office Luca Bravo/ Unsplash
New South Wales

ഇന്ധന വിലക്കയറ്റം: എൻ.എസ്.ഡബ്ല്യു കൗൺസിൽ ജീവനക്കാർക്കായി '4-ഡേ വർക്ക് വീക്ക്' വരുന്നു

ഇന്ധന വില ലിറ്ററിന് 2 ഡോളർ കടന്നാൽ ഉടൻ പ്രാബല്യത്തിൽ വരുന്ന രീതിയിൽ 12 മാസത്തെ അടിയന്തര നടപടികളാണ് യൂണിയൻ ആവശ്യപ്പെടുന്നത്.

Elizabath Joseph

സിഡ്‌നി: ഇന്ധന വില കുതിച്ചുയരുന്ന സാഹചര്യത്തിൽ ന്യൂ സൗത്ത് വെയ്‌ൽസിലെ കൗൺസിൽ ജീവനക്കാർക്ക് ആശ്വാസമേകാൻ ആഴ്ചയിൽ നാല് ദിവസത്തെ ജോലി, വർക്ക് ഫ്രം ഹോം (WFH) തുടങ്ങിയ ഇളവുകൾ നൽകണമെന്ന് യുണൈറ്റഡ് സർവീസ് യൂണിയൻ. ഇതുസംബന്ധിച്ച അപേക്ഷ യൂണിയൻ ഇൻഡസ്ട്രിയൽ റിലേഷൻസ് കമ്മീഷന് (IRC) മുൻപാകെ സമർപ്പിച്ചു. ഇന്ധന വില ലിറ്ററിന് 2 ഡോളർ കടന്നാൽ ഉടൻ പ്രാബല്യത്തിൽ വരുന്ന രീതിയിൽ 12 മാസത്തെ അടിയന്തര നടപടികളാണ് യൂണിയൻ ആവശ്യപ്പെടുന്നത്.

ഇന്ധന വില വർദ്ധനവ് മൂലം ഓരോ കൗൺസിൽ ജീവനക്കാരനും ആഴ്ചയിൽ ശരാശരി 50 മുതൽ 100 ഡോളർ വരെ അധികമായി ചിലവാക്കേണ്ടി വരുന്നുണ്ടെന്ന് യുഎസ് യു ലീഗൽ ഹെഡ് ഡാനിയൽ പാപ്‌സ് ചൂണ്ടിക്കാട്ടി. ഈ സാമ്പത്തിക ആഘാതം കുറയ്ക്കുന്നതിനായി താഴെ പറയുന്ന നിർദ്ദേശങ്ങളാണ് യൂണിയൻ മുന്നോട്ടുവെച്ചിരിക്കുന്നത്:

വീട്ടിലിരുന്ന് ജോലി ചെയ്യാൻ സാധിക്കുന്നവർക്ക് വർക്ക് ഫ്രം ഹോം നൽകുക.

ഫീൽഡ് ജോലികളിൽ ഏർപ്പെടുന്നവർക്കായി ആഴ്ചയിൽ നാല് ദിവസത്തെ ജോലി നിശ്ചയിക്കുക.

യാത്ര ലാഭിക്കുന്നതിനായി ജീവനക്കാർക്ക് ജോലിസ്ഥലങ്ങളിൽ തന്നെ ഷിഫ്റ്റ് ആരംഭിക്കാനും അവസാനിപ്പിക്കാനും സൗകര്യം നൽകുക.

ജീവനക്കാർക്ക് ജോലിസ്ഥലത്തേക്ക് എത്താൻ ഗതാഗത സൗകര്യം ഉറപ്പാക്കുക.

സംസ്ഥാനത്തെ 128 കൗൺസിലുകൾക്കും യൂണിയൻ ഇതുസംബന്ധിച്ച് കത്തയച്ചിട്ടുണ്ട്. എന്നാൽ, എല്ലാ കൗൺസിലുകൾക്കും ഒരേപോലെ നടപ്പിലാക്കാൻ കഴിയുന്ന ഒരു പരിഹാരമല്ല ഇതെന്നും നിലവിൽ ജീവനക്കാരുടെ പ്രശ്നങ്ങൾ കൗൺസിലുകൾ കൃത്യമായി കൈകാര്യം ചെയ്യുന്നുണ്ടെന്നുമാണ് ലോക്കൽ ഗവൺമെന്റ് അസോസിയേഷന്റെ നിലപാട്. അടുത്ത ആഴ്ച കേസിൽ കൂടുതൽ ചർച്ചകൾ നടക്കും.

SCROLL FOR NEXT