ഓസ്ട്രേലിയയിലെ മുൻ ലേബർ പാർട്ടി നേതാവും ന്യൂ സൗത്ത് വെയിൽസ് സ്വതന്ത്ര എംപിയുമായ മാർക്ക് ലാഥത്തിന് 1.75 ലക്ഷം ഡോളറിലധികം കുടിശ്ശികയുള്ളതിനെത്തുടർന്ന് പാപ്പരത്ത നോട്ടീസ് കൈമാറി. ശനിയാഴ്ച റാൻഡ്വിക്ക് റേസ്കോഴ്സിൽ നടന്ന ഗോൾഡൻ ഈഗിൾ കുതിരപ്പന്തയ പരിപാടിയിൽ പങ്കെടുക്കുന്നതിനിടെയാണ് നോട്ടീസ് നൽകിയത്. എൻഎസ്ഡബ്ല്യു സ്വതന്ത്ര എംപി അലക്സാണ്ടർ ഗ്രീൻവിച്ചാണ് നോട്ടീസ് നൽകിയത്. അപകീർത്തിപ്പെടുത്തൽ, ലൈംഗികാതിക്രമം എന്നിവയുമായി ബന്ധപ്പെട്ട കേസിൽ ഫെഡറൽ കോടതിയിൽ ലാഥത്തിനെതിരെ ഗ്രീൻവിച്ച് വിജയിച്ചിരുന്നു. ഇതിന്റെ ഭാഗമായി കോടതി വിധിച്ച നഷ്ടപരിഹാരവും പലിശയുമടക്കം 1,75,000 ഡോളറാണ് ഇപ്പോൾ ആവശ്യപ്പെടുന്നത്.
കുതിരപ്പന്തയ വേദിയിൽവെച്ച് ഒരു വലിയ കെട്ട് രേഖകൾ ലാഥത്തിന് കൈമാറുകയായിരുന്നു. രേഖകളിൽ എന്താണെന്ന് ചോദിച്ച മാധ്യമപ്രവർത്തകനോട് താൻ ഇതുവരെ പരിശോധിച്ചിട്ടില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ഗ്രീൻവിച്ചിന് പണം നൽകുന്നതുമായി ബന്ധപ്പെട്ട ചോദ്യങ്ങളോട് പ്രതികരിക്കാൻ വിസമ്മതിച്ച ലാഥം, വിഷയം തന്റെ അഭിഭാഷകന്റെ പരിഗണനയിലാണെന്നും വ്യക്തമാക്കി. കോടതി വിധിച്ച നിയമച്ചെലവുകൾ ഈ നോട്ടീസിൽ ഉൾപ്പെടുത്തിയിട്ടില്ല. ഡെയ്ലി ടെലഗ്രാഫിന്റെ റിപ്പോർട്ട് പ്രകാരം, ഏകദേശം പത്തുലക്ഷം ഡോളറോളം നിയമച്ചെലവും ലാഥം നൽകാനുണ്ട്. കുടിശ്ശിക അടയ്ക്കാൻ 21 ദിവസത്തെ സമയമാണ് അനുവദിച്ചിരിക്കുന്നത്. നിശ്ചിത സമയത്തിനുള്ളിൽ പണം അടച്ചില്ലെങ്കിൽ ലാഥത്തിന്റെ സ്വത്തുക്കളും വരുമാനവും കൈകാര്യം ചെയ്യാൻ ട്രസ്റ്റിയെ നിയമിക്കുന്നതടക്കമുള്ള നടപടികളിലേക്ക് നീങ്ങാം. ആവശ്യമായ തുക കണ്ടെത്തുന്നതിനായി സ്വത്തുക്കൾ വിൽക്കാനും സാധ്യതയുണ്ട്.
ന്യൂ സൗത്ത് വെയിൽസ് ഭരണഘടനാ നിയമം 1902 പ്രകാരം പാപ്പരാകുകയോ പാപ്പരത്തവുമായി ബന്ധപ്പെട്ട നിയമപരമായ ആനുകൂല്യങ്ങൾ തേടുകയോ ചെയ്യുന്ന പാർലമെന്റ് അംഗത്തിന് തന്റെ സീറ്റ് ഒഴിയേണ്ടിവരും. അതിനാൽ നോട്ടീസിലെ നടപടികൾ ലാഥത്തിന്റെ പാർലമെന്റ് അംഗത്വത്തെയും ബാധിച്ചേക്കാം. നോട്ടീസ് ലഭിച്ചതിന് പിന്നാലെ എക്സിലൂടെ പ്രതികരിച്ച ലാഥം, കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട ആശങ്കകളെയും പുനരുപയോഗ ഊർജത്തെയും എതിർക്കുന്നതിന്റെ പേരിൽ തന്നെ പാർലമെന്റിൽനിന്ന് പുറത്താക്കാനാണ് ഗ്രീൻവിച്ച് ശ്രമിക്കുന്നതെന്ന് ആരോപിച്ചു.
2023 മാർച്ചിൽ സാമൂഹിക മാധ്യമത്തിലൂടെ നടത്തിയ പരാമർശം ഉൾപ്പെടെ നാല് പ്രസ്താവനകളെച്ചൊല്ലിയാണ് ഗ്രീൻവിച്ച് ലാഥത്തിനെതിരെ നിയമനടപടി ആരംഭിച്ചത്. ഒരു പരിപാടിയിൽ ലാഥം പങ്കെടുത്തതിനെക്കുറിച്ച് ഗ്രീൻവിച്ച് നടത്തിയ വിമർശനത്തിന് പിന്നാലെയായിരുന്നു വിവാദ പരാമർശങ്ങൾ. സ്വവർഗാനുരാഗികളെ അധിക്ഷേപിക്കുന്ന കടുത്ത പരാമർശങ്ങളും ലാഥത്തിന്റെ പോസ്റ്റിലുണ്ടായിരുന്നു. 2026 ഏപ്രിലിൽ ഗ്രീൻവിച്ചിനെക്കുറിച്ചുള്ള പരാമർശങ്ങൾ സാമൂഹിക മാധ്യമങ്ങളിൽനിന്ന് നീക്കാനും 1,00,000 ഡോളർ നഷ്ടപരിഹാരം നൽകാനും ലാഥത്തോട് ഉത്തരവിട്ടിരുന്നു. വിധിക്കെതിരെ അപ്പീൽ നൽകുമെന്ന് അദ്ദേഹം അന്ന് പ്രഖ്യാപിക്കുകയും വിധി രാഷ്ട്രീയ പ്രേരിതമാണെന്ന് ആരോപിക്കുകയും ചെയ്തു. അതേസമയം, ലാഥത്തിന്റെ സാമൂഹിക മാധ്യമ പോസ്റ്റുകളുടെ പേരിൽ കോടതിയലക്ഷ്യത്തിന് നടപടി സ്വീകരിക്കണമെന്ന ഗ്രീൻവിച്ചിന്റെ ആവശ്യം ഓഗസ്റ്റിൽ പരാജയപ്പെട്ടിരുന്നു.