ഓസ്ട്രേലിയയിലെ പ്രാദേശിക മേഖലകളിൽ താമസിക്കുന്നവർക്ക് സ്വന്തം സംസ്ഥാനത്തിനുള്ളിൽ വിമാനയാത്ര നടത്താൻ പോലും അമിത തുക ചെലവഴിക്കേണ്ടിവരുന്നതായി പ്രൊഡക്ടിവിറ്റി കമ്മീഷന്റെ ഇടക്കാല റിപ്പോർട്ട്. പ്രധാന നഗരങ്ങൾക്കിടയിലെ വിമാനസർവീസുകളെ അപേക്ഷിച്ച് പ്രാദേശിക ഹ്രസ്വദൂര സർവീസുകൾക്ക് കിലോമീറ്റർ അടിസ്ഥാനത്തിൽ ശരാശരി 173 ശതമാനം അധിക നിരക്കാണ് ഈടാക്കുന്നതെന്ന് റിപ്പോർട്ട് കണ്ടെത്തി. കൽഗൂർലിയിൽനിന്ന് പെർത്തിലേക്ക് ഒരു മണിക്കൂർ ദൈർഘ്യമുള്ള യാത്രയ്ക്ക് നാലംഗ കുടുംബം 3,200 ഓസ്ട്രേലിയൻ ഡോളർ ചെലവഴിച്ചതായി റിപ്പോർട്ടിൽ പറയുന്നു. യൂറോപ്പിലേക്കുള്ള ഒരു മടക്കയാത്രാ ടിക്കറ്റിന്റെ വിലയ്ക്ക് തുല്യമാണിത്. പ്രാദേശിക വിമാനനിരക്കുകളെക്കുറിച്ച് നിരവധി സമൂഹങ്ങൾ പരാതിപ്പെടുന്നുണ്ടെന്ന് കമ്മീഷണർ കാതറിൻ ഡി ഫോണ്ടനേ പറഞ്ഞു. മുൻപ് സർക്കാർ തലത്തിൽ അന്വേഷണം നടത്തിയിട്ടുണ്ടെങ്കിലും നിരക്കുകൾ നിർണയിക്കുന്ന ഘടകങ്ങൾ മനസ്സിലാക്കാൻ ആവശ്യമായ വിവരങ്ങളും തെളിവുകളും ലഭ്യമായിരുന്നില്ലെന്നും അവർ വ്യക്തമാക്കി. ഫെഡറൽ ട്രഷറർ ജിം ചാൽമേഴ്സിന്റെ നിർദേശപ്രകാരം തയ്യാറാക്കിയ റിപ്പോർട്ട് പുറത്തുവന്നത് ഇന്ധനവിലയും യാത്രക്കാരുടെ കുറവും കാരണം രാജ്യത്തുടനീളം വിമാനക്കമ്പനികൾ പ്രാദേശിക സർവീസുകൾ നിർത്തലാക്കുന്നതിനിടെയാണ്.
അമിത നിരക്ക് കുടുംബങ്ങളെ വേർപിരിക്കുന്നു
Determinants of Regional Airfares എന്ന റിപ്പോർട്ടിനായി നൂറിലധികം നിർദേശങ്ങളും അഭിപ്രായങ്ങളും ലഭിച്ചു. അമിത വിമാനനിരക്ക് കുടുംബങ്ങൾക്കും വിദൂര മേഖലകളിലെ സമൂഹങ്ങൾക്കും ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങൾ ഇതിൽ വ്യക്തമാക്കുന്നുണ്ട്. വടക്കൻ ടെറിട്ടറിയിലെ യാലു അബോറിജിനൽ കോർപ്പറേഷൻ, ഉയർന്ന വിമാനനിരക്കുകൾ കാരണം സംരക്ഷണ കേന്ദ്രങ്ങളിൽ കഴിയുന്ന കുട്ടികൾക്ക് കുടുംബാംഗങ്ങളുമായി ബന്ധം നിലനിർത്താൻ കഴിയുന്നില്ലെന്ന് ചൂണ്ടിക്കാട്ടി. കുടുംബത്തിൽനിന്നുള്ള അകൽച്ച കുട്ടികളുടെ ജീവിതത്തെ ദീർഘകാലം പ്രതികൂലമായി ബാധിക്കുമെന്നും സംഘടന വ്യക്തമാക്കി.
