ABC Riverina: Jostina Basta ഓസ്ട്രേലിയന് റെഡ് ക്രോസ് ലൈഫ് ബ്ലഡ്
New South Wales

ബോണ്ടായി ഭീകരാക്രമണത്തിന് പിന്നാലെ റെക്കോർഡ് രക്തദാനം; NSWയിൽ പരിമിത അവസരങ്ങൾ

ബോണ്ടായി ബീച്ച് ആക്രമണത്തിനു പിന്നാലെ 24 മണിക്കൂറിനുള്ളിൽ രാജ്യത്താകെ റെക്കോർഡ് 7,810 പേർ രക്തദാനം നടത്തി.

Elizabath Joseph

ബോണ്ടായി ബീച്ച് ഭീകരാക്രമണത്തെ തുടർന്ന് രക്തദാനത്തിന് രാജ്യമാകെ വലിയ പ്രതികരണം ലഭിച്ചെങ്കിലും, റീജിയണൽ ന്യൂ സൗത്ത് വെയിൽസിലെ പലർക്കും രക്തം ദാനം ചെയ്യാൻ പരിമിതമായ അവസരങ്ങളാണ് ലഭിക്കുന്നതെന്ന് എബിസി ന്യൂസ് റിപ്പോർട്ട് ചെയ്തു.

ഓസ്‌ട്രേലിയൻ റെഡ് ക്രോസ് ലൈഫ്‌ബ്ലഡിന്റെ കണക്കുകൾ പ്രകാരം, ബോണ്ടായി ബീച്ച് ആക്രമണത്തിനു പിന്നാലെ 24 മണിക്കൂറിനുള്ളിൽ രാജ്യത്താകെ റെക്കോർഡ് 7,810 പേർ രക്തദാനം നടത്തി. ഇതിൽ 1,300 പേർ ആദ്യമായി രക്തം ദാനം ചെയ്യുന്നവരായിരുന്നു.

എന്നാൽ നഗരങ്ങളിൽ സ്ഥിരം രക്തദാന കേന്ദ്രങ്ങൾ ഒന്നിലധികം ഉണ്ടെങ്കിലും, റീജിയണൽ NSWയിലെ പല പ്രദേശങ്ങളും ലൈഫ്‌ബ്ലഡിന്റെ മൊബൈൽ ബസ് സേവനങ്ങളിലാണ് ആശ്രയിക്കുന്നത്. രാജ്യത്താകെ 350-ലധികം സമൂഹങ്ങൾക്കാണ് ഈ മൊബൈൽ കേന്ദ്രങ്ങൾ സേവനം നൽകുന്നത്. എന്നാൽ, ഇവയുടെ സന്ദർശനങ്ങൾ ഒരു മാസം മുതൽ ഒരു വർഷം വരെ ഇടവേളകളിൽ മാത്രമാണ് നടക്കുന്നത്.

ബാറ്റ്മാൻസ് ബെയിൽ താമസിക്കുന്ന ജെസിക്ക സ്വാൻ രക്തദാനം ചെയ്യാൻ ആഗ്രഹിച്ചെങ്കിലും, ജനുവരിയിലെ മൊബൈൽ ബസ് സന്ദർശനത്തിനുള്ള എല്ലാ അപ്പോയിന്റ്‌മെന്റുകളും പൂർണ്ണമായി ബുക്ക് ആയിരുന്നു. അതിനാൽ ഏപ്രിൽ വരെയാണ് അടുത്ത അവസരം.

“ട്രക്ക് പട്ടണത്തിൽ എത്തുമ്പോഴെല്ലാം ഞാൻ ദാനം ചെയ്യാൻ ശ്രമിക്കും. എന്നാൽ ചിലപ്പോൾ വീണ്ടും ബുക്ക് ചെയ്യേണ്ടിവന്നാൽ മൂന്ന് മാസം വരെ കാത്തിരിക്കണം,” അവർ പറഞ്ഞു.

ബാറ്റ്മാൻസ് ബെയിൽ നിന്ന് ഏറ്റവും അടുത്ത സ്ഥിരം കേന്ദ്രങ്ങൾ കാൻബറയിലോ (രണ്ട് മണിക്കൂർ യാത്ര) വൊല്ലോംഗോങ്ങിലോ (മൂന്ന് മണിക്കൂർ യാത്ര) ആണ്.

ഗ്രിഫിത്തിൽ താമസിക്കുന്ന മൈക്കൽ ടാർ പറഞ്ഞതനുസരിച്ച് അവിടെയും ഈ ആഴ്ച രക്തദാനം ചെയ്യാൻ സാധിച്ചില്ല. “ട്രക്ക് ഇല്ലാത്തതിനാൽ വാഗ്ഗാ വാഗ്ഗയിലേക്കോ ആൽബറിയിലേക്കോ യാത്ര ചെയ്യേണ്ടിവരും,” അദ്ദേഹം പറഞ്ഞു. ഗ്രിഫിത്തിനടുത്തുള്ള സ്ഥിരം കേന്ദ്രമായ വാഗ്ഗാ വാഗ്ഗയിലേക്കുള്ള യാത്ര നാലുമണിക്കൂർ റൗണ്ട് യാത്രയാണ്.

ബോണ്ടായി ആക്രമണത്തിന് ശേഷം ഉണ്ടായ രക്തദാന പ്രതികരണം തന്റെ 25 വർഷത്തെ സേവനത്തിനിടയിൽ കണ്ടതിൽ ഏറ്റവും ഉയർന്നതാണെന്ന്

വാഗ്ഗാ വാഗ്ഗയിലെ സ്ഥിരം ലൈഫ്‌ബ്ലഡ് കേന്ദ്രത്തിന്റെ മാനേജർ നീൽ റൈറ്റ് പറഞ്ഞു, “ഡിസംബർ 17ന് ഏകദേശം 100 പേർ ഇവിടെ രക്തദാനം നടത്തി. ഇത് ദിനലക്ഷ്യത്തേക്കാൾ 60 ശതമാനം അധികമാണ്,” അദ്ദേഹം പറഞ്ഞു.

പുതിയ രക്തദാന കേന്ദ്രങ്ങൾ ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട തീരുമാനങ്ങൾ ദേശീയതലത്തിൽ വിലയിരുത്തിയാണ് എടുക്കുന്നത്. സർക്കാർ ധനസഹായം, ജനസംഖ്യാ വളർച്ച, ജീവനക്കാരുടെ ലഭ്യത, സേവനപ്രാപ്യത, സിഡ്‌നിയിലെ പ്രോസസ്സിംഗ് കേന്ദ്രത്തിൽ നിന്നുള്ള ദൂരം തുടങ്ങിയ ഘടകങ്ങൾ ഇതിൽ ഉൾപ്പെടുന്നുവെന്ന് ലൈഫ്‌ബ്ലഡ് വക്താവ് ജെമ്മ ഫാൽക്കൻമയർ പറഞ്ഞു,

പുതുവത്സരത്തേക്കും രക്തവും പ്ലാസ്മയും ആവശ്യമുണ്ടാകുമെന്ന് ലൈഫ്‌ബ്ലഡ് അറിയിച്ചു. അതിനാൽ ആളുകൾ അപ്പോയിന്റ്‌മെന്റുകൾ തുടർച്ചയായി ബുക്ക് ചെയ്യണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു.

SCROLL FOR NEXT