(Photograph: Jessica Hromas/The Guardian)
New South Wales

ഹണ്ടർ വാലിയിലെ കൽക്കരി ഖനിയുടെ ഉൽപ്പാദനം 32% വർധിപ്പിക്കാൻ പ്രത്യേക നിയമം പാസാക്കി NSW

വെള്ളിയാഴ്ച രാത്രി ലെജിസ്ലേറ്റീവ് കൗൺസിലിൽ നീണ്ട ചർച്ചകൾക്കുശേഷം ശനിയാഴ്ച പുലർച്ചെ 1.36ന് സർക്കാർ-പ്രതിപക്ഷ സഖ്യം നിയമത്തിന് അനുകൂലമായി വോട്ട് ചെയ്തു.

Safvana Jouhar

സിഡ്നി: മാർച്ചിൽ നടക്കാനിരിക്കുന്ന സംസ്ഥാന തിരഞ്ഞെടുപ്പിന് മുന്നോടിയായി ന്യൂ സൗത്ത് വെയിൽസ് സർക്കാർ ഹണ്ടർ വാലിയിലെ മൗണ്ട് പ്ലസന്റ് കൽക്കരി ഖനിയുടെ ഉൽപ്പാദനം 32 ശതമാനം വർധിപ്പിക്കാൻ പ്രത്യേക നിയമം പാസാക്കി. സംസ്ഥാന പാർലമെന്റിന്റെ അവസാന സമ്മേളനത്തിൽ പാസാക്കിയ നിയമം പ്രകാരം 2032 വരെ ഖനിയുടെ വാർഷിക ഉൽപ്പാദനം 12.5 മില്യൺ ടണ്ണിൽനിന്ന് 16.5 മില്യൺ ടണ്ണായി ഉയർത്താൻ അനുമതി ലഭിക്കും. വെള്ളിയാഴ്ച രാത്രി ലെജിസ്ലേറ്റീവ് കൗൺസിലിൽ നീണ്ട ചർച്ചകൾക്കുശേഷം ശനിയാഴ്ച പുലർച്ചെ 1.36ന് സർക്കാർ-പ്രതിപക്ഷ സഖ്യം നിയമത്തിന് അനുകൂലമായി വോട്ട് ചെയ്തു.

ഖനിയുടെ വിപുലീകരണവുമായി ബന്ധപ്പെട്ട സാഹചര്യങ്ങൾ അസാധാരണമായതിനാൽ പ്രത്യേക നിയമം കൊണ്ടുവരേണ്ടിവന്നതാണെന്ന് റിസോഴ്‌സസ് മന്ത്രി കോർട്ട്നി ഹൗസോസ് സഭയിൽ പറഞ്ഞു. നൂറുകണക്കിന് തൊഴിലാളികളുടെയും അവരുടെ കുടുംബങ്ങളുടെയും സാഹചര്യം കണക്കിലെടുത്താണ് സർക്കാർ ഇടപെട്ടതെന്നും അവർ വ്യക്തമാക്കി. എന്നാൽ നിയമത്തിനെതിരെ നിയമവിദഗ്ധർ, അഴിമതി വിരുദ്ധ പ്രവർത്തകർ, പരിസ്ഥിതി സംഘടനകൾ, ഗ്രീൻസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ അംഗങ്ങൾ രംഗത്തെത്തി. കഴിഞ്ഞ മാസം ഹൈക്കോടതി ഖനിയുടെ ഉൽപ്പാദനം 21 മില്യൺ ടണ്ണായി ഉയർത്തി 2048 വരെ പ്രവർത്തനം തുടരാനുള്ള വിപുലീകരണ അനുമതി അസാധുവാക്കിയിരുന്നു. ഖനിയിൽനിന്നുള്ള കൽക്കരി വിദേശത്ത് വിൽക്കുകയും കത്തിക്കുകയും ചെയ്യുമ്പോൾ ഉണ്ടാകുന്ന ഹരിതഗൃഹ വാതക പുറന്തള്ളൽ കുറയ്ക്കുന്നതിനുള്ള വ്യവസ്ഥകൾ പരിഗണിക്കുന്നതിൽ സംസ്ഥാന ഇൻഡിപെൻഡന്റ് പ്ലാനിങ് കമ്മീഷൻ വീഴ്ച വരുത്തിയെന്നാണ് 3-2 ഭൂരിപക്ഷ വിധിയിൽ കോടതി കണ്ടെത്തിയത്.

