(AP Photo/Lindsey Wasson)
New South Wales

ആഗോള മൈക്രോസോഫ്റ്റ് സേവന തടസ്സം: പരിഹാര നടപടികളിൽ പുരോഗതിയെന്ന് കമ്പനി

എക്സ്ചേഞ്ച് ഓൺലൈൻ, ഇമെയിൽ സംവിധാനങ്ങളുമായി ബന്ധപ്പെട്ട മൈക്രോസോഫ്റ്റ് 365 സേവനങ്ങളെയാണ് തടസ്സം ബാധിച്ചത്. AI അസിസ്റ്റന്റായ കോപൈലറ്റും പ്രവർത്തിക്കുന്നില്ലെന്ന് ഉപയോക്താക്കൾ റിപ്പോർട്ട് ചെയ്തു.

Safvana Jouhar

ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ഉപയോക്താക്കളെ ബാധിച്ച മൈക്രോസോഫ്റ്റ് സേവന തടസ്സം പരിഹരിക്കുന്നതിൽ പുരോഗതിയുണ്ടെന്ന് കമ്പനി. തടസ്സം ആരംഭിച്ച് 14 മണിക്കൂറിലേറെ പിന്നിട്ട ശേഷമാണ് സേവനങ്ങളുടെ സ്ഥിരതയും ശേഷിയും മെച്ചപ്പെട്ടതായി മൈക്രോസോഫ്റ്റ് അറിയിച്ചത്. വെള്ളിയാഴ്ച വൈകിട്ട് ആറുമണിയോടെ പുറത്തുവിട്ട അറിയിപ്പിൽ, ട്രാഫിക് നിയന്ത്രണവും ഒപ്റ്റിമൈസേഷൻ നടപടികളും വഴി സേവനങ്ങളുടെ പ്രവർത്തനം മെച്ചപ്പെട്ടുതുടങ്ങിയതായി കമ്പനി വ്യക്തമാക്കി. ബാധിത പ്രദേശങ്ങളിലുടനീളം ഈ നടപടികൾ വ്യാപിപ്പിക്കുകയാണെന്നും അറിയിച്ചു. രാത്രി പത്തുമണിയോടെ പുറത്തുവിട്ട മറ്റൊരു അറിയിപ്പിൽ, ബാധിത സംവിധാനങ്ങളുടെ ചില ഭാഗങ്ങളിൽ പുനഃസ്ഥാപന നടപടികൾ പൂർത്തിയാക്കിയെന്നും ട്രാഫിക് ഘട്ടംഘട്ടമായി തിരിച്ചുകൊണ്ടുവരികയാണെന്നും കമ്പനി പറഞ്ഞു. ഇമെയിൽ ലഭ്യതയിലും വൈകിയെത്തുന്ന സന്ദേശങ്ങളുടെ കൈകാര്യം ചെയ്യലിലും പുരോഗതിയുണ്ടെങ്കിലും ഇടയ്ക്കിടെ തടസ്സങ്ങൾ തുടരാൻ സാധ്യതയുണ്ടെന്നും അറിയിച്ചു.

ഔട്ട്‌ലുക്ക്, ടീമ്സ്, കോപൈലറ്റ് ഉൾപ്പെടെയുള്ള സേവനങ്ങൾ തടസ്സത്തിൽ

ദിവസത്തിന്റെ ഭൂരിഭാഗം സമയവും മൈക്രോസോഫ്റ്റിന്റെ ഔട്ട്‌ലുക്ക്, ടീമ്സ് തുടങ്ങിയ സേവനങ്ങൾ പ്രവർത്തനരഹിതമായിരുന്നു. എക്സ്ചേഞ്ച് ഓൺലൈൻ, ഇമെയിൽ സംവിധാനങ്ങളുമായി ബന്ധപ്പെട്ട മൈക്രോസോഫ്റ്റ് 365 സേവനങ്ങളെയാണ് തടസ്സം ബാധിച്ചത്. AI അസിസ്റ്റന്റായ കോപൈലറ്റും പ്രവർത്തിക്കുന്നില്ലെന്ന് ഉപയോക്താക്കൾ റിപ്പോർട്ട് ചെയ്തു. ഉച്ചയ്ക്ക് രണ്ടുമണിയോടെ, സേവനം പുനഃസ്ഥാപിക്കാനുള്ള നടപടികൾ പ്രതീക്ഷിച്ച ഫലം നൽകുന്നില്ലെന്ന് മൈക്രോസോഫ്റ്റ് സമ്മതിച്ചിരുന്നു. തുടർച്ചയായ ട്രാഫിക് അസന്തുലിതാവസ്ഥ മറികടക്കാൻ കൂടുതൽ ശേഷി ലഭ്യമാക്കുന്നതിനുള്ള ബദൽ മാർഗങ്ങൾ പരിശോധിക്കുകയാണെന്നും കമ്പനി അറിയിച്ചു.

