ങൾ പൊലീസിന്റെയും ഇവന്റ് മാനേജ്മെന്റിന്റെയും നിർദേശങ്ങൾ പാലിച്ചു. ഭൂരിഭാഗം ആളുകൾക്കും നല്ല അനുഭവമായിരുന്നു, അസിസ്റ്റന്റ് കമ്മീഷണർ പീറ്റർ മക്കെന പറഞ്ഞു. ഹൃദയഭേദകമായ ഒരു മാസത്തിനു ശേഷം ആളുകൾ ഒരുമിച്ച് ഒന്നിച്ചുകൂടുന്നതാണ് ഞങ്ങൾ കണ്ടത്.
നഗരത്തിന്റെ പടിഞ്ഞാറൻ ഭാഗമായ ഗിൽഡ്ഫോർഡിൽ, രണ്ട് കുട്ടികളുൾപ്പെടെ മൂന്നുപേരെ ഫയർവർക്സ് എറിഞ്ഞ് പരിക്കേൽപ്പിച്ചു എറിഞ്ഞെന്നാരോപിച്ച് നാല് പേരെ അറസ്റ്റ് ചെയ്തു. 12, 14 വയസ്സുള്ള രണ്ട് പെൺകുട്ടികളെ ഗുരുതരമല്ലാത്ത പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ബോണ്ടി ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ, 2,500 പൊലീസ് ഉദ്യോഗസ്ഥരാണ് രാത്രി മുഴുവൻ പട്രോളിങ്ങിനിറങ്ങിയത്. ചിലർ ദീർഘായുധങ്ങളുമായി രംഗത്തുണ്ടായിരുന്നു. ഭീഷണി വർധിച്ചതിനല്ല, ജനങ്ങൾക്ക് സുരക്ഷാബോധം നൽകാനായിരുന്നു ഇതെന്ന് പൊലീസ് പറഞ്ഞു.
മികച്ച കാഴ്ചാസ്ഥാനം ഉറപ്പാക്കാൻ ചിലർ പുലർച്ചെ 4 മണിമുതൽ തന്നെ ഹാർബറിനരികിൽ ക്യാമ്പ് ചെയ്തു.
ഒരു ദശലക്ഷത്തിലധികം പേർ സിഡ്നി ഹാർബർ ഫയർവർക്ക്സ് നേരിൽ കണ്ടു. 12 മിനിറ്റ് നീണ്ട വർണ്ണാഭമായ പ്രദർശനം ലോകമെമ്പാടുമായി അര ബില്ല്യണിലധികം ആളുകൾ കണ്ടതായി സംഘാടകർ പറഞ്ഞു. ഏകദേശം ഒൻപത് ടൺ ഫയർവർക്കുകളും 40,000-ലധികം പൈറോട്ടെക്‌നിക്കുകളും ഉപയോഗിച്ചു.
അതേസമയം, ഈ ആഘോഷങ്ങൾ ദുഃഖസ്മരണയുടെ നിമിഷവുമായിരുന്നു. ഡിസംബർ 14-ന് ബോണ്ടിയിൽ നടന്ന ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട 15 പേരെ ന്യൂ ഇയർ ഈവിൽ അനുസ്മരിച്ചു.
രാത്രി 11 മണിക്ക് സിഡ്നി ഹാർബർ ബ്രിഡ്ജ് വെളുത്ത പ്രകാശത്തിൽ തെളിയിച്ചു, പൈലണുകളിൽ മെനോറ പ്രകാശിപ്പിച്ചു. ഒരു മിനിറ്റ് മൗനം ആചരിച്ചു.
കൂജി ബീച്ചിൽ, 10 വയസ്സുകാരിയായ മട്ടിൽഡ അടക്കം നാല് ഇരകളെ അനുസ്മരിച്ച് 15 സ്വർണ്ണ വർണ്ണ ഫയർവർക്കുകളും തെളിയിച്ചു.