എ.ഐ-യെ അനുകൂലിച്ചുള്ള ലേഖനം എഴുതാനും എ.ഐ (Getty Images)
New South Wales

എ.ഐ-യെ അനുകൂലിച്ചുള്ള ലേഖനം എഴുതാനും എ.ഐ; സിഡ്‌നി മോണിംഗ് ഹെറാൾഡ് ലേഖനം പിൻവലിച്ചു

എഡിറ്റോറിയൽ ചട്ടങ്ങൾക്ക് വിരുദ്ധമായതിനാലാണ് ലേഖനം പിൻവലിച്ചതെന്ന് ഹെറാൾഡ് എഡിറ്റർ ജോർദാൻ ബേക്കർ വ്യക്തമാക്കി.

Elizabath Joseph

സിഡ്‌നി: സർവ്വകലാശാലകളിൽ ജനറേറ്റീവ് എ.ഐ സാങ്കേതികവിദ്യ ഉപയോഗിക്കുന്നത് ഉന്നതവിദ്യാഭ്യാസത്തിന്റെ മൂല്യം കുറയ്ക്കുന്നില്ലെന്ന് വാദിച്ചുകൊണ്ട് വെസ്റ്റേൺ സിഡ്‌നി യൂണിവേഴ്‌സിറ്റി പ്രോ വൈസ് ചാൻസലർ പ്രൊഫസർ കാത്ത് എല്ലിസ് എഴുതിയ ഒപ്പീനിയൻ (അഭിപ്രായ) ലേഖനമാണ് വിവാദത്തെത്തുടർന്ന് പത്രം പിൻവലിച്ചത്. മക്വാരി യൂണിവേഴ്‌സിറ്റിയിലെ അക്കാദമിക് വിദഗ്ദ്ധ കൈലി മൂർ-ഗിൽബർട്ട് സർവ്വകലാശാലകളിലെ എ.ഐ ഉപയോഗത്തെ കടുത്ത ഭാഷയിൽ വിമർശിച്ച് എഴുതിയ ലേഖനത്തിന് മറുപടിയായാണ് കഴിഞ്ഞ ഞായറാഴ്ച കാത്ത് എല്ലിസിന്റെ ലേഖനം പ്രസിദ്ധീകരിച്ചത്.

എന്നാൽ, ഈ ലേഖനം തയ്യാറാക്കാൻ പ്രൊഫസർ എല്ലിസ് എ.ഐ ടൂളുകൾ ഉപയോഗിച്ചതായി പിന്നീട് വെസ്റ്റേൺ സിഡ്‌നി യൂണിവേഴ്‌സിറ്റി വക്താവ് സ്ഥിരീകരിച്ചു. തന്റെ കഴിഞ്ഞ പത്ത് വർഷത്തെ ഗവേഷണങ്ങളിലെ 40,000-ത്തോളം വാക്കുകൾ അടങ്ങിയ രേഖകൾ മൈക്രോസോഫ്റ്റ് കോപൈലറ്റ് (Copilot) എന്ന ലാർജ് ലാംഗ്വേജ് മോഡലിലേക്ക് അപ്‌ലോഡ് ചെയ്താണ് ലേഖനത്തിന്റെ ആദ്യ രൂപം എല്ലിസ് തയാറാക്കിയത്. തുടർന്ന് യൂണിവേഴ്‌സിറ്റിയുടെ മീഡിയ ടീം ഇതിൽ കൂടുതൽ തിരുത്തലുകൾ വരുത്താനും എ.ഐ ഉപയോഗിച്ചു.

പത്രത്തിന്റെ പബ്ലിഷർമാരായ 'നൈൻ' ഗ്രൂപ്പിന്റെ എഡിറ്റോറിയൽ ചട്ടങ്ങൾക്ക് വിരുദ്ധമായതിനാലാണ് ലേഖനം പിൻവലിച്ചതെന്ന് ഹെറാൾഡ് എഡിറ്റർ ജോർദാൻ ബേക്കർ വ്യക്തമാക്കി. മാധ്യമപ്രവർത്തകർക്ക് ഗവേഷണങ്ങൾക്കും ആശയങ്ങൾ രൂപീകരിക്കാനും എ.ഐ ഉപയോഗിക്കാമെങ്കിലും ഒരു ലേഖനം പൂർണ്ണമായി എഴുതാൻ എ.ഐ ഉപയോഗിക്കുന്നത് തങ്ങളുടെ നിലവാരത്തിന് നിരക്കുന്നതല്ലെന്നും, ലേഖനം എഴുതാൻ എ.ഐ ഉപയോഗിച്ച വിവരം പത്രത്തെ മുൻകൂട്ടി അറിയിച്ചിരുന്നില്ലെന്നും എഡിറ്റർ കുറ്റപ്പെടുത്തി. ഈ സംഭവം മാധ്യമലോകത്ത് വലിയ ചർച്ചകൾക്ക് വഴിതുറന്നിട്ടുണ്ട്.

SCROLL FOR NEXT