സിഡ്‌നിയുടെ കിഴക്കൻ ഭാഗത്തെ ജനപ്രിയ ഹാർബർ തീര സ്വിമ്മിംഗ് കേന്ദ്രമായ വോക്ക്ലൂസിലെ കുട്ടി ബീച്ചിൽ നായകൾക്ക് ഏർപ്പെടുത്തിയ വിലക്ക് വലിയ പ്രതിഷേധത്തിന് കാരണമായി. വിലക്ക് പിൻവലിക്കണമെന്നാവശ്യപ്പെട്ട് ആയിരങ്ങൾ ഒപ്പിട്ട പൊതുഹർജി സാമൂഹികമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്. വൂള്ലഹ്ര കൗൺസിൽ സുരക്ഷയും ശുചിത്വവും ചൂണ്ടിക്കാട്ടിയാണ് കുട്ടി ബീച്ചിൽ നായകൾക്ക് പൂർണ വിലക്ക് ഏർപ്പെടുത്തിയത്. നേരത്തെ ലീഷിൽ നിർത്തി നായകളെ കൊണ്ടുവരാൻ അനുവദിച്ചിരുന്നു. ഈ ആഴ്ച മുതലാണ് പുതിയ വിലക്ക് പ്രാബല്യത്തിൽ വന്നത്.
കൗൺസിലിന്റെ ഫിനാൻസ്, കമ്മ്യൂണിറ്റി ആൻഡ് സർവീസസ് കമ്മിറ്റി ഒക്ടോബറിൽ സമർപ്പിച്ച റിപ്പോർട്ടിൽ ആദ്യം കുട്ടി ബീച്ചിനെ നായകൾക്ക് ഓഫ്-ലീഷ് പ്രദേശമാക്കാൻ നിർദേശം മുന്നോട്ടുവച്ചിരുന്നു. എന്നാൽ പൊതുപരാമർശ കാലയളവിൽ ലഭിച്ച 30 അഭിപ്രായങ്ങളിൽ 27 എണ്ണം ഇതിന് എതിരായതോടെ സമ്പൂർണ വിലക്കിലേക്കാണ് കൗൺസിൽ നീങ്ങിയത്. വേനൽക്കാലത്ത് കുട്ടികളും കുടുംബങ്ങളും നിറഞ്ഞുനിൽക്കുന്ന വെറും 80 മീറ്റർ മാത്രം നീളമുള്ള ചെറിയ ബീച്ചായതിനാൽ തിരക്കുള്ള സാഹചര്യത്തിൽ നായകൾ ഉണ്ടാകുന്നത് സുരക്ഷയ്ക്കും ശുചിത്വത്തിനും ഭീഷണിയാകുമെന്നും കൗൺസിൽ അറിയിച്ചു.
സിഡ്‌നിയുടെ വടക്കൻ ഭാഗമായ മോനാ വെയിൽ ബീച്ചിൽ നിശ്ചിത സമയങ്ങളിലായി നായകൾക്ക് ഓഫ്-ലീഷ് ആയി പ്രവേശനം അനുവദിക്കുന്ന പരീക്ഷണ പദ്ധതി നിലവിലുണ്ട്. ദക്ഷിണ സിഡ്‌നിയിലെ ഗ്രീൻഹിൽസ് ബീച്ചിലും സമാന സംവിധാനം നിലവിലുണ്ട്.