ന്യൂ സൗത്ത് വെയിൽസിൽ കനത്ത മഴയെ തുടർന്ന് വെള്ളം കേറിയത് കാരണം 20 ലധികം റോഡുകൾ അടച്ചു. ലൈവ് ട്രാഫിക്കിന്റെ റിപ്പോർട്ട് പ്രകാരം ന്യൂ സൗത്ത് വെയിൽസിൽ വെള്ളപ്പൊക്കം കാരണം 23 റോഡുകൾ അടച്ചിട്ടിട്ടുണ്ട് , സിഡ്‌നിയുടെ വടക്ക് ഭാഗങ്ങളിലുള്ള ഭൂരിഭാഗം റോഡുകളാണ് അടച്ചത്. ന്യൂകാസിൽ, ടാംവർത്ത്, കെംപ്‌സി എന്നിവ കൂടാതെ വോളോങ്കോങ്ങിന് തെക്ക്, ബൗറൽ, ആൽബിയോൺ പാർക്ക് എന്നിവയ്ക്ക് ചുറ്റുമുള്ള നാല് റോഡുകളും അടച്ചിട്ടിട്ടുണ്ട്. ഡ്രൈവർമാർ വാഹനമോടിക്കുമ്പോൾ ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
സെൻട്രൽ കോസ്റ്റ്, സിഡ്‌നി, ബ്ലൂ മൗണ്ടൻസ്, വോളോങ്കോങ്, സൗത്ത് കോസ്റ്റ് മേഖലകളിൽ ഇന്ന് ഉച്ചകഴിഞ്ഞ് മണിക്കൂറിൽ 125 കിലോമീറ്റർ വേഗതയിൽ വരെ കാറ്റടിക്കുമെന്ന് കാലാവസ്ഥ മുന്നറിയിപ്പ്. അതേസമയം തീരദേശ പ്രദേശങ്ങളിലും ഹോക്സ്ബറി നേപ്പിയനിലും നേരിയതോ മിതമായതോ ആയ വെള്ളപ്പൊക്കത്തിന് സാധ്യതയുണ്ടെന്ന് റിപ്പോർട്ട്. നേപ്പിയൻ നദിക്കരിക്കിലെ താഴ്ന്ന പ്രദേശങ്ങളിൽ ഇന്ന് രാത്രി വെള്ളപ്പൊക്കവും മുന്നറിയിപ്പുകളും വർദ്ധിച്ചേക്കാമെന്നാണ് വിലയിരുത്തൽ.