ഓസ്‌ട്രേലിയയിലെ സ്കൂളുകൾ, സർവകലാശാലകൾ, സ്ഥാപനങ്ങൾ, സർക്കാർ വകുപ്പുകൾ എന്നിവയെല്ലാം തടസ്സം ബാധിച്ചു. ഇമെയിലുകൾ അയയ്ക്കാനോ സ്വീകരിക്കാനോ കഴിയാത്തതിനാൽ ചില സ്ഥാപനങ്ങൾ ഫാക്സ് സംവിധാനത്തിലേക്ക് മടങ്ങേണ്ടിവന്നു. സൈബർ ആക്രമണമല്ല, തെറ്റായ സോഫ്റ്റ്‌വെയർ അപ്‌ഡേറ്റിനെ തുടർന്നുണ്ടായ പ്രശ്നമാകാമെന്നാണ് മൈക്രോസോഫ്റ്റിന്റെ പ്രാഥമിക വിലയിരുത്തലെന്ന് ഓസ്‌ട്രേലിയൻ ആഭ്യന്തരകാര്യ മന്ത്രി ടോണി ബർക്ക് പറഞ്ഞു. 2024-ൽ ക്രൗഡ്‌സ്ട്രൈക്ക് അപ്‌ഡേറ്റിലെ പിഴവിനെത്തുടർന്ന് 85 ലക്ഷത്തിലധികം മൈക്രോസോഫ്റ്റ് ഉപകരണങ്ങൾ തകരാറിലായ സംഭവത്തിന് സമാനമായിരിക്കാമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

മിനിറ്റിൽ 20,000 പരാതികൾ

സേവന തടസ്സം റിപ്പോർട്ട് ചെയ്യുന്ന വെബ്സൈറ്റായ ഡൗൺഡിറ്റക്ടറിൽ മിനിറ്റിൽ ഏകദേശം 20,000 പരാതികൾ വരെ രേഖപ്പെടുത്തി. 74 രാജ്യങ്ങളിലായി മൈക്രോസോഫ്റ്റിന്റെ അഞ്ച് സേവനങ്ങളെ തടസ്സം ബാധിച്ചതിന് പിന്നാലെ, സൈറ്റിൽ പരാതിപ്പെട്ടവരുടെ എണ്ണം ഒരു ഘട്ടത്തിൽ 1.30 ലക്ഷം കടന്നു. എക്സ്ചേഞ്ച് ഓൺലൈൻ, മൈക്രോസോഫ്റ്റ് ടീമ്സ്, ഷെയർപോയിന്റ് ഓൺലൈൻ, കോപൈലറ്റ് 365, മൈക്രോസോഫ്റ്റ് ഡിഫൻഡർ, പ്ലാനർ, ടു ഡു, ഇൻട്യൂൺ, പവർ BI തുടങ്ങിയ നിരവധി സേവനങ്ങളെയാണ് ബാധിച്ചത്. പ്രിന്റിങ് സംവിധാനമായ യൂണിവേഴ്സൽ പ്രിന്റ്, വിൻഡോസ് 365 എന്നിവയിലും പ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്തു. തകരാറിലായ ചില സെർവറുകൾ പുനരാരംഭിച്ചെങ്കിലും വീണ്ടും പ്രവർത്തനരഹിതമായതായി മൈക്രോസോഫ്റ്റ് അറിയിച്ചു. പ്രശ്നത്തിന്റെ കാരണം കണ്ടെത്താൻ നെറ്റ്‌വർക്കിങ്, പ്ലാറ്റ്ഫോം വിദഗ്ധർ പരിശോധന നടത്തുകയാണ്. ചില സെർവറുകൾ പഴയ സോഫ്റ്റ്‌വെയർ ക്രമീകരണത്തിലേക്ക് മാറ്റി പുനർനിർമിച്ചും കമ്പനി പരീക്ഷണം നടത്തുന്നു.

