New South Wales

ഭവനപ്രതിസന്ധിക്ക് പുതിയ പരിഹാരം; ചിലവ് പകുതിയാക്കാൻ 'മോഡുലാർ ഹൗസിങ് ഫാക്ടറി'യുമായി NSW സർക്കാർ

വീടുകളുടെ വലിയ ഭാഗങ്ങൾ ഫാക്ടറികൾക്കുള്ളിൽ മുൻകൂട്ടി നിർമ്മിച്ച് വികസന മേഖലകളിൽ എത്തിച്ച് വേഗത്തിൽ കൂട്ടിച്ചേർക്കുന്നതിനായി ഒരു അത്യാധുനിക മോഡുലാർ ഹൗസിങ് ഫാക്ടറി സ്ഥാപിക്കാൻ സർക്കാർ ഒരുങ്ങുന്നു.

Elizabath Joseph

സിഡ്‌നി: ന്യൂ സൗത്ത് വെയ്‌ൽസ് (NSW) സംസ്ഥാനത്തെ കടുത്ത ഭവനക്ഷാമത്തിന് വേഗതയേറിയതും ചിലവ് കുറഞ്ഞതുമായ പുതിയ പരിഹാരവുമായി ക്രിസ് മിൻസ് സർക്കാർ. വീടുകളുടെ വലിയ ഭാഗങ്ങൾ ഫാക്ടറികൾക്കുള്ളിൽ മുൻകൂട്ടി നിർമ്മിച്ച് വികസന മേഖലകളിൽ എത്തിച്ച് വേഗത്തിൽ കൂട്ടിച്ചേർക്കുന്നതിനായി ഒരു അത്യാധുനിക മോഡുലാർ ഹൗസിങ് ഫാക്ടറി സ്ഥാപിക്കാൻ സർക്കാർ ഒരുങ്ങുന്നു. ഇതിനായി നിർമ്മാണ കമ്പനികളുമായി പങ്കാളിത്തത്തിന് താല്പര്യമുള്ളവരെ കണ്ടെത്താനുള്ള ടെൻഡർ നടപടികൾ ഉടൻ ആരംഭിക്കും.

പരമ്പരാഗത വീട് നിർമ്മാണ രീതികളിൽ നിന്നും മാറി അത്യാധുനിക സാങ്കേതികവിദ്യ ഉപയോഗിക്കുന്നതിലൂടെ നിർമ്മാണ സമയത്തിൽ 20 ശതമാനവും ചിലവിൽ 50 ശതമാനവും (പകുതിയോളം) ലാഭിക്കാൻ സാധിക്കുമെന്ന് പ്ലാനിങ് മന്ത്രി പോൾ സ്കള്ളി വ്യക്തമാക്കി. സംസ്ഥാനത്തിന്റെ 2026-ലെ ബജറ്റ് പ്രഖ്യാപനത്തിന് മുന്നോടിയായാണ് ഈ സുപ്രധാന നീക്കം. ഫാക്ടറി സ്ഥാപിക്കുന്നതിനായി സ്വകാര്യ മേഖലയ്ക്ക് ആവശ്യമായ ഭൂമി, സാങ്കേതിക പരിശീലനം അല്ലെങ്കിൽ ഓഹരി പങ്കാളിത്തം എന്നിവ നൽകാൻ സർക്കാർ തയ്യാറാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഗുണനിലവാരവും വേഗതയും ഒന്നിച്ച്:

ഈ ഫാക്ടറികളിൽ പ്രധാനമായും മിഡിൽ ഡെൻസിറ്റി അപ്പാർട്ട്മെന്റുകൾക്കും വീടുകൾക്കും ആവശ്യമായ ഭാഗങ്ങളായിരിക്കും നിർമ്മിക്കുക. സർക്കാർ നിശ്ചയിച്ചിട്ടുള്ള ഭവന മാതൃകകൾ ഉപയോഗിക്കുന്നതിനാൽ ദീർഘമേറിയ ഡിസൈൻ, അനുമതി പ്രക്രിയകൾ ഒഴിവാക്കാനും നിർമ്മാതാക്കൾക്ക് സാധിക്കും. മുൻപ് ഇത്തരം ആധുനിക സാങ്കേതികവിദ്യകൾക്കായി വിദേശ രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതിയെ ആശ്രയിക്കേണ്ടി വന്നിരുന്ന അവസ്ഥയ്ക്ക് ഇതോടെ മാറ്റമുണ്ടാകുമെന്ന് പ്രോപ്പർട്ടി കൗൺസിൽ ഓഫ് ഓസ്‌ട്രേലിയ എൻ.എസ്.ഡബ്ല്യു ഡയറക്ടർ കേറ്റി സ്റ്റീവൻസൺ പറഞ്ഞു. ഈ പുതിയ ഫാക്ടറി വരുന്നതോടെ സാധാരണയായി രണ്ടാഴ്ചയോളം എടുക്കുന്ന വീടിന്റെ സ്ട്രക്ചർ നിർമ്മാണം വെറും രണ്ട് ദിവസം കൊണ്ട് പൂർത്തിയാക്കാൻ സാധിക്കുമെന്നും, ഗുണനിലവാരത്തിലും പരിസ്ഥിതി സൗഹൃദ കാര്യങ്ങളിലും ഇത് മികച്ചതാണെന്നും അവർ കൂട്ടിച്ചേർത്തു.

SCROLL FOR NEXT