സിഡ്നിയിലെ ഡൽവിച്ച് ഹില്ലിൽ തോക്കുമായി ഒരാളെ കണ്ടെന്ന റിപ്പോർട്ടിനെ തുടർന്ന് വൻ പൊലീസ് നടപടി. റയട്ട് സ്ക്വാഡ് ഉദ്യോഗസ്ഥരും ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകൾ ധരിച്ച പൊലീസുകാരും പോളെയർ ഹെലികോപ്റ്ററും സ്ഥലത്തെത്തി. വില്യംസ് പരേഡിന് സമീപമാണ് സംഭവം. രാവിലെ 10.20ഓടെ കാർ പാർക്കിൽ മോഷ്ടിച്ച വാഹനം കണ്ടെത്തിയെന്ന വിവരത്തെ തുടർന്നാണ് പൊലീസ് എത്തിയത്. വാഹനത്തിനുള്ളിൽ തോക്കുമായി ഒരാളെ കണ്ടതായി ഉദ്യോഗസ്ഥർക്ക് വിവരം ലഭിച്ചു. തുടർന്ന് ഇയാൾ വാഹനം കത്തിച്ചശേഷം യൂണിയൻ സ്ട്രീറ്റിലൂടെ ഓടി രക്ഷപ്പെട്ടതായാണ് പൊലീസ് പറയുന്നത്.
സംശയിക്കുന്നയാൾ 20 വയസ്സിനടുത്ത് പ്രായമുള്ള, ഏകദേശം 160 സെന്റിമീറ്റർ ഉയരമുള്ള, മെലിഞ്ഞ ശരീരപ്രകൃതിയുള്ള, അലസമായി വളർന്ന മുടിയുള്ള വെളുത്ത വർഗക്കാരനാണെന്നാണ് പൊലീസ് നൽകിയ വിവരണം. നീല ടി-ഷർട്ടും നീളമുള്ള കറുത്ത പാന്റുമാണ് ധരിച്ചിരുന്നതെന്നും പൊലീസ് അറിയിച്ചു. സംഭവത്തെ തുടർന്ന് ഡൽവിച്ച് ഹില്ലിനും ലില്ലിഫീൽഡിനുമിടയിലെ ലൈറ്റ് റെയിൽ സർവീസുകൾ റദ്ദാക്കി. പ്രദേശത്ത് കുറ്റകൃത്യസ്ഥലം പ്രഖ്യാപിച്ച് പൊലീസ് പരിശോധന തുടരുകയാണ്. സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി വാഹനയാത്രക്കാർ സംഭവസ്ഥലം ഒഴിവാക്കണമെന്ന് ന്യൂ സൗത്ത് വെയിൽസ് പൊലീസ് നിർദേശിച്ചു. അതേസമയം സംഭവസ്ഥലത്ത് നിരവധി ആംബുലൻസുകൾ എത്തിയതായി ഒരു ദൃക്സാക്ഷി എബിസിയോട് പറഞ്ഞു. സമീപവാസികളോട് വീടിനുള്ളിൽ തന്നെ തുടരാൻ നിർദേശിച്ചതായും മറ്റൊരു ദൃക്സാക്ഷി അറിയിച്ചു.