New South Wales

കോമൺവെൽത്ത് സഹായം വൈകുന്നു; 1,200-ലധികം രോഗികൾ ആശുപത്രികളിൽ കുടുങ്ങിയതായി NSW സർക്കാർ

2025 മാർച്ചിൽ 871 പേരായിരുന്ന ഈ എണ്ണം 2026 മാർച്ചിൽ 1,279 ആയി ഉയർന്നു. ഒരു വർഷത്തിനിടെ 46 ശതമാനത്തിലധികം വർധനയാണ് രേഖപ്പെടുത്തിയത്.

Safvana Jouhar

സിഡ്നി: കോമൺവെൽത്ത് സർക്കാരിന്റെ വയോജന പരിചരണ (Aged Care) സേവനങ്ങളും നാഷണൽ ഡിസബിലിറ്റി ഇൻഷുറൻസ് സ്കീം (NDIS) പിന്തുണയും ലഭിക്കാൻ കാലതാമസം നേരിടുന്നതിനാൽ ന്യൂ സൗത്ത് വെയിൽസിൽ 1,200-ലധികം രോഗികൾ ആശുപത്രികളിൽ കുടുങ്ങിക്കിടക്കുന്നതായി സംസ്ഥാന സർക്കാർ അറിയിച്ചു. 2025 മാർച്ചിൽ 871 പേരായിരുന്ന ഈ എണ്ണം 2026 മാർച്ചിൽ 1,279 ആയി ഉയർന്നു. ഒരു വർഷത്തിനിടെ 46 ശതമാനത്തിലധികം വർധനയാണ് രേഖപ്പെടുത്തിയത്. ഇതിൽ 948 പേർ വയോജന പരിചരണ കേന്ദ്രങ്ങളിൽ പ്രവേശനം ലഭിക്കാനായി കാത്തിരിക്കുന്നവരാണ്. അതേസമയം NDIS പിന്തുണ ലഭിക്കാനായി കാത്തിരിക്കുന്നവരുടെ എണ്ണം 348 ആയി ഉയർന്നു.

ആരോഗ്യമന്ത്രി റയാൻ പാർക്ക്

ഈ സാഹചര്യം പൊതുആശുപത്രികളിലെ കിടക്ക ക്ഷാമം രൂക്ഷമാക്കുന്നതായി ആരോഗ്യമന്ത്രി റയാൻ പാർക്ക് പറഞ്ഞു. രോഗികൾക്ക് ആവശ്യമായ കോമൺവെൽത്ത് പിന്തുണ ലഭിക്കാത്തതിനാൽ സംസ്ഥാന സർക്കാർ അധിക ഭാരം വഹിക്കേണ്ടിവരുന്നതായും അദ്ദേഹം ആരോപിച്ചു. ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്യാൻ കഴിയാതെ കുടുങ്ങുന്ന രോഗികളെക്കുറിച്ച് NSW Productivity and Equality Commission അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കൂടാതെ കോമൺവെൽത്ത് സർക്കാരുമായി ചേർന്ന് Hospital Discharge Joint Taskforce രൂപീകരിച്ചിട്ടുമുണ്ട്. അതേസമയം, പ്രശ്നം പരിഹരിക്കുന്നതിനായി ഫെഡറൽ സർക്കാർ 3 ബില്യൺ ഡോളറിന്റെ വയോജന പരിചരണ പദ്ധതി പ്രഖ്യാപിക്കുകയും കൂടുതൽ കിടക്കകളും ഹോം കെയർ സേവനങ്ങളും ഒരുക്കുമെന്ന് അറിയിക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ നിലവിൽ 200,000-ത്തിലധികം ആളുകൾ വയോജന പരിചരണ സേവനങ്ങൾക്കായി കാത്തിരിക്കുകയാണെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ആശുപത്രികളിൽ അനാവശ്യമായി നീണ്ടുനിൽക്കുന്ന താമസം രോഗികളുടെ ആരോഗ്യത്തെയും ആശുപത്രി സേവനങ്ങളുടെ കാര്യക്ഷമതയെയും ബാധിക്കുന്നതായി ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകി.

SCROLL FOR NEXT