പലസ്തീനികൾക്കെതിരെ വംശഹത്യക്ക് ആഹ്വാനം ചെയ്തെന്ന ആരോപണം നേരിടുന്ന ഇസ്രായേൽ പ്രസിഡന്റ് ഐസക് ഹെർസോഗിന്റെ ഓസ്‌ട്രേലിയൻ സന്ദർശനത്തിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധം. സിഡ്‌നിയിൽ തിങ്കളാഴ്ച നടന്ന പ്രതിഷേധ പ്രകടനത്തിൽ ആയിരക്കണക്കിന് ആളുകൾ പങ്കെടുത്തു. പ്രതിഷേധക്കാരെ പിരിച്ചുവിടാൻ പോലീസ് പെപ്പർ സ്പ്രേ പ്രയോഗിക്കുകയും സംഘർഷമുണ്ടാവുകയും ചെയ്തു.
കഴിഞ്ഞ വർഷം ബോണ്ട ബീച്ചിലുണ്ടായ വെടിവെപ്പിലെ ഇരകളെ ആദരിക്കുന്ന ചടങ്ങിൽ പങ്കെടുക്കാനാണ് ഹെർസോഗ് എത്തിയത്. എന്നാൽ, ഗാസയിൽ പതിനായിരക്കണക്കിന് പലസ്തീനികൾ കൊല്ലപ്പെട്ട സംഭവത്തിൽ ഹെർസോഗിന് ഉത്തരവാദിത്തമുണ്ടെന്ന് ആംനസ്റ്റി ഇന്റർനാഷണൽ അടക്കമുള്ള സംഘടനകൾ ആരോപിച്ചു. ഹെർസോഗ് വംശഹത്യക്ക് പ്രേരിപ്പിച്ചതായി ഐക്യരാഷ്ട്രസഭയുടെ അന്വേഷണ കമ്മീഷനും നേരത്തെ കണ്ടെത്തിയിരുന്നു.
ഹെർസോഗിനെ ഔദ്യോഗിക അതിഥിയായി സ്വീകരിക്കുന്നത് നീതിയോടുള്ള വെല്ലുവിളിയാണെന്ന് പ്രതിഷേധക്കാർ ചൂണ്ടിക്കാട്ടി. ജൂത കൗൺസിൽ ഓഫ് ഓസ്‌ട്രേലിയയിലെ ആയിരത്തിലധികം അംഗങ്ങൾ ഹെർസോഗിന്റെ സന്ദർശനം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി ആന്തണി ആൽബനീസിന് കത്തയച്ചു. കനത്ത സുരക്ഷയിലാണ് മെൽബണിലും കാൻബറയിലുമുള്ള അദ്ദേഹത്തിന്റെ ബാക്കി സന്ദർശന പരിപാടികൾ നടക്കുന്നത്.