New South Wales

പലിശനിരക്ക് മാറ്റമില്ലാതെ നിലനിർത്തുമെന്ന് വിലയിരുത്തൽ; പ്രതീക്ഷയോടെ ഭവനവായ്പക്കാർ

നാഷണൽ ഓസ്ട്രേലിയ ബാങ്ക് (NAB) മുമ്പ് പ്രവചിച്ചിരുന്ന ഓഗസ്റ്റിലെ പലിശനിരക്ക് വർധന സാധ്യത പിൻവലിച്ചിട്ടുണ്ട്. അടുത്ത നീക്കം പലിശനിരക്ക് കുറയ്ക്കുന്നതാകാമെന്നാണ് ബാങ്കിന്റെ പുതിയ വിലയിരുത്തൽ.

Safvana Jouhar

സിഡ്നി: ഓസ്ട്രേലിയൻ റിസർവ് ബാങ്ക് (RBA) അടുത്ത ആഴ്ച നടക്കുന്ന യോഗത്തിൽ പലിശനിരക്ക് മാറ്റമില്ലാതെ നിലനിർത്തുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ പൊതുവായ വിലയിരുത്തൽ. എന്നാൽ നിരക്ക് വീണ്ടും ഉയരാനുള്ള സാധ്യത പൂർണമായും തള്ളിക്കളയാനാകില്ലെന്നും മുന്നറിയിപ്പുണ്ട്.

നിലവിൽ ആർബിഎയുടെ ഔദ്യോഗിക ക്യാഷ് റേറ്റ് 4.35 ശതമാനമാണ്. ഈ വർഷം ഫെബ്രുവരി, മാർച്ച്, മേയ് മാസങ്ങളിൽ തുടർച്ചയായി പലിശനിരക്ക് ഉയർത്തിയതോടെ ഭവനവായ്പയുള്ള കുടുംബങ്ങളുടെ ചെലവ് ഗണ്യമായി വർധിച്ചു. ഫൈൻഡറിന്റെ കണക്കുകൾ പ്രകാരം, ശരാശരി 736,259 ഡോളർ ഭവനവായ്പയുള്ള ഒരാളുടെ വാർഷിക തിരിച്ചടവ് ഈ വർഷം മാത്രം 2,805 ഡോളർ വരെ വർധിച്ചിട്ടുണ്ട്. മാർച്ചിലെ പലിശനിരക്ക് വർധന മാത്രം പ്രതിമാസ തിരിച്ചടവിൽ 118 ഡോളറിന്റെ അധികഭാരം സൃഷ്ടിച്ചു. ഒരു മില്യൺ ഡോളർ വായ്പയുള്ളവർക്ക് പ്രതിമാസം ഏകദേശം 160 ഡോളർ അധികമായി നൽകേണ്ടിവരുന്നതായും റിപ്പോർട്ടിൽ പറയുന്നു.

അതേസമയം, നാഷണൽ ഓസ്ട്രേലിയ ബാങ്ക് (NAB) മുമ്പ് പ്രവചിച്ചിരുന്ന ഓഗസ്റ്റിലെ പലിശനിരക്ക് വർധന സാധ്യത പിൻവലിച്ചിട്ടുണ്ട്. അടുത്ത നീക്കം പലിശനിരക്ക് കുറയ്ക്കുന്നതാകാമെന്നാണ് ബാങ്കിന്റെ പുതിയ വിലയിരുത്തൽ. എന്നിരുന്നാലും പണപ്പെരുപ്പം ഇപ്പോഴും ആർബിഎയുടെ ലക്ഷ്യപരിധിക്ക് മുകളിലായതിനാൽ ഭാവി തീരുമാനങ്ങൾ സാമ്പത്തിക കണക്കുകളെ ആശ്രയിച്ചായിരിക്കുമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ജൂൺ 16-നാണ് ആർബിഎയുടെ അടുത്ത പലിശനിരക്ക് പ്രഖ്യാപനം. പലിശനിരക്ക് വീണ്ടും ഉയരാതെ നിലനിൽക്കുമെന്ന പ്രതീക്ഷയിലാണ് രാജ്യത്തെ ലക്ഷക്കണക്കിന് ഭവനവായ്പ ഉപഭോക്താക്കൾ.

SCROLL FOR NEXT