മുംബൈ: 2008-ലെ മുംബൈ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട നിരപരാധികൾക്ക് ആദരമർപ്പിച്ച് ന്യൂ സൗത്ത് വെയിൽസ് പ്രീമിയർ ക്രിസ് മിൻസും ട്രഷറർ ഡാനിയൽ മൂഖിയും (Daniel Mookhey). ഇന്ത്യ സന്ദർശനത്തിനെത്തിയ ഉന്നതതല സംഘം താജ്മഹൽ പാലസ് ഹോട്ടലിലെ സ്ഥിരം സ്മാരകത്തിൽ പുഷ്പചക്രം അർപ്പിച്ചു. ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട 166 പേരിൽ എൻ.എസ്.ഡബ്ല്യു സ്വദേശികളായ ഡഗ് മാർക്കൽ, ബ്രെറ്റ് ടെയ്‌ലർ എന്നീ രണ്ട് ഓസ്‌ട്രേലിയൻ പൗരന്മാരും ഉൾപ്പെട്ടിരുന്നു. മരിച്ചവരുടെ ഓർമ്മകൾക്ക് മുൻപിൽ പ്രണാമം അർപ്പിച്ച നേതാക്കൾ സ്മാരക പുസ്തകത്തിൽ ഒപ്പുവെച്ചു.
വ്യാപാരം, നിക്ഷേപം, വിദ്യാഭ്യാസം, വിനോദസഞ്ചാരം എന്നീ മേഖലകളിൽ സഹകരണം ശക്തമാക്കുന്നതിനുള്ള ഔദ്യോഗിക ദൗത്യത്തിന്റെ ഭാഗമായാണ് പ്രതിനിധി സംഘം മുംബൈയിലെത്തിയത്. പ്രമുഖ വ്യവസായ ഗ്രൂപ്പുകളായ ടാറ്റ ഗ്രൂപ്പ്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര എന്നിവയുടെ മേധാവികളുമായി സംഘം ഉഭയകക്ഷി ചർച്ചകൾ നടത്തി. ന്യൂ സൗത്ത് വെയിൽസിലേക്ക് കൂടുതൽ ഇന്ത്യൻ വിനോദസഞ്ചാരികളെയും നിക്ഷേപങ്ങളെയും ആകർഷിക്കുന്നതിനായി ട്രാവൽ-ഏവിയേഷൻ മേഖലയിലെ പങ്കാളികളുമായി പ്രത്യേക റൗണ്ട് ടേബിൾ ചർച്ചയും മുംബൈയിൽ സംഘടിപ്പിച്ചിരുന്നു. മുംബൈയിലെ വിഖ്യാതമായ ഡബ്ബാവാലാ ശൃംഖലയുടെ പ്രതിനിധികളുമായും സംഘം കൂടിക്കാഴ്ച നടത്തി.