ഒക്ടോബർ മാസത്തിൽ കനത്ത ചൂടിലൂടെ കടന്നു പോവുകയാണ് സിഡ്നി. നഗരപ്രാന്തപ്രദേശങ്ങൾ താപനിലയിൽ റെക്കോര്‍ഡ് സൃഷ്ടിച്ചിരിക്കുകയാണ്. രാവിലെ ബുദ്ധിമുട്ടിപ്പിക്കാത്ത വിധത്തിലുള്ള താപനിലയായിരുന്നുവെങ്കിൽ ഉച്ചയോടെ അത് കനത്ത ചൂടിലേക്ക് മാറി. നഗരത്തിന്റെ പടിഞ്ഞാറുള്ള പെൻറിത്തിൽ 39.5 ഡിഗ്രിയും നഗരത്തിന്റെ തെക്ക്-പടിഞ്ഞാറൻ ഭാഗത്തുള്ള ബാങ്ക്‌സ്‌ടൗണിൽ 39.8 ഡിഗ്രിയും താപനില ഉയർന്നു. ഇതോടെ രണ്ട് പ്രദേശത്തും ഏറ്റവും ചൂടേറിയ ദിവസമായി മാറി.
അതേസമയം, ന്യൂ സൗത്ത് വെയിൽസിന്‍റെ ചില ഭാഗങ്ങളിൽ ശക്തമായ കാറ്റും കുതിച്ചുയരുന്ന ചൂടും കൂടിച്ചേർന്നതോടെ ഗുരുതരമായ തീപിടുത്ത അപകടങ്ങൾ ഉണ്ടാക്കുന്നതിനാൽ അഗ്നിശമന സേനാംഗങ്ങൾ ജാഗ്രത പാലിക്കുന്നു. ഇല്ലവാര, ഷോൾഹാവൻ, അപ്പർ സെൻട്രൽ വെസ്റ്റ് പ്ലെയിൻസ്, ഗ്രേറ്റർ ഹണ്ടർ, ഗ്രേറ്റർ സിഡ്‌നി മേഖലകൾ ഉൾപ്പെടെ സംസ്ഥാനത്തിന്റെ ചില ഭാഗങ്ങളിൽ സമ്പൂർണ തീപിടുത്ത നിരോധനം നിലവിലുണ്ട്.
ന്യൂ സൗത്ത് വെയിൽസ് ക്വീൻസ്‌ലാൻഡ് എന്നിവിടങ്ങളിൽ റെക്കോർഡുകൾ ഭേദിച്ചാണ് താപനില ഉയരുന്നത്. കഴിഞ്ഞ ദിവസം താപനില 40 ഡിഗ്രിക്ക് മുകളിലാണ് ഉയർന്നത്, ദക്ഷിണ ഓസ്‌ട്രേലിയയുടെ അതിർത്തിക്കടുത്തുള്ള ക്വീൻസ്‌ലാൻഡ് ഔട്ട്‌ബാക്കിലുള്ള ബേർഡ്‌സ്‌വില്ലെയിൽ 46.1 ഡിഗ്രി രേഖപ്പെടുത്തി, 1995-ൽ സ്ഥാപിച്ച മുൻ റെക്കോർഡിനേക്കാൾ ഒരു ഡിഗ്രി കൂടുതലാണിത്.