സിഡ്‌നി: കനത്ത കാറ്റിനെയും വില്ലനായെത്തിയ മഴയെയും വകവെക്കാതെ പ്രവാസലോകത്തെ പ്രകൃതിസ്നേഹികൾ ഒത്തുചേർന്നപ്പോൾ ന്യൂ സൗത്ത് വെയ്‌ൽസ് തീരത്തെ വാർഷിക തിമിംഗല സെൻസസ് (ORRCA Whale Census) വൻ വിജയമായി മാറി. കടൽ ജീവികളുടെ സംരക്ഷണത്തിനായി പ്രവർത്തിക്കുന്ന 'ഓർക്ക' (ORRCA) എന്ന സംഘടനയുടെ നേതൃത്വത്തിൽ ഞായറാഴ്ചയാണ് സംസ്ഥാനത്തെ 27 തീരദേശ കേന്ദ്രങ്ങളിൽ ഒരേസമയം തിമിംഗലങ്ങളുടെ എണ്ണമെടുപ്പ് നടന്നത്. കടലിലൂടെ സഞ്ചരിക്കുന്ന തിമിംഗലങ്ങളുടെ എണ്ണം, അവയുടെ വർഗ്ഗം, സ്വഭാവരീതികൾ എന്നിവ കൃത്യമായി രേഖപ്പെടുത്താനാണ് ഈ 'സിറ്റിസൺ സയൻസ്' പരീക്ഷണത്തിലൂടെ വോളന്റിയർമാർ ഒത്തുചേർന്നത്.
ഒരു തിമിംഗലത്തെ തന്നെ പലതവണ എണ്ണി കണക്കുകളിൽ തെറ്റുവരുന്നത് ഒഴിവാക്കാൻ (Double-counting) ഇത്തവണ സെൻസസ് രീതികളിൽ ഓർക്ക വലിയ മാറ്റങ്ങൾ വരുത്തിയിരുന്നു. മുൻവർഷങ്ങളിൽ ദിവസം മുഴുവൻ നീണ്ടുനിന്നിരുന്ന എണ്ണമെടുപ്പ് ഇത്തവണ രാവിലെ 10 മണി മുതൽ ഉച്ചയ്ക്ക് 12 മണി വരെയുള്ള രണ്ട് മണിക്കൂർ മാത്രമായി പരിമിതപ്പെടുത്തി. ഈ ചുരുങ്ങിയ സമയത്തിനുള്ളിൽ മാത്രം 520 പൂർണ്ണവളർച്ചയെത്തിയ തിമിംഗലങ്ങളെയും 30 തിമിംഗലക്കുട്ടികളെയും (Calves) സന്നദ്ധപ്രവർത്തകർക്ക് കണ്ടെത്താനായി. ഞായറാഴ്ച പുലർച്ചെ 6 മണി മുതൽ ആരംഭിച്ച നിരീക്ഷണത്തിൽ ആകെ 1,950-ലധികം തിമിംഗലങ്ങളെയും 150-ലധികം ഡോൾഫിനുകളെയുമാണ് ന്യൂ സൗത്ത് വെയ്‌ൽസ് തീരത്ത് ഉടനീളമായി രേഖപ്പെടുത്തിയത്.
പഠനത്തിന്റെ ഭാഗമായി തത്ര (Tathra) തീരത്ത് നിരീക്ഷണം തുടങ്ങിയ ഉടൻ തന്നെ ആറ് കൂറ്റൻ തിമിംഗലങ്ങൾ കൂട്ടത്തോടെ വെള്ളത്തിന് മുകളിലേക്ക് ചാടിയുയർന്നത് (Breaching) വോളന്റിയർമാർക്ക് ആവേശകരമായ കാഴ്ചയായി. പോർട്ട് കെംബ്ല ഉൾപ്പെടെയുള്ള തീരങ്ങളിൽ കുടകളും റെയിൻ കോട്ടുകളുമണിഞ്ഞ് പ്രായഭേദമന്യേ ഒട്ടനവധി കുടുംബങ്ങളാണ് ഈ ദൗത്യത്തിൽ പങ്കാളികളായത്. അപകടത്തിൽപ്പെടുന്ന കടൽ ജീവികളെ രക്ഷിക്കാൻ തങ്ങൾ സദാ സന്നദ്ധരാണെന്ന സന്ദേശം പൊതുജനങ്ങളിലേക്ക് എത്തിക്കാനും ഇത്തരം കൂട്ടായ പരിപാടികൾ സഹായിക്കുമെന്ന് ഓർക്ക ഭാരവാഹികൾ വ്യക്തമാക്കി.