ഹൈക്കോടതി വിധി മറികടക്കില്ലെന്ന് നേരത്തെ പറഞ്ഞിരുന്ന പ്രീമിയർ ക്രിസ് മിൻസ് പിന്നീട് പ്രത്യേക നിയമം കൊണ്ടുവരുമെന്ന് പ്രഖ്യാപിച്ചു. ക്രിസ്മസിന് മുമ്പ് ഏകദേശം 400 തൊഴിലവസരങ്ങൾ സംരക്ഷിക്കാനാണ് നീക്കമെന്നാണ് സർക്കാരിന്റെ വിശദീകരണം.

തിരഞ്ഞെടുപ്പ് രാഷ്ട്രീയവും വാദപ്രതിവാദങ്ങളും

നിയമത്തിലെ ഏകദേശം 200 ഭേദഗതികൾ ഗ്രീൻസ് മുന്നോട്ടുവച്ചെങ്കിലും സർക്കാർ-പ്രതിപക്ഷ സഖ്യം അവയെല്ലാം തള്ളി. നിയമം അസാധാരണവും മുൻകാല മാതൃകകളില്ലാത്തതും അപകടകരവുമാണെന്ന് ഗ്രീൻസ് വിശേഷിപ്പിച്ചു.

മാർച്ച് 2027-ലെ സംസ്ഥാന തിരഞ്ഞെടുപ്പിൽ ഹണ്ടർ മേഖല വൺ നേഷൻ പാർട്ടിയുടെ പ്രധാന രാഷ്ട്രീയ പോരാട്ടകേന്ദ്രമായി മാറുന്ന സാഹചര്യത്തിലാണ് സർക്കാർ നടപടി. 2025-ലെ ഫെഡറൽ തിരഞ്ഞെടുപ്പിൽ ഹണ്ടർ മണ്ഡലത്തിൽ വൺ നേഷൻ സ്ഥാനാർഥി സ്റ്റുവർട്ട് ബോണ്ട്സ് 41 ശതമാനം രണ്ട് സ്ഥാനാർഥികൾക്കിടയിലെ മുൻഗണനാ വോട്ട് നേടിയിരുന്നു. പാർട്ടിയുടെ NSW നേതാവ് മൈക്ക് ന്യൂമാൻ ലേബർ കൈവശമുള്ള സെസ്‌നോക്ക് മണ്ഡലത്തിലും മത്സരിക്കുന്നുണ്ട്.

പ്രീമിയർ മിൻസ് തിരഞ്ഞെടുപ്പ് സമ്മർദം നേരിടുന്നതിനാലാണ് ഖനിക്ക് അനുകൂലമായ നിയമനിർമാണം നടത്തിയതെന്ന് ഗ്രീൻസ് ആരോപിച്ചു. സംസ്ഥാനത്തിന്റെ നെറ്റ് സീറോ കമ്മീഷന്റെ ശുപാർശകൾക്കും നിയമപരമായ നടപടികൾക്കും സർക്കാർ വിരുദ്ധമായ നീക്കമാണിതെന്നും അവർ വിമർശിച്ചു. അതേസമയം, ഖനിയിലെ നൂറുകണക്കിന് തൊഴിലാളികളുടെ തൊഴിൽ സംരക്ഷിക്കുകയാണ് നിയമത്തിന്റെ ലക്ഷ്യമെന്ന് നാഷണൽസ് അംഗം സാറ മിച്ചൽ പറഞ്ഞു. ഖനി അടച്ചുപൂട്ടിയാൽ ഹണ്ടർ മേഖലയെ അത് ഗുരുതരമായി ബാധിക്കുമെന്നും അവർ അഭിപ്രായപ്പെട്ടു.

