New South Wales

കാർ അപകട സ്ഥലത്തെത്തിയ പോലീസിന് നേരെ തോക്ക് ചൂണ്ടി: യുവാവിനെ പോലീസ് വെടിവെച്ചുകൊന്നു

യാസ്സ് (Yass) നഗരത്തിന് 84 കിലോമീറ്റർ വടക്കുള്ള റോഡിൽ ഞായറാഴ്ച ഉച്ചയ്ക്ക് ശേഷമായിരുന്നു സംഭവം.

Safvana Jouhar

സിഡ്നി: ന്യൂ സൗത്ത് വെയിൽസിൽ പോലീസ് നടത്തിയ വെടിവെപ്പിൽ 45-കാരൻ കൊല്ലപ്പെട്ടു. കാർ അപകടത്തിൽപ്പെട്ട് കിടക്കുന്ന വിവരമറിഞ്ഞ് രക്ഷാപ്രവർത്തനത്തിനെത്തിയ പോലീസ് ഉദ്യോഗസ്ഥർക്ക് നേരെ ലോഡ് ചെയ്ത റൈഫിൾ ചൂണ്ടിയതിനെ തുടർന്നാണ് പോലീസ് വെടിയുതിർത്തത്. യാസ്സ് (Yass) നഗരത്തിന് 84 കിലോമീറ്റർ വടക്കുള്ള റോഡിൽ ഞായറാഴ്ച ഉച്ചയ്ക്ക് ശേഷമായിരുന്നു സംഭവം. മരത്തിലിടിച്ച നിലയിൽ കണ്ടെത്തിയ ക്രൈസ്ലർ സ്റ്റേഷൻ വാഗൺ (Chrysler station wagon) കാറിനുള്ളിൽ ഡ്രൈവർ അബോധാവസ്ഥയിലാണെന്ന് കാണിച്ച് വഴിയാത്രക്കാരാണ് പോലീസിനെയും പാരാമെഡിക്കൽ ജീവനക്കാരെയും വിവരമറിയിച്ചത്. ഡ്രൈവറുടെ പക്കൽ ആയുധമുണ്ടെന്ന വിവരവും പോലീസിന് ലഭിച്ചിരുന്നു.

പോലീസ് കാറിന് സമീപത്തെത്തി ഡ്രൈവറോട് സംസാരിക്കാൻ ശ്രമിച്ചെങ്കിലും ഇയാൾ പ്രതികരിച്ചില്ല. തുടർന്ന് ആരോഗ്യസ്ഥിതി പരിശോധിക്കാൻ കാറിന് തൊട്ടടുത്തേക്ക് ചെന്ന പോലീസ് ഉദ്യോഗസ്ഥർക്ക് നേരെ ഇയാൾ റൈഫിൾ ചൂണ്ടുകയായിരുന്നു. ഇതോടെ സ്വയംരക്ഷയ്ക്കായി പോലീസ് വെടിയുതിർക്കുകയായിരുന്നു എന്ന് അസിസ്റ്റന്റ് കമ്മീഷണർ സ്റ്റീഫൻ ഹെഗാർട്ടി വ്യക്തമാക്കി. പോലീസും പാരാമെഡിക്കൽ സംഘവും ഉടൻ തന്നെ പ്രഥമശുശ്രൂഷ നൽകിയെങ്കിലും ഇയാൾ സംഭവസ്ഥലത്തുതന്നെ മരിച്ചു. കൊല്ലപ്പെട്ടയാൾക്ക് ഏകദേശം 45 വയസ്സ് പ്രായമുണ്ടെന്നാണ് നിഗമനം. ഇയാൾ മുമ്പും തോക്കുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടിട്ടുള്ള ആളാണെന്ന് പോലീസ് പറഞ്ഞു. സംഭവത്തിൽ ക്രൈംബ്രാഞ്ചും ലോ എൻഫോഴ്സ്‌മെന്റ് കണ്ടക്ട് കമ്മീഷനും സ്വതന്ത്ര അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

SCROLL FOR NEXT