Perisher Resort on June 16  Supplied: Lachlan Skellet
New South Wales

മഞ്ഞില്ല; ഓസ്‌ട്രേലിയൻ സ്നോ റിസോർട്ടുകളിൽ പ്രതിസന്ധി, ജീവനക്കാർ മറ്റ് ജോലികൾ തേടുന്നു

വരും ദിവസങ്ങളിൽ അന്തരീക്ഷ താപനില താഴുമെന്നും കൃത്രിമമായി മഞ്ഞ് നിർമ്മിക്കുന്ന മെഷീനുകൾ പ്രവർത്തിപ്പിക്കാൻ പാകത്തിലുള്ള കാലാവസ്ഥ ഉണ്ടാകുമെന്നുമുള്ള പ്രതീക്ഷയിലാണ് റിസോർട്ട് അധികൃതർ.

Elizabath Joseph

സിഡ്‌നി: ഓസ്‌ട്രേലിയയിലെ ന്യൂ സൗത്ത് വെയ്‌ൽസിലുള്ള പ്രശസ്തമായ സ്നോവി മൗണ്ടൻസ് മലനിരകളിൽ വിനോദസഞ്ചാര സീസൺ ആരംഭിച്ച് രണ്ടാഴ്ച കഴിഞ്ഞിട്ടും ആവശ്യത്തിന് മഞ്ഞ് വീഴാത്തത് കടുത്ത പ്രതിസന്ധി സൃഷ്ടിക്കുന്നു. മഞ്ഞിന്റെ കുറവ് കാരണം പെരിഷർ, ത്രെഡ്ബോ റിസോർട്ടുകളുടെ പ്രവർത്തനം മന്ദഗതിയിലാണ്. ഈ വാരാന്ത്യത്തിൽ തുറക്കേണ്ടിയിരുന്ന സെൽവിൻ സ്നോ റിസോർട്ടിന്റെ ഉദ്ഘാടനം അടുത്ത ആഴ്ചത്തേക്ക് നീട്ടിയിരിക്കുകയാണ്.

റിസോർട്ടുകൾ പൂർണ്ണതോതിൽ തുറക്കാത്തതിനാൽ അവിടെ ജോലി ചെയ്യുന്ന നൂറുകണക്കിന് താൽക്കാലിക ജീവനക്കാർക്ക് ജോലി ഇല്ലാത്ത അവസ്ഥയാണ്. ഇതോടെ ജീവനക്കാരിൽ പലരും അടുത്തുള്ള അഡാമിനാബി ജിൻഡാബൈൻ തുടങ്ങിയ നഗരങ്ങളിലെ ഹോട്ടലുകളിലും ബാറുകളിലും മറ്റ് ജോലികൾ തേടിപ്പോകാൻ നിർബന്ധിതരായിരിക്കുകയാണ്. ചിലർ ഇനിയും കാത്തുനിൽക്കാൻ തയ്യാറാകാതെ മറ്റ് മേഖലകളിലേക്ക് മാറിത്തുടങ്ങിയത് വരും ദിവസങ്ങളിൽ റിസോർട്ടുകളിൽ ജീവനക്കാരുടെ ക്ഷാമത്തിന് കാരണമായേക്കുമെന്ന് ജിൻഡാബൈൻ ചേംബർ ഓഫ് കൊമേഴ്‌സ് ചെയർമാൻ ഒലിവർ കപെറ്റനാക്കോസ് പറഞ്ഞു. കനത്ത മഴയും ഉയർന്ന താപനിലയുമാണ് നിലവിൽ മഞ്ഞുരുകാൻ കാരണമാകുന്നത്. കഴിഞ്ഞ 2025-ലെ വിനോദസഞ്ചാര സീസൺ സമീപകാലത്തെ ഏറ്റവും മികച്ചതായിരുന്നു.

മധ്യ ഉഷ്ണമേഖലാ പസഫിക് സമുദ്രത്തിൽ താപനില ഉയരുന്ന 'എൽ നിനോ' (El Niño) പ്രതിഭാസം ഓസ്‌ട്രേലിയൻ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം സ്ഥിരീകരിച്ചതാണ് ഇത്തവണ കടുത്ത ചൂടിനും മഞ്ഞിന്റെ കുറവിനും കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. എങ്കിലും ജൂലൈ ആദ്യവാരം വരെ മഞ്ഞ് വീഴ്ച കുറയുന്നത് മലനിരകളിൽ സാധാരണമാണെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും പ്രദേശത്തെ വ്യാപാരികൾ പറയുന്നു. വരും ദിവസങ്ങളിൽ അന്തരീക്ഷ താപനില താഴുമെന്നും കൃത്രിമമായി മഞ്ഞ് നിർമ്മിക്കുന്ന മെഷീനുകൾ പ്രവർത്തിപ്പിക്കാൻ പാകത്തിലുള്ള കാലാവസ്ഥ ഉണ്ടാകുമെന്നുമുള്ള പ്രതീക്ഷയിലാണ് റിസോർട്ട് അധികൃതർ.

SCROLL FOR NEXT