അടിയന്തര സേവനങ്ങളെ കാര്യമായി ബാധിച്ചിട്ടില്ല

വിക്ടോറിയയിൽ ട്രിപ്പിൾ സീറോ അടിയന്തര സേവനങ്ങളെ തടസ്സം നേരിട്ട് ബാധിച്ചിട്ടില്ലെന്ന് അധികൃതർ അറിയിച്ചു. പൊതുജനങ്ങൾക്ക് അടിയന്തര സഹായത്തിനായി 000-ൽ ബന്ധപ്പെടാമെന്നും സേവനം ലഭ്യമാണെന്നും വ്യക്തമാക്കി.

ക്വീൻസ്‌ലൻഡ് ഹെൽത്തും അടിയന്തര സാഹചര്യങ്ങളിൽ ട്രിപ്പിൾ സീറോയിൽ ബന്ധപ്പെടുന്നത് തുടരണമെന്ന് അറിയിച്ചു. മെൽബൺ വിമാനത്താവളത്തിലെ വിമാന സർവീസുകളെയും തടസ്സം ബാധിച്ചിട്ടില്ല. എന്നാൽ വിർജിൻ ഓസ്‌ട്രേലിയയുടെ സ്ഥിരീകരണ ഇമെയിലുകൾ വൈകാൻ സാധ്യതയുണ്ടെന്ന് കമ്പനി അറിയിച്ചു.

ക്വീൻസ്‌ലൻഡ് ഹെൽത്ത് നിലവിൽ ചികിത്സാ സേവനങ്ങളെ ബാധിക്കുന്ന പ്രശ്നങ്ങളൊന്നും അറിയിച്ചിട്ടില്ല. ആവശ്യമായിടത്ത് പ്രവർത്തന തുടർച്ചാ പദ്ധതികൾ നടപ്പാക്കുന്നുണ്ടെന്നും അധികൃതർ വ്യക്തമാക്കി. അഡിലെയ്ഡ് സർവകലാശാലയിലെ ജീവനക്കാരെയും വിദ്യാർഥികളെയും തടസ്സം ബാധിച്ചു. ചാൾസ് സ്റ്റർട്ട് സർവകലാശാലയിൽ ഔട്ട്‌ലുക്കും മറ്റ് മൈക്രോസോഫ്റ്റ് സേവനങ്ങളും തകരാറിലായെങ്കിലും ടീമ്സും സൂമും പ്രവർത്തിച്ചിരുന്നതായി സർവകലാശാല അറിയിച്ചു. ന്യൂ സൗത്ത് വെയിൽസിലെ സർവീസ് സെന്ററുകളിലും കോൾ സെന്ററുകളിലും ചില ഇടപാടുകൾ ലഭ്യമല്ലാതായി. അടിയന്തരമല്ലാത്ത ആവശ്യങ്ങൾക്ക് സർവീസ് സെന്ററുകളിലേക്കുള്ള സന്ദർശനം മാറ്റിവെക്കാനും കഴിയുന്നിടത്ത് ഓൺലൈൻ സേവനങ്ങൾ ഉപയോഗിക്കാനും അധികൃതർ നിർദേശിച്ചു.