ന്യൂ സൗത്ത് വെയിൽസിലെ റീജിയണൽ ഡെവലപ്മെന്റ് ഓസ്ട്രേലിയ മിഡ് നോർത്ത് കോസ്റ്റ്, അവസാന നിമിഷം ടിക്കറ്റ് ബുക്ക് ചെയ്യേണ്ടിവരുന്ന കുടുംബങ്ങൾക്ക് യാത്രാചെലവ് താങ്ങാനാകാത്ത സാഹചര്യമുണ്ടെന്ന് അറിയിച്ചു. കുട്ടികളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട തർക്കങ്ങളിൽ മാതാപിതാക്കൾക്ക് കോടതി നടപടികൾ, മധ്യസ്ഥ ചർച്ചകൾ, കുട്ടികളുമായുള്ള മേൽനോട്ടത്തിലുള്ള കൂടിക്കാഴ്ചകൾ എന്നിവയിൽ പങ്കെടുക്കാൻ വിമാനടിക്കറ്റ് നിരക്ക് തടസ്സമാകുന്നുവെന്നും സംഘടന ചൂണ്ടിക്കാട്ടി. ഇത്തരം കൂടിക്കാഴ്ചകൾ മുടങ്ങുന്നത് കുട്ടികളെ കുടുംബത്തിൽനിന്ന് മാറ്റിനിർത്തുന്നതുൾപ്പെടെയുള്ള പ്രതികൂല നിയമനടപടികൾക്ക് കാരണമായേക്കാമെന്നും മുന്നറിയിപ്പ് നൽകി.
ഗുരുതരമായ ആരോഗ്യപ്രശ്നവുമായി ബന്ധപ്പെട്ട ചികിത്സയ്ക്കായി മകളെ വിമാനത്തിൽ കൊണ്ടുപോകാൻ പണമില്ലാത്ത ഒരു വിദൂര പ്രദേശവാസിയുടെ അനുഭവവും റിപ്പോർട്ടിലുണ്ട്. രോഗികൾക്കുള്ള യാത്രാസഹായ പദ്ധതിയായ Patient Assistance Transport Scheme (PATS) ചെലവ് വഹിക്കാത്തതിനാൽ മകളെ ആവശ്യമായ ചില ചികിത്സകൾക്കായി കൊണ്ടുപോകാൻ കഴിഞ്ഞില്ലെന്ന് അദ്ദേഹം അറിയിച്ചു. പശ്ചിമ ഓസ്ട്രേലിയയിലെ മറ്റൊരു താമസക്കാരൻ, സംസ്ഥാന സർക്കാർ പ്രാദേശിക വിമാനനിരക്കുകൾക്ക് പരിധി ഏർപ്പെടുത്തുന്ന പദ്ധതി ഉണ്ടായിട്ടും പെർത്തിലേക്കുള്ള മടക്കയാത്രയ്ക്ക് ഏകദേശം 600 ഡോളർ ചെലവാകുന്നതായി വ്യക്തമാക്കി.
മത്സരക്കുറവും പ്രവർത്തനച്ചെലവും നിരക്ക് ഉയർത്തുന്നു
2025ൽ പ്രാദേശിക, വിദൂര മേഖലകളിലെ 90 ശതമാനത്തിലധികം യാത്രക്കാരും ക്വാണ്ടാസ് ഗ്രൂപ്പിന്റെയോ വിർജിൻ ഓസ്ട്രേലിയയുടെയോ വിമാനങ്ങളിലാണ് യാത്ര ചെയ്തത്. 72 ശതമാനം റൂട്ടുകളിലും ഒരു വിമാനക്കമ്പനി മാത്രമാണ് സർവീസ് നടത്തുന്നതെന്നും റിപ്പോർട്ട് കണ്ടെത്തി. പ്രാദേശിക വിമാനസർവീസുകളുടെ പ്രവർത്തനച്ചെലവും കൂടുതലാണ്. ഇന്ധനം, അറ്റകുറ്റപ്പണി, വിമാനത്താവള ഫീസ് എന്നിവയുൾപ്പെടെയുള്ള ചെലവുകൾക്കായി ലഭിക്കുന്ന ഓരോ ഡോളറിലും ഏകദേശം 91 സെന്റും ചെലവാകുന്നതായി റിപ്പോർട്ട് പറയുന്നു. പ്രാദേശിക, വിദൂര റൂട്ടുകളിൽ പകുതിയിലും ആഴ്ചയിൽ പത്തോ അതിൽ കുറവോ സർവീസുകളാണുള്ളതെന്ന് കമ്മീഷണർ മാർട്ടിൻ സ്റ്റോക്കി പറഞ്ഞു. മൂന്നിലൊന്നിലധികം സീറ്റുകൾ ഒഴിഞ്ഞുകിടക്കുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി. ഉയർന്ന നിരക്ക് ഈടാക്കുകയോ നഷ്ടത്തിൽ സർവീസ് നടത്തുകയോ എന്ന തിരഞ്ഞെടുപ്പാണ് വിമാനക്കമ്പനികൾക്ക് മുന്നിലുള്ളതെന്നും അദ്ദേഹം പറഞ്ഞു.
