ക്രിസ്മസിന് മുമ്പ് ന്യൂ സൗത്ത് വെയിൽസിൽ മൂന്ന് മാസത്തിനിടയിലെ ഏറ്റവും വ്യാപകമായ Levi Meir Clancy/ Unsplash
New South Wales

മൂന്ന് മാസത്തിനിടയിലെ ഏറ്റവും വ്യാപകമായ മഴ: NSWലെ കാട്ടുതീ ഭീഷണി താത്കാലികമായി കുറയാൻ സാധ്യത

എന്നാൽ ആഴ്ചകളോളം തുടർ മഴ ലഭിക്കാത്ത പക്ഷം ജനുവരി മാസത്തിലെ ഉച്ചക്കാല ചൂടോടെ തീപിടിത്ത ഭീഷണി വീണ്ടും ഉയരാൻ സാധ്യതയുണ്ടെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.

Elizabath Joseph

ക്രിസ്മസിനു മുമ്പായി ന്യൂ സൗത്ത് വെയിൽസിലുടനീളം മൂന്ന് മാസത്തിനിടയിലെ ഏറ്റവും വ്യാപകമായ മഴ ലഭിക്കുമെന്ന് കാലാവസ്ഥാ പ്രവചനങ്ങൾ സൂചിപ്പിക്കുന്നു. ഇത് മദ്ധ്യ പടിഞ്ഞാറ് മുതൽ ഹണ്ടർ, മിഡ് നോർത്ത് കോസ്റ്റ് വരെയുള്ള പ്രധാന തീപ്പിടിത്ത പ്രദേശങ്ങളിലെ കാട്ടുതീ ഭീഷണി കുറയ്ക്കാൻ സഹായകരമാകും. സംസ്ഥാനത്തെ കിഴക്കൻ മേഖലയിലായി ശരാശരി 20 മുതൽ 50 മില്ലിമീറ്റർ വരെ മഴ ലഭിക്കാനാണ് സാധ്യത. എന്നാൽ ആഴ്ചകളോളം തുടർ മഴ ലഭിക്കാത്ത പക്ഷം ജനുവരി മാസത്തിലെ ഉച്ചക്കാല ചൂടോടെ തീപിടിത്ത ഭീഷണി വീണ്ടും ഉയരാൻ സാധ്യതയുണ്ടെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.

ഒക്ടോബർ–നവംബർ മാസങ്ങളിലെ മഴ ഏറ്റവും കുറഞ്ഞ 10 ശതമാനത്തിൽപ്പെടുന്ന തലത്തിലായിരുന്നു. ബുലാഹ്ദെലാഹ തീപ്പിടിത്തത്തിന് സമീപമുള്ള ക്രോഫോർഡ് പ്രദേശം സെപ്റ്റംബർ അവസാനം മുതൽ 42 മില്ലിമീറ്റർ മഴ മാത്രം രേഖപ്പെടുത്തിയിട്ടുണ്ട്. ഇത് ദീർഘകാല ശരാശരിയുടെ 20 ശതമാനത്തിൽ താഴെ മാത്രമാണ്.

എൻ‌എസ്‌ഡബ്ല്യൂ ഡിപ്പാർട്ട്മെന്റ് ഓഫ് പ്രൈമറി ഇൻഡസ്ട്രീസ് പ്രകാരം, സംസ്ഥാനത്തിന്റെ 51 ശതമാനം ഭാഗവും ഇപ്പോൾ ഔദ്യോഗിക വരൾച്ച വിഭാഗത്തിൽപ്പെടുന്നു. അളവിൽ കുറഞ്ഞ മഴയും ഉയർന്ന ചൂടുമാണ് മണ്ണിലെ ഈർപ്പം വേഗത്തിൽ കുറയാൻ കാരണം. ബ്യൂറോ ഓഫ് മെറ്റീരോളജി നൽകിയ വിവരം അനുസരിച്ച്, വേനൽ ആരംഭിച്ച ആദ്യ ആഴ്ചയിൽ മണ്ണിന്റെ മുകൾ 1 മീറ്റർ ഭാഗത്തെ ഈർപ്പത്തിന്റെ അളവ് 15 ശതമാനത്തിന് സമീപമാണ് എത്തിയത്. ഈ വരൾച്ചയും, ഇടനാട് പ്രദേശങ്ങളിൽ നിന്ന് വരുന്ന ചൂടൻ വരൾച്ച കാറ്റും ചേർന്നതോടെ കഴിഞ്ഞ ആഴ്ച NSWയിൽ ഗുരുതര തീപ്പിടിത്തങ്ങൾക്ക് സാഹചര്യം സൃഷ്ടിച്ചു.

നാലു ദിവസത്തിനിടെ സംസ്ഥാനത്തിന്റെ ഭൂരിഭാഗം ഭാഗങ്ങളിലും ശരാശരി 20 മുതൽ 40 മില്ലിമീറ്റർ വരെ മഴ ലഭിക്കുമെന്ന് പ്രവചനമുണ്ട് . കഴിഞ്ഞ മൂന്ന് മാസത്തിനിടയിലെ ഏറ്റവും വ്യാപകമായ മഴ. മോഡൽ പ്രവചനങ്ങൾ പ്രകാരം സിഡ്‌നി, ഇല്ലവാറ, വടക്കൻ മലനിരകൾ എന്നിവിടങ്ങളിൽ 100 മില്ലിമീറ്റർ വരെ മഴ ലഭിക്കാമെന്നും വ്യക്തമാക്കുന്നു.

ഈ മഴ നിലവിലുള്ള തീപ്പിടിത്തങ്ങളുടെ വ്യാപനം കുറയ്ക്കാൻ സഹായിക്കും. എന്നാൽ എല്ലാ തീപ്പിടിത്തങ്ങളും പൂർണ്ണമായി അണയില്ല; ചില ഭാഗങ്ങളിൽ തീ പുകയുന്ന അവസ്ഥ തുടർന്നേക്കാം, പക്ഷേ കുറഞ്ഞ തീവ്രതയിലായിരിക്കും.

SCROLL FOR NEXT