കനത്ത ചൂടുള്ള കാലാവസ്ഥയെത്തുടർന്ന് അപകടകരമായ വിധത്തിൽ കാട്ടുതീ ഭീഷണി നേരിടുകയാണ് ന്യൂ സൗത്ത് വെയിൽസ്. പ്രാദേശിക മേഖലകളിലാകെ കാട്ടുതീ പടരുന്ന സാഹചര്യത്തില്‍ അടിയന്തര സേവന വിഭാഗങ്ങള്‍ അതീവ ജാഗ്രതയിലാണ്.
രാവിലെ 9 മണിയ്ക്ക് സംസ്ഥാനത്ത് ആകെ 57 തീപിടിത്തങ്ങളാണ് റിപ്പോർട്ട് ചെയ്തത്. ഇതില്‍ ഒമ്പത് തീപിടിത്തങ്ങള്‍ ഇതുവരെയും നിയന്ത്രണവിധേയമായിട്ടില്ല. വീടുകളെയും കൃഷിസ്ഥലങ്ങളെയും പ്രധാന റോഡുകളെയും തീ ഭീഷണിപ്പെടുത്തുകയാണ്. കിഴക്കൻ, മദ്ധ്യ ന്യൂ സൗത്ത് വെയില്‍സ് മേഖലകളില്‍ അതി രൂക്ഷമായ തീ അപകട സാധ്യതയാണ് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.
ന്യൂകാസില്‍ മുതല്‍ ബേറ്റ്മാന്‍സ് ബേ വരെയും ഉള്‍നാടന്‍ പ്രദേശങ്ങളിലുമാണ് ഏറ്റവും അപകടകരമായ സാഹചര്യങ്ങളുള്ളത്. 38 മുതല്‍ 42 ഡിഗ്രി സെല്‍ഷ്യസ് വരെ താപനിലയും ശക്തമായ കാറ്റും ഇന്ന് അനുഭവപ്പെടുമെന്നാണ് മുന്നറിയിപ്പ്. ഇത് തീ പടരാന്‍ ഏറ്റവും അനുയോജ്യമായ സാഹചര്യമാണെന്നും ഇടിമിന്നലോടുകൂടിയ മഴയും പുതിയ തീപിടിത്തങ്ങള്‍ക്ക് കാരണമാകുമെന്നും അദ്ദേഹം പറഞ്ഞു.
മുന്നറിയിപ്പുകള്‍ നിരന്തരം നിരീക്ഷിക്കാനും മുന്‍കൂട്ടി തയ്യാറെടുക്കാനും തീപിടിത്ത സാധ്യതയുള്ള പ്രദേശങ്ങളിലേക്ക് അനാവശ്യ യാത്ര ഒഴിവാക്കാനും അധികൃതര്‍ ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.
അപ്പര്‍ ഹണ്ടറിലെ മസല്‍ബ്രൂക്കിന് സമീപം മില്‍സണ്‍സ് ഗള്ളിയിലും മിഡ് നോര്‍ത്ത് കോസ്റ്റിലെ ബുലഡെലയ്ക്കടുത്ത് പസഫിക് ഹൈവെയിലുമാണ് രണ്ട് പ്രധാന തീപിടിത്തങ്ങള്‍ ഇപ്പോഴും കത്തിക്കൊണ്ടിരിക്കുന്നത്. ഇന്ന് അതീവ ചൂടും വരണ്ട കാലാവസ്ഥയും ശക്തമായ കാറ്റും സാഹചര്യത്തെ വീണ്ടും ഗുരുതരമാക്കുമെന്നാണ് ഫയര്‍ സര്‍വീസിന്റെ മുന്നറിയിപ്പ്. മില്‍സണ്‍സ് ഗള്ളി തീ ബൈലോങ് വാലി വേയിലേക്കും ഗോള്‍ഡന്‍ ഹൈവേയിലേക്കും വ്യാപിക്കാനുള്ള സാധ്യതയുണ്ടെന്നും പുകമൂടല്‍ മൂലം റോഡുകള്‍ ഏത് നിമിഷവും അടയ്ക്കേണ്ടിവരുമെന്നും ആര്‍എഫ്‌എസ് അറിയിച്ചു.