New South Wales

സ്മാർട്ട് ഗ്ലാസുകൾക്ക് പുതിയ സ്വകാര്യതാ നിയമങ്ങൾ വേണ്ടിവരുമെന്ന് ഓസ്ട്രേലിയൻ പ്രൈവസി കമ്മീഷണർ

മെറ്റയുടെ റേ-ബാൻ സ്മാർട്ട് ഗ്ലാസുകളും കെമാർട്ടിന്റെ ആൻകോ സ്മാർട്ട് ഗ്ലാസുകളും പോലുള്ള ഉപകരണങ്ങൾ വ്യക്തികളുടെ സ്വകാര്യതയ്ക്ക് വലിയ വെല്ലുവിളിയാകുന്നുവെന്ന് അവർ ബ്ലോഗ് കുറിപ്പിലൂടെ വ്യക്തമാക്കി.

Safvana Jouhar

സിഡ്നി: ക്യാമറയുള്ള സ്മാർട്ട് ഗ്ലാസുകളും മറ്റ് ധരിക്കാവുന്ന (wearable) സാങ്കേതിക ഉപകരണങ്ങളും വ്യാപകമാകുന്നതോടെ ഓസ്ട്രേലിയയിൽ പുതിയ സ്വകാര്യതാ നിയമങ്ങൾ ആവശ്യമായി വന്നേക്കാമെന്ന് രാജ്യത്തിന്റെ പ്രൈവസി കമ്മീഷണർ കാർലി കൈൻഡ് മുന്നറിയിപ്പ് നൽകി. വെള്ളിയാഴ്ച പ്രസിദ്ധീകരിച്ച ബ്ലോഗ് കുറിപ്പിലാണ് മെറ്റയുടെ റേ-ബാൻ സ്മാർട്ട് ഗ്ലാസുകളും കെമാർട്ടിന്റെ ആൻകോ സ്മാർട്ട് ഗ്ലാസുകളും പോലുള്ള ഉപകരണങ്ങൾ വ്യക്തികളുടെ സ്വകാര്യതയ്ക്ക് വലിയ വെല്ലുവിളിയാകുന്നുവെന്ന് അവർ വ്യക്തമാക്കിയത്. ഇത്തരം ഉപകരണങ്ങൾ വ്യാപകമാകുന്നതോടെ, പൊതുസ്ഥലങ്ങളിലും സ്വകാര്യ ഇടങ്ങളിലും ആളുകൾ അറിയാതെയാണ് എപ്പോൾ വേണമെങ്കിലും ചിത്രീകരിക്കപ്പെടുകയോ വീഡിയോയോ ഓഡിയോയോ റെക്കോർഡ് ചെയ്യപ്പെടുകയോ ചെയ്യാനുള്ള സാഹചര്യം ഉണ്ടാകുമെന്ന് കാർലി കൈൻഡ് പറഞ്ഞു. ഭാവിയിൽ സ്മാർട്ട് ഗ്ലാസുകൾക്ക് പുറമെ ധരിക്കാവുന്ന ക്യാമറ പിൻകൾ, അത്യാധുനിക ഇയർബഡുകൾ തുടങ്ങിയ ഉപകരണങ്ങളും സമാന ആശങ്കകൾ സൃഷ്ടിക്കുമെന്നും അവർ ചൂണ്ടിക്കാട്ടി.

പ്രൈവസി കമ്മീഷണർ കാർലി കൈൻഡ്

നിലവിലെ ഓസ്ട്രേലിയൻ പ്രൈവസി ആക്ട് പ്രധാനമായും ബിസിനസ് സ്ഥാപനങ്ങൾക്കും സർക്കാർ ഏജൻസികൾക്കുമാണ് ബാധകമെന്നും, വ്യക്തികൾ ഉപയോഗിക്കുന്ന ഇത്തരം നിരീക്ഷണ ഉപകരണങ്ങളെ നിയന്ത്രിക്കാൻ പുതിയ നിയമങ്ങൾ ആവശ്യമാണോ എന്ന് സർക്കാർ ഗൗരവമായി പരിശോധിക്കേണ്ട സമയമാണിതെന്നും കമ്മീഷണർ അഭിപ്രായപ്പെട്ടു. നിരീക്ഷണ സാങ്കേതികവിദ്യകൾ ഉൾക്കൊള്ളുന്ന ധരിക്കാവുന്ന ഉപകരണങ്ങളെക്കുറിച്ച് തങ്ങളുടെ ഓഫീസ് സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും, ഇത്തരം ഉപകരണങ്ങളുടെ സാങ്കേതിക സവിശേഷതകൾ മനസ്സിലാക്കുന്നതിനായി ഈ വർഷം കുറഞ്ഞത് രണ്ട് തവണ ഒരു കമ്പനിയുമായി ചർച്ച നടത്തിയതായും അവർ വെളിപ്പെടുത്തി. സാങ്കേതിക കമ്പനികളിലുള്ള പൊതുജനങ്ങളുടെ വിശ്വാസം ഇപ്പോൾ വളരെ താഴ്ന്ന നിലയിലാണെന്നും, അതിനാൽ ഇത്തരം പുതിയ സാങ്കേതികവിദ്യകൾക്ക് സമൂഹത്തിന്റെ അംഗീകാരം നേടാൻ ഉയർന്ന നിലവാരത്തിലുള്ള സ്വകാര്യതാ സംരക്ഷണം ഉറപ്പാക്കേണ്ടതുണ്ടെന്നും കാർലി കൈൻഡ് കൂട്ടിച്ചേർത്തു.

SCROLL FOR NEXT