(AP Photo/Jeff Chiu)
New South Wales

NSW സർക്കാർ വെബ്സൈറ്റിലും ഓപ്പൺഎഐ ഏജന്റിന്റെ അനധികൃത പ്രവേശനം

ഓപ്പൺഎഐ സംഭവം സ്ഥിരീകരിച്ച് ഒക്ടോബർ ഒന്നിന് NSW സർക്കാരിനെ അറിയിച്ചതായും പ്രസ്താവനയിൽ പറയുന്നു.

Safvana Jouhar

ഓപ്പൺഎഐയുടെ ഒരു എഐ ഏജന്റ് ജൂണിൽ ന്യൂ സൗത്ത് വെയിൽസ് (NSW) സർക്കാരിന്റെ മറ്റൊരു വെബ്സൈറ്റിലും അനധികൃതമായി പ്രവേശിച്ചതായി റിപ്പോർട്ട്. സംഭവത്തെക്കുറിച്ച് സർക്കാർ അറിയുന്നത് ഒക്ടോബർ ഒന്നിനാണ്. NSW പ്രീമിയറുടെ ഓഫീസ് വെള്ളിയാഴ്ച രാത്രി പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. NSW സർക്കാർ വെബ് ആപ്ലിക്കേഷനിലെ പൊതുവായി ലഭ്യമായ വിവരങ്ങളിലേക്ക് ഒരു ‘റോഗ് എഐ ഏജന്റ്’ പ്രവേശിച്ചതുമായി ബന്ധപ്പെട്ട് ‘misalignment’ ഉണ്ടായതായി ഓപ്പൺഎഐ സർക്കാരിനെ അറിയിക്കുകയായിരുന്നു.

NSW National Parks and Wildlife Service-ന്റെ വെബ് ആപ്ലിക്കേഷനാണ് എഐ മോഡൽ ഉപയോഗിച്ചതെന്ന് സർക്കാർ അറിയിച്ചു. NSWയിലെ തീപിടിത്തങ്ങളുമായി ബന്ധപ്പെട്ട ചരിത്ര വിവരങ്ങളും ഡാറ്റയും ഈ ആപ്ലിക്കേഷനിലുണ്ടായിരുന്നു. 2026 ജൂണിലാണ് സംഭവം നടന്നതെന്നാണ് കരുതുന്നത്. ഓപ്പൺഎഐ സംഭവം സ്ഥിരീകരിച്ച് ഒക്ടോബർ ഒന്നിന് NSW സർക്കാരിനെ അറിയിച്ചതായും പ്രസ്താവനയിൽ പറയുന്നു. നിലവിലെ അന്വേഷണത്തിൽ വ്യക്തിഗത വിവരങ്ങളിലേക്ക് അനധികൃത പ്രവേശനം നടന്നതായി കണ്ടെത്തിയിട്ടില്ല. NSW Department of Climate Change, Energy, the Environment and Water (DCCEEW), Cyber Security NSW, സാങ്കേതിക സേവനദാതാവ് എന്നിവർ ചേർന്ന് സംഭവത്തെക്കുറിച്ചും അതിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ചും അന്വേഷണം നടത്തുകയാണ്.

ജൂണിൽ തന്നെ ഓപ്പൺഎഐയുടെ ഏജന്റുമാർ നാല് ഓസ്‌ട്രേലിയൻ സർക്കാർ ഏജൻസികളിലെ ഡാറ്റയിലേക്ക് പ്രവേശിക്കുകയോ പ്രവേശിക്കാൻ ശ്രമിക്കുകയോ ചെയ്തതായി പ്രധാനമന്ത്രി ആന്തണി അൽബനീസ് കഴിഞ്ഞ ആഴ്ച വെളിപ്പെടുത്തിയിരുന്നു. Medicare ഡാറ്റ ഉൾപ്പെടെയുള്ള വിവരങ്ങളാണ് ഇതിൽ ഉൾപ്പെട്ടിരുന്നത്. NSW Bureau of Crime Statistics and Research (BOCSAR), Victorian Department of Health, Australian Institute of Health and Welfare എന്നിവയും ബാധിക്കപ്പെട്ട സ്ഥാപനങ്ങളിൽ ഉൾപ്പെടുന്നു. BOCSAR-ന്റെ കാര്യത്തിൽ എഐ മോഡൽ വെബ്സൈറ്റിന്റെ മെറ്റാഡാറ്റ ആവശ്യപ്പെടുകയും അതിലേക്ക് പ്രവേശിക്കുകയും ചെയ്തെങ്കിലും വ്യക്തികളുടെ കുറ്റകൃത്യ രേഖകളിലേക്ക് പ്രവേശിച്ചിട്ടില്ല.

Medicare ഡാറ്റയുമായി ബന്ധപ്പെട്ട സംഭവത്തെക്കുറിച്ച് സെപ്റ്റംബർ 10ന് Services Australiaയുടെ പൊതുവായ ഇമെയിൽ വിലാസത്തിലേക്ക് ഓപ്പൺഎഐ മുന്നറിയിപ്പ് നൽകിയിരുന്നു. ഓഗസ്റ്റിൽ തന്നെ കമ്പനി സംഭവത്തെക്കുറിച്ച് അറിഞ്ഞിരുന്നതായാണ് റിപ്പോർട്ട്. സംഭവങ്ങളിൽ വ്യക്തിഗത വിവരങ്ങൾ പുറത്തായിട്ടില്ലെന്നും അധികൃതർ വ്യക്തമാക്കി. ‘How we will do better for Australia’ എന്ന തലക്കെട്ടിലുള്ള ബ്ലോഗ് പോസ്റ്റിൽ, ആഭ്യന്തര പരിശീലനത്തിന്റെയും മൂല്യനിർണയത്തിന്റെയും ഭാഗമായി തങ്ങളുടെ എഐ ഏജന്റ് ഓസ്‌ട്രേലിയൻ സർക്കാർ വെബ്സൈറ്റുകളിൽ അനുമതിയില്ലാത്ത രീതിയിൽ പ്രവേശിച്ചതായി ഓപ്പൺഎഐ സമ്മതിച്ചിരുന്നു. സംഭവത്തോടുള്ള പ്രതികരണം കൂടുതൽ മെച്ചപ്പെട്ട രീതിയിൽ കൈകാര്യം ചെയ്യേണ്ടിയിരുന്നുവെന്നും കമ്പനി വ്യക്തമാക്കിയിരുന്നു.

ഇതിന് പിന്നാലെ ‘legacy systems’ എന്നറിയപ്പെടുന്ന പഴയ സംവിധാനങ്ങളുടെ സുരക്ഷയും ദൗർബല്യങ്ങളും അടിയന്തരമായി പരിശോധിക്കാൻ എല്ലാ ഓസ്‌ട്രേലിയൻ സർക്കാർ ഏജൻസികൾക്കും ചൊവ്വാഴ്ച നിർദേശം നൽകി. “എഐ അതിവേഗത്തിൽ പ്രവർത്തന സാഹചര്യങ്ങളെ മാറ്റുകയാണ്. സർക്കാർ സംവിധാനങ്ങളും അതിനനുസരിച്ച് മുന്നേറണം,” ആക്ടിങ് ആഭ്യന്തരകാര്യ മന്ത്രി റിച്ചാർഡ് മാർൾസ് പറഞ്ഞു. പഴയ സംവിധാനം തകരുന്നതുവരെ കാത്തിരിക്കാതെ, അതിലെ സുരക്ഷാ ദൗർബല്യങ്ങൾ നേരത്തെ കണ്ടെത്തി പരിഹരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

SCROLL FOR NEXT