തട്ടിപ്പുകാരെ സൂക്ഷിക്കണമെന്ന് മുന്നറിയിപ്പ്

സേവന തടസ്സം മുതലെടുത്ത് തട്ടിപ്പുകാർ രംഗത്തിറങ്ങാൻ സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്ന് ഓസ്‌ട്രേലിയക്കാർക്ക് മുന്നറിയിപ്പ് നൽകി. ഇന്റർനെറ്റ് സേവനദാതാക്കളുടെയോ സ്ഥാപനങ്ങളുടെ ഐടി വിഭാഗത്തിന്റെയോ പേരിൽ വിളിച്ച് വ്യക്തിഗത വിവരങ്ങൾ ശേഖരിക്കാൻ തട്ടിപ്പുകാർ ശ്രമിച്ചേക്കാമെന്ന് കസ്റ്റമർ ഓൺഡ് ബാങ്കിങ് അസോസിയേഷനിലെ സാമ്പത്തിക കുറ്റകൃത്യ, സൈബർ സുരക്ഷാ വിഭാഗം മേധാവി മാർട്ടിൻ ലാറ്റിമർ പറഞ്ഞു. പരിചയമില്ലാത്ത നമ്പറുകളിൽ നിന്നുള്ള കോളുകൾ വിശ്വസിക്കരുതെന്നും സോഫ്റ്റ്‌വെയർ അപ്‌ഡേറ്റ് ചെയ്യാനെന്ന പേരിൽ ലിങ്കുകൾ തുറക്കുകയോ കമ്പ്യൂട്ടറിന്റെ റിമോട്ട് ആക്സസ് നൽകുകയോ ചെയ്യരുതെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ബാങ്കുകൾ ഒരിക്കലും പണം കൈമാറാനോ പാസ്‌വേഡുകൾ വെളിപ്പെടുത്താനോ ആവശ്യപ്പെടില്ലെന്നും അദ്ദേഹം ഓർമിപ്പിച്ചു. തട്ടിപ്പിന് ഇരയായെന്ന് സംശയിക്കുന്നവർ ഉടൻ ബാങ്കുമായി ബന്ധപ്പെടുകയും അനധികൃത ഇടപാടുകൾ റിപ്പോർട്ട് ചെയ്ത് അക്കൗണ്ടുകൾ സുരക്ഷിതമാക്കുകയും വേണമെന്നും നിർദേശിച്ചു.

ലോകമെമ്പാടും പ്രത്യാഘാതം

യൂറോപ്പിൽ മൈക്രോസോഫ്റ്റ് സേവനങ്ങൾ ക്രമേണ പുനഃസ്ഥാപിക്കപ്പെടുന്നതായി കമ്പനി അറിയിച്ചു. എന്നാൽ വിവിധ രാജ്യങ്ങളിലെ സർക്കാർ വകുപ്പുകളെയും ആരോഗ്യസംവിധാനങ്ങളെയും ധനകാര്യ സ്ഥാപനങ്ങളെയും ബിസിനസുകളെയും തടസ്സം ബാധിച്ചു. ബ്രിട്ടനിലെ നാഷണൽ ഹെൽത്ത് സർവീസും ലണ്ടൻ മെട്രോപൊളിറ്റൻ പൊലീസും ബദൽ സംവിധാനങ്ങൾ ഉപയോഗിക്കേണ്ടിവന്നു. ചില കുറ്റകൃത്യങ്ങൾ ഓൺലൈനായി റിപ്പോർട്ട് ചെയ്യുന്നതിൽ പൊലീസിന് തടസ്സമുണ്ടായെങ്കിലും അടിയന്തര കോളുകൾക്ക് പ്രതികരിക്കുന്നതിനെ ബാധിച്ചിട്ടില്ല.

ഹോങ്കോങ്ങിലെ ചില ബാങ്കുകളുടെ പ്രവർത്തനങ്ങളിലും തായ്‌വാനിലെ ധനകാര്യ സ്ഥാപനങ്ങളുടെ ഇടപാടുകളിലും തടസ്സമുണ്ടായി. സിംഗപ്പൂരിൽ സർക്കാർ ഇമെയിൽ സേവനങ്ങളും ഫിലിപ്പീൻസിലെ സുപ്രീം കോടതിയുടെ ചില പ്രവർത്തനങ്ങളും ബാധിച്ചു. ജപ്പാൻ സർക്കാർ ബദൽ ആശയവിനിമയ സംവിധാനങ്ങൾ ഒരുക്കി. ഇന്ത്യയിൽ ഇൻഡിഗോ, ആകാശ എയർ, എയർ ഇന്ത്യ തുടങ്ങിയ വിമാനക്കമ്പനികളുടെ ഇമെയിൽ പിന്തുണാ സേവനങ്ങളെയും തടസ്സം ബാധിച്ചു. തകരാറിന്റെ യഥാർഥ കാരണം കണ്ടെത്താനുള്ള അന്വേഷണം തുടരുകയാണ്.

SCROLL FOR NEXT