എന്നാൽ റൂട്ടുകൾക്കനുസരിച്ച് ലാഭത്തിൽ വലിയ വ്യത്യാസമുണ്ട്. ഖനന മേഖലയിലേക്കുള്ള സർവീസുകൾ കൂടുതൽ ലാഭകരമാണ്. യാത്രക്കാർ കുറവുള്ള ചില ഹ്രസ്വദൂര വിദൂര റൂട്ടുകളിൽ ലാഭവിഹിതം അഞ്ച് ശതമാനത്തിൽ താഴെയാണ്. നഗരങ്ങൾക്കിടയിലെ സർവീസുകൾ വ്യാപിപ്പിച്ചതിന് പിന്നാലെ പ്രാദേശിക വിമാനക്കമ്പനിയായ റെക്സ് 2024ൽ ഭരണനടപടികൾക്ക് വിധേയമായി. ആഴ്ചയിൽ ഏകദേശം 10 ലക്ഷം ഡോളർ നഷ്ടമുണ്ടായിരുന്ന കമ്പനി, ഉയർന്ന പ്രവർത്തനച്ചെലവും ക്വാണ്ടാസ്, വിർജിൻ എന്നിവയുമായുള്ള മത്സരത്തിലെ ബുദ്ധിമുട്ടുകളും പ്രതിസന്ധിക്ക് കാരണമായി ചൂണ്ടിക്കാട്ടിയിരുന്നു.
കഴിഞ്ഞ മാസം ഓസ്ട്രേലിയൻ വ്യോമയാന മേഖലയെക്കുറിച്ചുള്ള സെനറ്റ് അന്വേഷണത്തിനിടെ പ്രാദേശിക സർവീസുകൾ വെട്ടിക്കുറച്ചതിനെ ക്വാണ്ടാസ്, വിർജിൻ എക്സിക്യൂട്ടീവുകൾ ന്യായീകരിച്ചിരുന്നു. ഇന്ധനച്ചെലവ്, വിമാനങ്ങളുടെ ആവശ്യകത, വിമാനത്താവള ഫീസ് എന്നിവയാണ് പ്രാദേശിക സർവീസുകൾ ചെലവേറിയതാക്കുന്നതെന്ന് ക്വാണ്ടാസ് ഡൊമസ്റ്റിക് സിഇഒ മാർക്കസ് സ്വെൻസൺ പറഞ്ഞു. 197 ഡോളറിന്റെ ഒരു സാധാരണ ടിക്കറ്റ് നിരക്കിൽ ഏകദേശം 93 ഡോളറും സർക്കാർ, വിമാനത്താവളം, സുരക്ഷാ ഫീസുകൾക്കായാണ് ചെലവാകുന്നതെന്നും വിമാനത്തിന്റെ ചെലവ്, ജീവനക്കാരുടെ ശമ്പളം, ഇന്ധനം, അറ്റകുറ്റപ്പണി എന്നിവ ഇതിന് പുറമെയാണെന്നും അദ്ദേഹം വിശദീകരിച്ചു.
സർക്കാർ സഹായം വർധിപ്പിക്കണമെന്ന് ആവശ്യം
ചികിത്സയ്ക്കായി യാത്ര ചെയ്യുന്നവർക്ക് മുൻകൂർ ചെലവുകൾ വഹിക്കാൻ സർക്കാരുകൾ കൂടുതൽ സഹായം നൽകണമെന്നും വാണിജ്യാടിസ്ഥാനത്തിൽ സർവീസ് നടത്താൻ കഴിയാത്ത നിർണായക റൂട്ടുകൾക്ക് സബ്സിഡി നൽകണമെന്നും പ്രൊഡക്ടിവിറ്റി കമ്മീഷൻ ശുപാർശ ചെയ്തു. പ്രത്യേക വിമാനക്കമ്പനികളെ സഹായിക്കുന്നതിനുപകരം പ്രാദേശിക സമൂഹങ്ങൾ തമ്മിലുള്ള യാത്രാബന്ധം നിലനിർത്തുന്നതിനായിരിക്കണം സർക്കാർ സഹായം കേന്ദ്രീകരിക്കേണ്ടതെന്ന് കമ്മീഷണർ കാതറിൻ ഡി ഫോണ്ടനേ പറഞ്ഞു. കൂടുതൽ അഭിപ്രായങ്ങളും നിർദേശങ്ങളും സ്വീകരിക്കുന്ന കമ്മീഷൻ പൊതുഹിയറിങ്ങുകൾക്കായുള്ള രജിസ്ട്രേഷനും ക്ഷണിച്ചിട്ടുണ്ട്. അന്തിമ റിപ്പോർട്ട് 2027 ഏപ്രിലിൽ സമർപ്പിക്കും.