ഓസ്ട്രേലിയയിലെ പ്രമുഖ മാധ്യമസ്ഥാപനമായ Nine Publishing, സിഡ്നി മോർണിംഗ് ഹെറാൾഡ്, ദി ഏജ് പത്രങ്ങളിൽ നിന്ന് 30 ജീവനക്കാരുടെ തസ്തികകൾ ഒഴിവാക്കുമെന്ന് പ്രഖ്യാപിച്ചു. ചൊവ്വാഴ്ച രാവിലെ ജീവനക്കാരുമായി നടത്തിയ ടൗൺഹാൾ യോഗത്തിൽ പബ്ലിഷിംഗ് മാനേജിങ് ഡയറക്ടർ ടോറി മഗ്വയർ ഈ തീരുമാനം പ്രഖ്യാപിച്ചു. ഡിജിറ്റൽ മാധ്യമരംഗത്തിന്റെ വളർച്ചയെ മുൻനിർത്തി സ്ഥാപനത്തിൽ ഘടനാപരമായ മാറ്റങ്ങൾ നടപ്പാക്കുന്നതിന്റെ ഭാഗമായാണ് തൊഴിലിടങ്ങൾ വെട്ടിക്കുറയ്ക്കുന്നതെന്ന് അവർ വ്യക്തമാക്കി. മാറിക്കൊണ്ടിരിക്കുന്ന മാധ്യമരംഗത്തോട് സ്ഥാപനത്തെ പൊരുത്തപ്പെടുത്തുകയും, ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾക്ക് കൂടുതൽ പ്രാധാന്യം നൽകി പുതിയ വായനക്കാരെ ആകർഷിക്കുകയും ചെയ്യേണ്ടത് അനിവാര്യമാണെന്ന് മഗ്വയർ ജീവനക്കാർക്ക് അയച്ച സന്ദേശത്തിൽ പറഞ്ഞു.
ഗുണമേന്മയുള്ള പത്രപ്രവർത്തനം നിലനിർത്താൻ സ്ഥാപനത്തിന്റെ വാണിജ്യ വളർച്ചയും ഡിജിറ്റൽ-ഫസ്റ്റ് തന്ത്രവും ശക്തിപ്പെടുത്തേണ്ടതുണ്ടെന്നും അവർ കൂട്ടിച്ചേർത്തു. ഈ വർഷം ആദ്യം Nine-ന്റെ ബ്രോഡ്കാസ്റ്റിംഗ് വിഭാഗത്തിലും ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു. എന്നാൽ പുതിയ പിരിച്ചുവിടൽ നടപടികൾ Australian Financial Review (AFR) പത്രത്തെ ബാധിക്കില്ലെന്ന് കമ്പനി അറിയിച്ചു.