കൈൽ സാൻഡിലാൻഡ്‌സ്  
New South Wales

നിയമപോരാട്ടത്തിന് വിരാമം; കൈൽ സാൻഡിലാൻഡ്സിന് 12 മില്യൺ ഡോളർ നഷ്ടപരിഹാരം

കരാർ പ്രകാരം 2026 ജൂലൈയിൽ 3 മില്യൺ ഡോളർ കൈമാറും. ശേഷിക്കുന്ന തുക 2029 ജൂൺ വരെ പ്രതിമാസ ഗഡുക്കളായി നൽകും.

Safvana Jouhar

ഓസ്ട്രേലിയൻ റേഡിയോ അവതാരകനായ കൈൽ സാൻഡിലാൻഡ്‌സ് മുൻ തൊഴിലുടമയായ ARN Media-യുമായുള്ള നിയമ തർക്കത്തിൽ ഒത്തുതീർപ്പിലെത്തി. ആദ്യം 15 മില്യൺ ഡോളർ നഷ്ടപരിഹാരം ലഭിക്കുമെന്ന റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നുവെങ്കിലും, കമ്പനി ഓസ്ട്രേലിയൻ സ്റ്റോക്ക് എക്സ്ചേഞ്ചിൽ (ASX) നൽകിയ വിവരങ്ങൾ പ്രകാരം അന്തിമ ഒത്തുതീർപ്പ് തുക 12.09 മില്യൺ ഡോളറാണ്. കരാർ പ്രകാരം 2026 ജൂലൈയിൽ 3 മില്യൺ ഡോളർ കൈമാറും. ശേഷിക്കുന്ന തുക 2029 ജൂൺ വരെ പ്രതിമാസ ഗഡുക്കളായി നൽകും. കൂടാതെ, സാൻഡിലാൻഡ്സിന്റെ പുതിയ സ്വതന്ത്ര മീഡിയ സംരംഭത്തിനായി ARN മൂന്ന് വർഷത്തിനിടെ 1.5 മില്യൺ ഡോളറിന്റെ പരസ്യ പിന്തുണയും നൽകും. അതിന് പകരമായി പുതിയ സംരംഭത്തിന്റെ വരുമാനത്തിൽ നിന്ന് 19.9 ശതമാനം വിഹിതം ARN-ന് ലഭിക്കും.

ജാക്കി 'ഒ' ഹെൻഡേഴ്സൺ

2026 ഫെബ്രുവരിയിൽ സഹ അവതാരകയായ ജാക്കി 'ഒ' ഹെൻഡേഴ്സണുമായി തത്സമയ സംപ്രേഷണത്തിനിടെ ഉണ്ടായ തർക്കത്തെ തുടർന്ന് ഇരുവരുടെയും കരാറുകൾ റദ്ദാക്കിയതോടെയാണ് നിയമപോരാട്ടം ആരംഭിച്ചത്. സാൻഡിലാൻഡ്സ് 85 മില്യൺ ഡോളറും ഹെൻഡേഴ്സൺ 82 മില്യൺ ഡോളറിലധികവും നഷ്ടപരിഹാരമായി ആവശ്യപ്പെട്ടിരുന്നു. സാൻഡിലാൻഡ്സിന്റെ കേസ് ഇപ്പോൾ ഒത്തുതീർന്നെങ്കിലും, ജാക്കി ഒ ഹെൻഡേഴ്സന്റെ കേസ് ഇപ്പോഴും തുടരുകയാണ്. അതേസമയം, ഈ കരാർ പ്രകാരം സാൻഡിലാൻഡ്സിന് 2027 മാർച്ച് വരെ ARN-ന്റെ നേരിട്ടുള്ള എതിരാളികളായ റേഡിയോ ശൃംഖലകളിൽ പ്രവർത്തിക്കാൻ കഴിയില്ല.

SCROLL FOR NEXT