സിഡ്‌നി: നാല് ആഴ്ച പ്രായമുള്ള മകൻ സണ്ണിയുമായി പ്രഭാത ടെലിവിഷൻ പരിപാടിയായ Todayയിലേക്ക് തിരിച്ചെത്തി അവതാരക സാറ അബോ. പ്രസവാവധിയെടുത്ത് ഷോയിൽ നിന്ന് വിട്ടുനിന്ന ശേഷമാണ് പ്രത്യേക അതിഥിയായ മകനെയും കൈകളിലേന്തി സാറ വീണ്ടും സ്റ്റുഡിയോയിലെത്തിയത്. സാറ അബോയും ഭർത്താവായ സൈറസ് മോറനും ജൂലൈ മധ്യത്തിലാണ് മകൻ സണ്ണിയെ വരവേറ്റത്. ആരോഗ്യപരമായ ചില കാരണങ്ങളെത്തുടർന്ന് സാറ നേരത്തെ തന്നെ പ്രസവാവധിയിലേക്ക് പ്രവേശിച്ചിരുന്നു.
സണ്ണിയെക്കുറിച്ച് സംസാരിക്കവെ താൻ മകനോട് “വല്ലാതെ അടുപ്പത്തിലായിരിക്കുകയാണ്” എന്ന് സാറ പറഞ്ഞു. കുഞ്ഞ് ജനിച്ചതോടെ ജീവിതത്തെക്കുറിച്ചുള്ള തന്റെ കാഴ്ചപ്പാട് തന്നെ മാറിയെന്നും അവർ വ്യക്തമാക്കി. “മറ്റൊന്നും പ്രധാനമല്ലെന്ന് തോന്നും. അവൻ തന്നെയാണ് എന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട കാര്യം,” സാറ പറഞ്ഞു.
കുഞ്ഞ് നന്നായി ഭക്ഷണം കഴിക്കുകയും ഉറങ്ങുകയും ചെയ്യുന്നുണ്ടെന്നും കുടുംബം പുതിയ ദിനചര്യയുമായി പൊരുത്തപ്പെട്ടുവെന്നും സാറ വ്യക്തമാക്കി. Todayയിലെ നേരത്തെയുള്ള ജോലിസമയം മാതൃത്വത്തിലും സഹായിക്കുന്നുണ്ടെന്നും അവർ തമാശയായി പറഞ്ഞു.
“ഈ ജോലി തീർച്ചയായും നിങ്ങളെ ഇതിന് തയ്യാറാക്കും. ഇവിടെ ജോലി ചെയ്യുമ്പോൾ ഉറക്കം കുറവാണെന്ന് കരുതിയിരുന്നു. പക്ഷേ ഇപ്പോൾ പറയാം, ഒരു കുഞ്ഞുള്ളപ്പോൾ ഉറക്കം വളരെ വിലപ്പെട്ടതാണ്,” സാറ ചിരിച്ചുകൊണ്ട് പറഞ്ഞു. അതേസമയം, ഓഗസ്റ്റ് 16ന് നടക്കുന്ന Logies പുരസ്‌കാര ചടങ്ങിൽ സാറ സണ്ണിയില്ലാതെ പങ്കെടുക്കും. ചടങ്ങിനായി മെൽബൺ ഡിസൈനർ സോണിയ കാപ്പെലാസോ ഒരുക്കുന്ന ഗൗൺ ഉൾപ്പെടെ പ്രത്യേക തയ്യാറെടുപ്പുകളാണ് നടക്കുന്നതെന്നും സാറ പറഞ്ഞു. 2026ലെ Logiesൽ Today Best Current Affairs Program വിഭാഗത്തിൽ നാമനിർദേശം നേടിയിട്ടുണ്ട്. സാറ അബോയ്ക്ക് Ray Martin Award for Most Popular News or Public Affairs Presenter വിഭാഗത്തിലും നാമനിർദേശമുണ്ട്.