അദ്ദേഹം സഞ്ചരിച്ചിരുന്ന ടെസ്ല കാറിനെ പിന്നിൽ നിന്ന് ഒരു ട്രക്ക് ഇടിക്കുകയായിരുന്നു.  (Alex Ellinghausen)
New South Wales

ലേബർ എംപി എഡ് ഹുസിക്കിന് വാഹനാപകടത്തിൽ പരിക്ക്; ചികിത്സയ്ക്ക് ശേഷം ഡിസ്ചാർജ്

Safvana Jouhar

ഓസ്ട്രേലിയൻ ലേബർ പാർട്ടി എംപിയായ എഡ് ഹുസിക്ക് (Ed Husic) സിഡ്നിയിലെ എം7 മോട്ടോർവേയിൽ ഉണ്ടായ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റു. ചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹത്തെ പിന്നീട് ഡിസ്ചാർജ് ചെയ്തതായി ഓഫീസ് അറിയിച്ചു. ചൊവ്വാഴ്ച വൈകിട്ട് 6.20ഓടെ, പടിഞ്ഞാറൻ സിഡ്നിയിലെ തന്റെ ചിഫ്ലി (Chifley) മണ്ഡലത്തിലെ ജനങ്ങളുമായി കൂടിക്കാഴ്ച നടത്തിയ ശേഷം വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടം നടന്നത്. അദ്ദേഹം സഞ്ചരിച്ചിരുന്ന ടെസ്ല കാറിനെ പിന്നിൽ നിന്ന് ഒരു ട്രക്ക് ഇടിക്കുകയായിരുന്നു.

ഹുസിക്കിന്റെ വാഹനത്തിന്റെ പിന്നിലും വലത് ഭാഗത്തുമാണ് ട്രക്ക് ഇടിച്ചത്.

പാരാമെഡിക്കുകളുടെ റിപ്പോർട്ട് പ്രകാരം, ഏകദേശം മണിക്കൂറിൽ 80 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കുകയായിരുന്ന ഹുസിക്കിന്റെ വാഹനത്തിന്റെ പിന്നിലും വലത് ഭാഗത്തുമാണ് ട്രക്ക് ഇടിച്ചത്. അപകടത്തിൽ ഹുസിക്കിന് തലച്ചോറിന് ക്ഷതം (Concussion), എല്ലുകൾ ഒടിയുക, ചെറിയ മുറിവുകൾ എന്നിവയുണ്ടായി. വെസ്റ്റ്‌മീഡ് ആശുപത്രിയിൽ ഒരു രാത്രി ചികിത്സയിൽ കഴിഞ്ഞ ശേഷം ബുധനാഴ്ച അദ്ദേഹത്തെ ഡിസ്ചാർജ് ചെയ്തു.

അപകടത്തിൽ ഹുസിക്കിന് യാതൊരു വീഴ്ചയും ഉണ്ടായിരുന്നില്ലെന്നും, സംഭവവുമായി ബന്ധപ്പെട്ട് അദ്ദേഹം പൊലീസിന് മൊഴി നൽകുകയാണെന്നും അദ്ദേഹത്തിന്റെ ഓഫീസ് അറിയിച്ചു. ഡോക്ടർമാർക്കും നഴ്‌സുമാർക്കും പാരാമെഡിക്കുകൾക്കും നൽകിയ മികച്ച ചികിത്സയ്ക്കും, ആശുപത്രിവാസത്തിനിടെ പിന്തുണ നൽകിയ കുടുംബാംഗങ്ങൾക്കും സുഹൃത്തുകൾക്കും ഹുസിക് നന്ദി രേഖപ്പെടുത്തി. പരിക്കിൽ നിന്ന് പൂർണമായി സുഖം പ്രാപിക്കുന്നതിനായി അദ്ദേഹം പാർലമെന്ററി ചുമതലകളിൽ നിന്ന് ഹ്രസ്വകാല അവധി എടുക്കും. അതേസമയം, ചിഫ്ലി മണ്ഡലത്തിലെ ജനങ്ങൾക്ക് ആവശ്യമായ സേവനങ്ങൾ അദ്ദേഹത്തിന്റെ ഇലക്ടറേറ്റ് ഓഫീസ് തുടർന്നും നൽകുമെന്ന് ഓഫീസ് അറിയിച്ചു. 2010 മുതൽ പാർലമെന്റ് അംഗമായ എഡ് ഹുസിക്, മുൻ വ്യവസായ-ശാസ്ത്ര മന്ത്രിയുമാണ്. കഴിഞ്ഞ വർഷം മന്ത്രിസഭാ പുനഃസംഘടനയെത്തുടർന്ന് അദ്ദേഹത്തിന് മന്ത്രിസ്ഥാനം നഷ്ടപ്പെട്ടിരുന്നു.

SCROLL FOR NEXT