സിഡ്‌നി: സിഡ്‌നി അന്താരാഷ്ട്ര വിമാനത്താവളത്തിലെ മക്‌ഡൊണാൾഡ്‌സ് ഔട്ട്‌ലെറ്റിന്റെ ഡിസൈൻ ശ്രദ്ധയാകർഷിക്കുന്നു. അടുക്കള മുകളിലത്തെ നിലയിൽ നിർമ്മിച്ച് കൺവെയർ ബെൽറ്റ് സംവിധാനത്തിലൂടെ താഴെയുള്ള കസ്റ്റമർക്ക് ഭക്ഷണം എത്തിക്കുന്നതാണ് പ്രത്യേകത. സിഡ്‌നിയിലെ അന്താരാഷ്ട്ര വിമാനത്താവളത്തിലെ മക്‌ഡൊണാൾഡ്‌സ് ഔട്ട്‌ലെറ്റിന്റെ വീഡിയോ ഫോട്ടോഗ്രാഫർ ഗാരി ഇൻസ്റ്റാഗ്രാമിൽ പങ്കിട്ടതോടെയാണ് വീണ്ടും ഔട്ട്ലൈറ്റ് ശ്രദ്ധയാകർഷിക്കുന്നത്.55 രാജ്യങ്ങളിലെ നിരവധി ഔട്ട്‌ലെറ്റുകൾ സന്ദർശിച്ചതിന് ശേഷം അദ്ദേഹം ഇതിനെ "ഏറ്റവും മികച്ച വിമാനത്താവളം മക്‌ഡൊണാൾഡ്‌സ്" എന്നാണ് വിശേഷിപ്പിച്ചത്.
ടെർമിനൽ 1 ലെ "ഫ്ലോട്ടിംഗ് കിച്ചണിലെ" മഞ്ഞ ഗ്ലാസ് ഘടനയിലൂടെ ഓർഡറുകൾ താഴെ എത്തുമ്പോൾ മുകളിൽ ഭക്ഷണം ഉണ്ടാക്കുന്ന ജീവനക്കാരെ കാണാൻ കസ്റ്റമേഴ്സിന് സാധിക്കും. കസ്റ്റമേഴ്സ് ഡിപ്പാർച്ചർ ലോഞ്ചിൽ ഓർഡറുകൾ നൽകുന്നു, ഭക്ഷണം ബെൽറ്റിലൂടെ സഞ്ചരിച്ച് എത്തുന്നു- ഇതാണ് രീതി. ഭക്ഷണം ഉണ്ടാക്കി ബാഗുകളിൽ എത്തിച്ചുകഴിഞ്ഞാൽ, രണ്ടാം നിലയിൽ നിന്ന് താഴെ കാത്തിരിക്കുന്ന ഉപഭോക്താക്കൾക്ക് ബാഗുകൾ എത്തിക്കുന്ന ഒരു ഓട്ടോമേറ്റഡ് കൺവെയർ ബെൽറ്റ് സിസ്റ്റം വഴി ഓർഡറുകൾ സ്വീകരിക്കും. 2018 ൽ തുറന്നതിനുശേഷം, മഞ്ഞ നിറത്തിലുള്ള അടുക്കളയും ഫ്യൂച്ചറിസ്റ്റിക് കൺവെയർ ബെൽറ്റ് സംവിധാനവും കാരണം യാത്രക്കാർക്കും ഇൻസ്റ്റാഗ്രാം പ്രേമികൾക്കും ഈ ഔട്ട്‌ലെറ്റ് ഒരു ജനപ്രിയ ഫോട്ടോ സ്പോട്ടായി മാറി.