അബലോണുകൾ  ABC News
New South Wales

ആദിവാസി മത്സ്യത്തൊഴിലാളികൾക്കെതിരായ കേസ് തകർന്നു; സർക്കാരിന് കോടികളുടെ പിഴ, നിയമനടപടികൾ വിവാദത്തിൽ

കോടതി വിധി പ്രകാരം പ്രതിഭാഗത്തിന്റെ നിയമച്ചെലവായ 1.89 ദശലക്ഷം ഡോളർ (ഏകദേശം 10 കോടി രൂപ) നൽകാൻ എൻഎസ്ഡബ്ല്യു പോലീസിനോട് കോടതി ഉത്തരവിട്ടു.

Elizabath Joseph

ന്യൂ സൗത്ത് വെയ്‌ൽസിന്റെ (NSW) തെക്കൻ തീരത്ത് പതിനായിരക്കണക്കിന് ബ്ലാക്ക്ലിപ് അബലോണുകൾ (കടൽവിഭവങ്ങൾ) നിയമവിരുദ്ധമായി കടത്തിയെന്ന് ആരോപിച്ച് ഏഴ് തദ്ദേശീയരായ ആദിവാസി പുരുഷന്മാർക്കെതിരെ എടുത്ത കേസ് കോടതിയിൽ പരാജയപ്പെട്ടു. ദശലക്ഷക്കണക്കിന് ഡോളർ ചിലവഴിച്ച് പോലീസ് ആറ് മാസത്തോളം നടത്തിയ രഹസ്യ നിരീക്ഷണത്തിന് ഒടുവിലായിരുന്നു ഈ കേസ് ഫയൽ ചെയ്തത്. എന്നാൽ കേസ് പരാജയപ്പെടാൻ സാധ്യതയുണ്ടെന്ന നിയമോപദേശം നിലനിൽക്കെത്തന്നെ വിചാരണയുമായി മുന്നോട്ട് പോയ സർക്കാരിന് ഇപ്പോൾ തിരിച്ചടിയേറ്റു. കോടതി വിധി പ്രകാരം പ്രതിഭാഗത്തിന്റെ നിയമച്ചെലവായ 1.89 ദശലക്ഷം ഡോളർ (ഏകദേശം 10 കോടി രൂപ) നൽകാൻ എൻഎസ്ഡബ്ല്യു പോലീസിനോട് കോടതി ഉത്തരവിട്ടു.

തദ്ദേശീയ അവകാശങ്ങൾക്കായി വാദിക്കുന്ന ആദിവാസി സമൂഹത്തിന്റെ 'നേറ്റീവ് ടൈറ്റിൽ' ഉടമ്പടികളുമായി ബന്ധപ്പെട്ട രഹസ്യരേഖകൾ കോടതിയിൽ ഹാജരാക്കാൻ സാധിക്കില്ലെന്നതാണ് കേസ് തകരാൻ പ്രധാന കാരണമായത്. ഈ രേഖകൾ ഇല്ലാതെ നീതിപൂർണ്ണമായ വിചാരണ സാധ്യമല്ലെന്ന് പ്രതിഭാഗം അഭിഭാഷകർ വാദിച്ചു. കേസ് പിൻവലിക്കാൻ രണ്ട് വർഷം മുൻപ് തന്നെ നിർദ്ദേശം ഉണ്ടായിട്ടും 21 മാസത്തോളം വിചാരണ നീട്ടിക്കൊണ്ടുപോയത് നിയമസംവിധാനത്തിന്റെ വലിയ വീഴ്ചയായാണ് വിലയിരുത്തപ്പെടുന്നത്. സ്വന്തം സാംസ്കാരിക അവകാശങ്ങൾ വിനിയോഗിച്ചതിന് ക്രിമിനൽ മുദ്രകുത്തപ്പെട്ട തങ്ങൾക്കും കുടുംബത്തിനും ഉണ്ടായ മാനസികാഘാതം ഈ പണം കൊണ്ട് നികത്താനാവില്ലെന്ന് കേസിലകപ്പെട്ട കീത്ത് നൈ പറഞ്ഞു.

ആദിവാസി മത്സ്യത്തൊഴിലാളികൾക്കെതിരായ ഇത്തരം നിയമനടപടികൾ ഉടൻ അവസാനിപ്പിക്കണമെന്ന് വലിയ രീതിയിലുള്ള പ്രതിഷേധം ഇപ്പോൾ ഉയരുന്നുണ്ട്. കഴിഞ്ഞ 20 വർഷത്തിനിടെ നടന്ന 80 ശതമാനത്തിലധികം കേസുകളും സർക്കാർ പിന്നീട് പിൻവലിച്ചവയാണ്. സ്വന്തം ആചാരപ്രകാരം കടൽവിഭവങ്ങൾ ശേഖരിക്കാനുള്ള ആദിവാസി സമൂഹത്തിന്റെ അവകാശവും (Native Title) സർക്കാർ നിയമങ്ങളും തമ്മിലുള്ള പൊരുത്തക്കേടാണ് ഈ പ്രതിസന്ധിക്ക് കാരണം. ഈ നിയമപരമായ അവ്യക്തത പരിഹരിക്കപ്പെട്ടില്ലെങ്കിൽ തദ്ദേശീയരുടെ സാംസ്കാരിക പാരമ്പര്യം തന്നെ ഇല്ലാതാകുമെന്ന് സാമൂഹ്യ പ്രവർത്തകർ മുന്നറിയിപ്പ് നൽകുന്നു.

SCROLL FOR NEXT