ന്യൂ സൗത്ത് വെയിൽസിൽ (NSW) കാട്ടുതീ പടരുന്നതിന് മുൻപേ കണ്ടെത്താൻ പുതിയ എർലി ഡിറ്റക്ഷൻ ക്യാമറകൾ പ്രവർത്തനം ആരംഭിച്ചു. സംസ്ഥാനത്തെ വനമേഖലകളിൽ സ്ഥാപിച്ച എഐ അധിഷ്ഠിത ക്യാമറകളിലൂടെ തീപിടിത്തത്തിന്റെ ആദ്യ ലക്ഷണങ്ങൾ കണ്ടെത്തി അഗ്നിശമന സേനയ്ക്ക് ഉടൻ അറിയിക്കാൻ കഴിയുമെന്ന് അധികൃതർ അറിയിച്ചു.
അഡിലോങ്ങിന് സമീപമുള്ള ഗ്രീൻ ഹിൽസ് സ്റ്റേറ്റ് ഫോറസ്റ്റിലെ കെൻഡൽ ഫയർ ടവർ ഉൾപ്പെടെ 25 വാച്ച് ടവറുകളുമായി ചേർന്നാണ് പുതിയ സംവിധാനം പ്രവർത്തിക്കുന്നത്. ടവർ ഓപ്പറേറ്റർമാർ ഓരോ മണിക്കൂറിലും കാലാവസ്ഥാ വിവരങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിനൊപ്പം, ക്യാമറ ദൃശ്യങ്ങൾ പരിശോധിച്ചും തീപിടിത്ത സാധ്യതകൾ വിലയിരുത്തും.
2019–2020 കാലത്തെ ബ്ലാക്ക് സമ്മർ കാട്ടുതീകൾക്ക് ശേഷം നടത്തിയ അന്വേഷണ റിപ്പോർട്ടിന്റെ ശുപാർശ പ്രകാരമാണ് റിമോട്ട് സെൻസിങ് സാങ്കേതികവിദ്യയിൽ കൂടുതൽ നിക്ഷേപം നടത്തിയത്. ഇതിന്റെ ഭാഗമായി റൂറൽ ഫയർ സർവീസ്, നാഷണൽ പാർക്സ് ആൻഡ് വൈൽഡ് ലൈഫ് സർവീസ്, ഫോറസ്റ്ററി കോർപ്പറേഷൻ ഓഫ് NSW, സ്വകാര്യ മരവ്യവസായ കമ്പനികൾ എന്നിവ ചേർന്ന് 36 ക്യാമറകൾ സ്ഥാപിച്ചു. ഇതിൽ 22 ക്യാമറകൾ സർക്കാർ ഏജൻസികളും 14 എണ്ണം സ്വകാര്യ സ്ഥാപനങ്ങളും പ്രവർത്തിപ്പിക്കുന്നു.
അടുത്തിടെ കാരബോസ്റ്റ് സ്റ്റേറ്റ് ഫോറസ്റ്റിൽ ഉണ്ടായ തീപിടിത്തം ക്യാമറകൾ മിനിറ്റുകൾക്കുള്ളിൽ കണ്ടെത്തിയതിനെ തുടർന്ന് രണ്ട് മണിക്കൂറിനുള്ളിൽ നിയന്ത്രണവിധേയമാക്കാൻ സാധിച്ചുവെന്ന് സോഫ്റ്റ്‌വുഡ്സ് വർക്കിങ് ഗ്രൂപ്പ് ജനറൽ മാനേജർ കാർലി പോർട്ടിയസ് പറഞ്ഞു.
തീയുടെ തീവ്രതയും വ്യാപനദിശയും വിലയിരുത്തി ആവശ്യമായ വിഭവങ്ങൾ വേഗത്തിൽ വിന്യസിക്കാൻ ക്യാമറകൾ സഹായിക്കുമെന്ന് റൂറൽ ഫയർ സർവീസ് ഉദ്യോഗസ്ഥർ പറയഞ്ഞു. പ്രത്യേകിച്ച് കഠിനമായ ഭൂപ്രദേശങ്ങളിൽ ഇത് നിർണായകമാകും.
2019–2020 കാലത്തെ കാട്ടുതീയിൽ 45,000 ഹെക്ടർ പൈൻ പ്ലാന്റേഷനുകൾ കത്തി നശിച്ചതിന് പിന്നാലെ, തീസംരക്ഷണം ശക്തമാക്കാൻ സർക്കാർ 13 മില്യൺ ഡോളറിന്റെ പ്ലാന്റേഷൻ ഫയർ പ്രൊട്ടക്ഷൻ പ്രോഗ്രാമും നടപ്പാക്കിയിട്ടുണ്ട്.
എന്നാൽ എഐ ക്യാമറകൾ ഉണ്ടെങ്കിലും ഫയർ ടവർ ഓപ്പറേറ്റർമാരുടെ പങ്ക് ഇപ്പോഴും അനിവാര്യമാണെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി. “മനുഷ്യന്റെ കണ്ണിനെയും അനുഭവത്തെയും പൂർണമായി മാറ്റിസ്ഥാപിക്കാൻ എഐയ്ക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല,” അവർ പറഞ്ഞു.