Supplied: NSW government 
New South Wales

സിഡ്‌നിയിൽ വീട് സ്വന്തമാക്കൽ കിട്ടാക്കനി; ഭവന ഉടമസ്ഥത നിരക്ക് 70 വർഷത്തെ ഏറ്റവും താഴ്ന്ന നിലയിൽ

ദേശീയതലത്തിൽ ഭവന ഉടമസ്ഥത നിരക്ക് 66.3 ശതമാനത്തിൽ നിന്ന് 65.9 ശതമാനമായി കുറഞ്ഞതിന് പ്രധാന കാരണം സിഡ്‌നിയും ന്യൂ സൗത്ത് വെയ്‌ൽസിലെ (NSW) മറ്റ് പ്രാദേശിക മേഖലകളുമാണ്.

Elizabath Joseph

സിഡ്‌നി: ഓസ്‌ട്രേലിയയിലെ ഏറ്റവും വലിയ നഗരമായ സിഡ്‌നിയിൽ സ്വന്തമായി ഒരു വീടെന്നത് സാധാരണക്കാർക്ക് സ്വപ്നം മാത്രമാകുന്നു. കഴിഞ്ഞ 70 വർഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ ഭവന ഉടമസ്ഥത നിരക്കിലേക്കാണ് (Home Ownership Rate) സിഡ്‌നി കൂപ്പുകുത്തിയത്. പ്രമുഖ അക്കൗണ്ടിംഗ് സ്ഥാപനമായ കെപിഎംജി പുറത്തുവിട്ട ഏറ്റവും പുതിയ പഠന റിപ്പോർട്ട് പ്രകാരം സിഡ്‌നിയിലെ ഭവന ഉടമസ്ഥത നിരക്ക് 2021-ലെ 61.1 ശതമാനത്തിൽ നിന്നും 2025-ൽ 59.9 ശതമാനമായി കുത്തനെ ഇടിഞ്ഞു. 1950-കളുടെ അവസാനത്തിന് ശേഷം നഗരം സാക്ഷ്യം വഹിക്കുന്ന ഏറ്റവും കുറഞ്ഞ നിരക്കാണിത്.

ദേശീയതലത്തിൽ ഭവന ഉടമസ്ഥത നിരക്ക് 66.3 ശതമാനത്തിൽ നിന്ന് 65.9 ശതമാനമായി കുറഞ്ഞതിന് പ്രധാന കാരണം സിഡ്‌നിയും ന്യൂ സൗത്ത് വെയ്‌ൽസിലെ (NSW) മറ്റ് പ്രാദേശിക മേഖലകളുമാണ്. സിഡ്‌നിയിലെ ശരാശരി വീടുവിലയായ 1.2 മില്യൺ ഡോളർ എന്നത് ഇവിടുത്തെ ശരാശരി കുടുംബ വരുമാനത്തിന്റെ (108,000 ഡോളർ) പത്തിരട്ടിയിലധികമാണ്. ഇത് യുവാക്കളെയും നേഴ്‌സ്മാർ ഉൾപ്പെടെയുള്ള സാധാരണ ജീവനക്കാരെയും ഭവന വിപണിയിൽ നിന്ന് പൂർണ്ണമായി അകറ്റിനിർത്തുന്നു.

അതേസമയം ന്യൂ സൗത്ത് വെയ്‌ൽസിന് പുറത്ത് മറ്റ് സംസ്ഥാനങ്ങളിൽ ഭവന വിപണിയിൽ നല്ല മുന്നേറ്റമാണ് ദൃശ്യമാകുന്നത്. കുറഞ്ഞ പലിശനിരക്കും എവിടെയിരുന്നും ജോലി ചെയ്യാനുള്ള സൗകര്യവും (Remote Working) പ്രയോജനപ്പെടുത്തി ആളുകൾ മറ്റ് സംസ്ഥാനങ്ങളിലേക്ക് മാറിയതാണ് ഇതിന് കാരണം. ക്വീൻസ്‌ലാൻഡിൽ ഭവന ഉടമസ്ഥത 63.9-ൽ നിന്ന് 64.9 ശതമാനമായും, വെസ്റ്റേൺ ഓസ്‌ട്രേലിയയിൽ ഇത് 69.2-ൽ നിന്ന് 69.9 ശതമാനമായും വർദ്ധിച്ചു. വിക്ടോറിയയിൽ നിരക്ക് 68.7 ശതമാനമായി മാറ്റമില്ലാതെ തുടരുന്നു. കഴിഞ്ഞ ജൂൺ മാസത്തിൽ സിഡ്‌നി, മെൽബൺ, കാൻബെറ, പെർത്ത് എന്നീ നഗരങ്ങളിൽ വീടുവിലയിൽ 0.3 ശതമാനത്തിന്റെ താൽക്കാലിക കുറവുണ്ടായെങ്കിലും, വാർഷികാടിസ്ഥാനത്തിൽ ദേശീയ തലത്തിൽ വില 5.8 ശതമാനം ഉയർന്നുതന്നെയാണ് നിൽക്കുന്നത്. എങ്കിലും ആദ്യമായി വീട് വാങ്ങുന്നവർക്കുള്ള വായ്പകളുടെ എണ്ണത്തിലും പുതിയ നിർമ്മാണങ്ങളിലും ഉണ്ടായ വർദ്ധനവ് പ്രതീക്ഷ നൽകുന്നതാണെന്ന് സാമ്പത്തിക വിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നു.

SCROLL FOR NEXT