സ്പിന്നർ നാഥൻ ലയണും ടീമിൽ ഇടം നേടി.  (AP)
New South Wales

ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് ടീമിനെ പ്രഖ്യാപിച്ച് ഓസീസ്

പരിക്ക് ഭേദമായതിനെ തുടർന്ന് ക്യാപ്റ്റൻ പാറ്റ് കമ്മിൻസ്, ജോശ് ഹേസിൽവുഡ് എന്നിവരും ടീമിലേക്ക് തിരിച്ചെത്തി.

Safvana Jouhar

ബംഗ്ലാദേശിനെതിരായ അടുത്ത മാസം നടക്കുന്ന രണ്ട് ടെസ്റ്റ് മത്സരങ്ങൾക്കുള്ള 13 അംഗ ടീമിനെ ക്രിക്കറ്റ് ഓസ്ട്രേലിയ പ്രഖ്യാപിച്ചു. പരിക്കിൽ നിന്ന് മടങ്ങിവരുന്ന പരിചയസമ്പന്നനായ സ്പിന്നർ നാഥൻ ലയണും ടീമിൽ ഇടം നേടി. ആദ്യ ടെസ്റ്റ് ഓഗസ്റ്റ് 13 മുതൽ ഡാർവിനിലും, രണ്ടാം ടെസ്റ്റ് ഓഗസ്റ്റ് 22 മുതൽ മക്കേയിലുമാണ് നടക്കുക.

38-കാരനായ നാഥൻ ലയൺ കഴിഞ്ഞ ഡിസംബറിൽ ഇംഗ്ലണ്ടിനെതിരായ ആഷസ് പരമ്പരയ്ക്കിടെ ഹാംസ്ട്രിംഗ് പരിക്കേറ്റതിനെ തുടർന്ന് കളിച്ചിരുന്നില്ല. വിരമിക്കാൻ ഇനിയും തയ്യാറല്ലെന്ന് അദ്ദേഹം അടുത്തിടെ വ്യക്തമാക്കിയിരുന്നു.

ടീമിലെ ഏക സ്പെഷ്യലിസ്റ്റ് സ്പിന്നറാണ് ലയൺ. കാമറൂൺ ഗ്രീൻ, ബ്യൂ വെബ്സ്റ്റർ എന്നിവർ ഓൾറൗണ്ടർമാരായി ടീമിലുണ്ട്. റിസർവ് പേസറായി സ്കോട്ട് ബോളണ്ടും മധ്യനിര ബാറ്ററായ ജോഷ് ഇംഗ്ലിസും ടീമിൽ ഇടം നേടി. അതേസമയം, മൈക്കൽ നെസർ, ബ്രെൻഡൻ ഡോഗറ്റ്, സ്പിന്നർ ടോഡ് മർഫി എന്നിവർ ഇത്തവണ ടീമിൽ നിന്ന് പുറത്തായി. പരിക്ക് ഭേദമായതിനെ തുടർന്ന് ക്യാപ്റ്റൻ പാറ്റ് കമ്മിൻസ്, ജോശ് ഹേസിൽവുഡ് എന്നിവരും ടീമിലേക്ക് തിരിച്ചെത്തി. അതേസമയം സെലക്ഷൻ കമ്മറ്റി ചെയർമാൻ ജോർജ് ബെയ്ലി, കമ്മിൻസ്, ഹേസിൽവുഡ്, ലയൺ എന്നിവർ പരിക്കിൽ നിന്ന് മടങ്ങിവരാൻ കഴിഞ്ഞ മാസങ്ങളായി കഠിനാധ്വാനം ചെയ്തതായി പറഞ്ഞു. അടുത്ത 12 മാസത്തിനിടെ ഓസ്ട്രേലിയ 21 ടെസ്റ്റ് മത്സരങ്ങൾ കളിക്കാനിരിക്കുന്നതിനാൽ മറ്റ് താരങ്ങൾക്കും അവസരങ്ങൾ ലഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഓസ്ട്രേലിയൻ ടെസ്റ്റ് ടീം:

പാറ്റ് കമ്മിൻസ് (ക്യാപ്റ്റൻ), സ്കോട്ട് ബോളണ്ട്, അലക്സ് കേരി, കാമറൂൺ ഗ്രീൻ, ജോശ് ഹേസിൽവുഡ്, ട്രാവിസ് ഹെഡ്, ജോഷ് ഇംഗ്ലിസ്, മാർനസ് ലബുഷെയ്ന്‍, നാഥൻ ലയൺ, സ്റ്റീവ് സ്മിത്ത്, മിച്ചൽ സ്റ്റാർക്ക്, ജേക്ക് വെതറാൾഡ്, ബ്യൂ വെബ്സ്റ്റർ.

SCROLL FOR NEXT