ഓസ്ട്രേലിയയിലെ പ്രമുഖ ബാങ്കായ Westpac-ന്റെ സിഡ്നിയിലെ റോക്ക്ഡെയിൽ ശാഖയിലെ മുൻ ഹോം ഫിനാൻസ് മാനേജർ പ്രവീൺ കുമാർ മാലിക്കിനെ (64) ഉപഭോക്താക്കളിൽ നിന്ന് രഹസ്യമായി പണം വാങ്ങി വായ്പാ വിലയിരുത്തലിൽ അനുകൂലം ചെയ്തെന്ന ഗുരുതര ആരോപണത്തെ തുടർന്ന് ജോലിയിൽ നിന്ന് പിരിച്ചുവിട്ട നടപടി ഫെയർ വർക്ക് കമ്മീഷൻ ശരിവെച്ചു. 20 വർഷത്തിലേറെ വെസ്റ്റ്‌പാക്കിൽ സേവനമനുഷ്ഠിച്ചിരുന്ന മാലിക്കിനെ കഴിഞ്ഞ വർഷം സെപ്റ്റംബറിലാണ് ബാങ്ക് പുറത്താക്കിയത്. അദ്ദേഹത്തിന്റെ വായ്പാ നടപടിക്രമങ്ങളെക്കുറിച്ച് മാസങ്ങളോളം നീണ്ട ആഭ്യന്തര അന്വേഷണത്തിൽ ബാങ്കിന്റെ നയങ്ങൾ ഗുരുതരമായി ലംഘിച്ചതായി കണ്ടെത്തിയിരുന്നു.
അന്വേഷണത്തിൽ, ഉപഭോക്താക്കളിൽ നിന്ന് താൽപര്യ സംഘർഷം വെളിപ്പെടുത്താതെ പണം സ്വീകരിച്ചതും, ഉത്തരവാദിത്തമുള്ള വായ്പാ മാനദണ്ഡങ്ങൾ പാലിക്കാതിരുന്നതും, ഔദ്യോഗിക ആശയവിനിമയത്തിന് പകരം ജോലി ഫോണിൽ WhatsApp ഉപയോഗിച്ച് ഉപഭോക്താക്കളുമായി ഇടപാടുകൾ നടത്തിയതും കണ്ടെത്തി. ഒരു ഉപഭോക്താവ് വായ്പാ നടപടിയുമായി ബന്ധപ്പെട്ട് മാലിക്കിന്റെ കമ്പനിക്ക് 2,000 ഡോളർ കൈമാറാൻ ശ്രമിച്ചെങ്കിലും ഇടപാട് തടയപ്പെട്ടു. തുടർന്ന് അതേ തുക പണമായി ബാങ്ക് ശാഖയിലെത്തി നൽകിയതായും അന്വേഷണത്തിൽ കണ്ടെത്തി. മറ്റൊരു ഉപഭോക്താവ് 7,500 ഡോളർ മാലിക്കിന്റെ കമ്പനിക്ക് കൈമാറിയതിന്റെ തെളിവുകളും അന്വേഷണസംഘം കണ്ടെത്തി.
എന്നാൽ ഈ തുകകൾ വായ്പാ സേവനത്തിനല്ലെന്നും, തന്റെ സ്ഥലത്ത് ബാക്കിയാക്കിയ ടൈലുകൾ വിറ്റതിനുള്ള പണമാണെന്നും മാലിക് വാദിച്ചു. എന്നാൽ ഹാജരാക്കിയ ഇൻവോയിസുകൾ വിശ്വസനീയമല്ലെന്നും യഥാർത്ഥ രേഖകളല്ലെന്നും കമ്മീഷൻ കണ്ടെത്തി. തന്നെ ലക്ഷ്യമിട്ട് അന്വേഷണം നടത്തിയതാണെന്നും, ബാങ്കിലെ അഴിമതിക്കെതിരെ ശബ്ദമുയർത്തിയതിന് പ്രതികാരമായാണ് നടപടി സ്വീകരിച്ചതെന്നുമുള്ള മാലിക്കിന്റെ വാദവും കമ്മീഷൻ തള്ളി. "പിരിച്ചുവിടൽ കടുത്തതോ അന്യായമോ യുക്തിരഹിതമോ അല്ല. ഗുരുതരമായ ആരോപണങ്ങളിൽ ബാങ്ക് നടത്തിയ അന്വേഷണം നിയമാനുസൃതവും ന്യായവുമായിരുന്നു," എന്ന് ഫെയർ വർക്ക് കമ്മീഷണർ സാറ മക്കിന്നൺ വിധിയിൽ വ്യക്തമാക്കി.