ഖനിയുടെ വിപുലീകരണ അനുമതി തൊഴിലവസരങ്ങൾ സംരക്ഷിക്കാനുള്ള ഉറപ്പുമായി ബന്ധിപ്പിച്ചിട്ടുണ്ട്. 720-ലധികം തൊഴിലാളികളെ ഉൾക്കൊള്ളുന്ന തൊഴിൽ സംരക്ഷണ ഉറപ്പിനായി ഖനി അധികൃതർ സർക്കാരിന് നൽകിയ വിവരങ്ങൾ സ്വതന്ത്ര ഓഡിറ്റിന് വിധേയമാക്കും. ഖനി അടച്ചുപൂട്ടിയാൽ മസ്കിൽബ്രൂക്കിലെ തൊഴിലില്ലായ്മ നിരക്ക് അഞ്ച് ശതമാനം വർധിക്കുമെന്ന് മിൻസ് മുന്നറിയിപ്പ് നൽകിയിരുന്നു. ഖനി തൊഴിലാളികളും മൈനിങ് ആൻഡ് എനർജി യൂണിയൻ പ്രതിനിധികളും പങ്കെടുത്ത വാർത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

നിയമത്തിലെ അധിക അധികാര വ്യവസ്ഥക്കെതിരെ അഴിമതി ആശങ്ക

പാർലമെന്റിന്റെ നിയമപരിശോധനാ സമിതി ചൊവ്വാഴ്ച പുറത്തിറക്കിയ റിപ്പോർട്ടിൽ പുതിയ നിയമം ലാൻഡ് ആൻഡ് എൻവയോൺമെന്റ് കോടതിയിൽ തുടരുന്ന നടപടികളെ ഫലപ്രദമായി ദുർബലപ്പെടുത്തുമെന്നും നിയമപരമായ വെല്ലുവിളികൾക്കുള്ള അവസരങ്ങൾ ഇല്ലാതാക്കുമെന്നും ആശങ്ക പ്രകടിപ്പിച്ചു. നിയമത്തിലെ 'ഹെൻറി എട്ടാം ക്ലോസ്' എന്നറിയപ്പെടുന്ന വ്യവസ്ഥയും വിമർശനത്തിന് വിധേയമായി. മൗണ്ട് പ്ലസന്റ് പദ്ധതിയുമായി ബന്ധപ്പെട്ട് സംസ്ഥാന നിയമങ്ങളെ മറികടക്കാൻ റിസോഴ്‌സസ് മന്ത്രിക്ക് അധികാരം നൽകുന്ന വ്യവസ്ഥ ഗുരുതരമായ അഴിമതി സാധ്യത സൃഷ്ടിക്കുന്നുവെന്ന് അഭിഭാഷകനും അഴിമതി വിരുദ്ധ പ്രവർത്തകനുമായ ജെഫ്രി വാട്സൺ മുന്നറിയിപ്പ് നൽകി.

സർക്കാർ പിന്നീട് ഈ വ്യവസ്ഥയിൽ ഭേദഗതി വരുത്തി. ഐസിഎസി (ICAC) അന്വേഷണങ്ങൾ തടയാനോ അനുവദിച്ച കൽക്കരി ഉൽപ്പാദന പരിധി മാറ്റാനോ ഈ അധികാരം ഉപയോഗിക്കാൻ കഴിയില്ലെന്ന് ഭേദഗതിയിൽ വ്യക്തമാക്കിയിട്ടുണ്ട്.

സർക്കാർ സ്വന്തം നിയമത്തിൽ ഭേദഗതി വരുത്തേണ്ടിവന്നത് വിമർശനങ്ങൾക്കിടയിലാണെന്ന് നേച്ചർ കൺസർവേഷൻ കൗൺസിൽ ഓഫ് NSW അഭിപ്രായപ്പെട്ടു. എന്നാൽ മന്ത്രിയുടെ അധികാരങ്ങൾ കൂടുതൽ നിയന്ത്രിക്കേണ്ടതുണ്ടെന്ന് ഗ്രീൻസ് നിലപാടെടുത്തു. നിയമവാഴ്ചയെ ദുർബലപ്പെടുത്താനുള്ള സാധ്യതയുള്ളതിനാൽ കൂടുതൽ ഭേദഗതികൾ വേണമെന്ന് NSW ലോ സൊസൈറ്റിയും ആവശ്യപ്പെട്ടിരുന്നു. വിമർശനങ്ങൾ പരിഗണിച്ച് ആവശ്യമായ സുരക്ഷാ വ്യവസ്ഥകളും ഉത്തരവാദിത്ത സംവിധാനങ്ങളും ഉറപ്പാക്കുന്നതിനാണ് സർക്കാർ ഭേദഗതികൾ കൊണ്ടുവന്നതെന്ന് മന്ത്രി ഹൗസോസ് സഭയിൽ വിശദീകരിച്ചു.

SCROLL FOR NEXT