സിഡ്‌നി: നാല് പതിറ്റാണ്ട് മുൻപ് ഉണ്ടായ കടുത്ത വരൾച്ചയിലും കാട്ടുതീയിലും കൃഷി തകർന്ന് സാമ്പത്തികമായി നിലയില്ലാക്കയത്തിലായപ്പോൾ, കുടുംബം പുലർത്താൻ മഴുവും കയ്യിലേന്തി ഇറങ്ങിയ പീറ്റർ ചാൺസി (Peter Chauncy) എന്ന ഓസ്‌ട്രേലിയൻ കർഷകന്റെ ജീവിതം ഇന്നിപ്പോൾ പ്രചോദനത്തിന്റെ വലിയൊരു ഉദാഹരണമാണ്. എൻ.എസ്.ഡബ്ല്യു (NSW) സതേൺ ഹൈലാൻഡ്സിലെ സ്വന്തം ഫാമിൽ നിന്ന് വീണുകിടന്ന മരത്തടികൾ വെട്ടി വിറ്റ് തുടങ്ങിയ പീറ്ററുടെ കച്ചവടം ഇന്ന് ഓസ്‌ട്രേലിയയിലുടനീളം പടർന്നുപന്തലിച്ച മൾട്ടി മില്യൺ ഡോളർ ഫയർവുഡ് വ്യവസായമായി മാറിയിരിക്കുന്നു. ഓസ്‌ട്രേലിയക്കാരുടെ വീടുകളിലെ വിറക് അടുപ്പുകളിലേക്ക് ഇന്നെത്തുന്ന മരത്തിന്റെ പ്രധാന സ്രോതസ്സ് പീറ്ററുടെ ഈ പ്രസ്ഥാനമാണ്.
ഇന്ന് ഓരോ വർഷവും ഏകദേശം 10 ലക്ഷത്തോളം മരവിറക് ചാക്കുകളാണ് ഇദ്ദേഹത്തിന്റെ ഫാമിൽ നിന്ന് പാക്ക് ചെയ്ത് വിതരണത്തിനെത്തുന്നത്. ന്യൂ സൗത്ത് വെയ്ൽസ്, ക്വീൻസ്ലാന്റ്, വിക്ടോറിയ, സൗത്ത് ഓസ്‌ട്രേലിയ എന്നിവിടങ്ങളിലെ മൂവായിരത്തോളം പെട്രോൾ പമ്പുകളിലും സ്റ്റോറുകളിലും കാണുന്ന മഞ്ഞനിറത്തിലുള്ള 'ഫയർവുഡ് ബാഗുകൾ' ഇന്ന് ഓസ്‌ട്രേലിയക്കാരുടെ നിത്യജീവിതത്തിന്റെ ഭാഗമാണ്. 1980-കളിൽ ഉണ്ടായ വരൾച്ചയിൽ കുടുംബം പട്ടിണിയിലായപ്പോൾ സിഡ്‌നിയിലെ വീടുകളിൽ കയറിയിറങ്ങി വിറക് വിറ്റാണ് പീറ്റർ വ്യവസായത്തിന് തുടക്കമിട്ടത്. 70-ാം വയസ്സിലും പ്രതിദിനം 300 ടൺ വിറക് കയറ്റി അയക്കുന്ന പീറ്ററുടെ കമ്പനിയിൽ കാടുകൾ നവീകരിക്കുന്ന ഫോറസ്ട്രി കോർപ്പറേഷൻ കരാറുകൾ വഴി ലഭിക്കുന്ന തടികളാണ് വിറകാക്കി മാറ്റുന്നത്. പ്രതിസന്ധികളിൽ തളരാതെ താൻ നടത്തിയ പോരാട്ടമാണ് ഇന്നത്തെ വലിയ വിജയത്തിന് പിന്നിലെന്ന് പീറ്റർ വ്യക്തമാക്കുന്നു.