New South Wales

സിഡ്നിയിൽ നായ്ക്കളുടെ ആക്രമണമെന്ന് സംശയം; 23-കാരൻ മരിച്ച നിലയിൽ

ബുധനാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ, ബാഡ്ഗല്ലി റോഡിലെ (Badgally Road) ഗ്രാമീണ പ്രദേശത്തെ ഒരു കൃഷിയിടത്തിൽ ഗുരുതര പരിക്കുകളോടെ ഒരാളുടെ മൃതദേഹം കണ്ടെത്തിയെന്ന വിവരത്തെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി.

Safvana Jouhar

സിഡ്നിയുടെ തെക്കുപടിഞ്ഞാറൻ മേഖലയായ എസ്കോൾ പാർക്കിൽ (Eschol Park) നായ്ക്കളുടെ ആക്രമണമെന്നാണ് സംശയിക്കുന്ന സംഭവത്തിൽ 23-കാരനെ മരിച്ച നിലയിൽ കണ്ടെത്തി. ബുധനാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ, ബാഡ്ഗല്ലി റോഡിലെ (Badgally Road) ഗ്രാമീണ പ്രദേശത്തെ ഒരു കൃഷിയിടത്തിൽ ഗുരുതര പരിക്കുകളോടെ ഒരാളുടെ മൃതദേഹം കണ്ടെത്തിയെന്ന വിവരത്തെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി. സംഭവസ്ഥലത്തെത്തിയ പൊലീസ്, റോഡിനോട് ചേർന്നുള്ള പാടത്ത് യുവാവിന്റെ മൃതദേഹം കണ്ടെത്തി. മരിച്ചയാൾ ആ സ്ഥലത്തെ താമസക്കാരനോ തൊഴിലാളിയോ അല്ലെന്നാണ് പ്രാഥമിക നിഗമനം. 40 ഹെക്ടറിലധികം വിസ്തൃതിയുള്ള കൃഷിയിടമാണിത്.

സ്ഥലത്ത് നിരവധി നായ്ക്കളെ കണ്ടെത്തിയിട്ടുണ്ട്. ഇവ രജിസ്റ്റർ ചെയ്തവയാണോയെന്നും മൈക്രോചിപ്പ് ഘടിപ്പിച്ചിട്ടുണ്ടോയെന്നും ഇതുവരെ വ്യക്തമായിട്ടില്ല. മൃതദേഹത്തിലുണ്ടായിരുന്ന ഗുരുതര പരിക്കുകളുടെ സ്വഭാവം കണക്കിലെടുത്ത്, മരണത്തിന് മുമ്പ് യുവാവിനെ നായ്ക്കൾ ആക്രമിച്ചിരിക്കാമെന്നാണ് പൊലീസ് സംശയിക്കുന്നത്. സംഭവസ്ഥലത്തുള്ള നായ്ക്കളെ ജീവനോടെ കണ്ടെത്തിയതായും നിലവിൽ അവയെ അതേ സ്ഥലത്ത് നിരീക്ഷണത്തിൽ പാർപ്പിച്ചിരിക്കുകയാണെന്നും അധികൃതർ അറിയിച്ചു.

പൊലീസിന്റെ അഭ്യർഥനപ്രകാരം ക്യാമ്പ്ബെൽടൗൺ കൗൺസിലിലെ ഉദ്യോഗസ്ഥർ വെള്ളിയാഴ്ച രാവിലെ സ്ഥലത്തെത്തി പരിശോധന നടത്തും. സംഭവസ്ഥലത്തിന് സമീപമുള്ള സെന്റ് ഗ്രിഗറീസ് കോളേജ് ക്യാമ്പ്ബെൽടൗൺ അധികൃതർ വെള്ളിയാഴ്ച രാവിലെയാണ് സംഭവത്തെക്കുറിച്ച് അറിഞ്ഞതെന്ന് അറിയിച്ചു. ബുധനാഴ്ച സ്കൂൾ പരിസരത്ത് അസ്വാഭാവികമായ യാതൊരു സംഭവവും ശ്രദ്ധയിൽപ്പെട്ടിരുന്നില്ലെന്നും സ്കൂൾ വക്താവ് വ്യക്തമാക്കി.

സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുകയാണ്. മരണവുമായി ബന്ധപ്പെട്ട റിപ്പോർട്ട് കൊറോണറിന് സമർപ്പിക്കുമെന്ന് അധികൃതർ അറിയിച്ചു.

SCROLL FOR NEXT