സിഡ്‌നിയിലെ പ്രമുഖ ഡേ കെയർ സെന്ററുകൾ അടച്ചുപൂട്ടുന്നു ABC News
New South Wales

കുട്ടികളുടെ അരികിൽ കത്തിയും വിഷാംശമുള്ള ലായനികളും; പ്രമുഖ ഡേ കെയർ സെന്ററുകൾ അടച്ചുപൂട്ടുന്നു

കുട്ടികൾക്ക് അസ്വീകാര്യമായ രീതിയിലുള്ള സുരക്ഷാ ഭീഷണിയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി.

Elizabath Joseph

സിഡ്‌നിയിലെ കുട്ടികളുടെ സുരക്ഷയിൽ അതീവ ഗുരുതരമായ വീഴ്ചകൾ കണ്ടെത്തിയതിനെത്തുടർന്ന് ഒരു പ്രമുഖ പ്രീസ്‌കൂളും ഫാമിലി ഡേ കെയർ സെന്ററും ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾ അടച്ചുപൂട്ടാൻ അധികൃതർ ഉത്തരവിട്ടു. കുട്ടികൾക്ക് കൈയെത്താവുന്ന ദൂരത്തിൽ കത്തികളും കീടനാശിനികളും വിഷാംശമുള്ള ക്ലീനിംഗ് ലായനികളും സൂക്ഷിച്ചതായി പരിശോധനയിൽ കണ്ടെത്തി. കുട്ടികൾക്ക് അസ്വീകാര്യമായ രീതിയിലുള്ള സുരക്ഷാ ഭീഷണിയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി.

സിഡ്‌നിയിലെ ഉന്നത നിലവാരമുള്ള സ്വകാര്യ സ്കൂളായ 'ലൈസി കോൺഡോർസെറ്റ് ഇന്റർനാഷണൽ ഫ്രഞ്ച് സ്കൂളിന്റെ' (Lycee Condorcet) കീഴിലുള്ള പ്രീസ്‌കൂളാണ് അടച്ചുപൂട്ടാൻ നിർദ്ദേശിച്ച സ്ഥാപനങ്ങളിൽ ഒന്ന്. 2013-ൽ പ്രവർത്തനം ആരംഭിച്ച ഈ സ്ഥാപനം ഇതുവരെ ദേശീയ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചിട്ടില്ലെന്നും 42 നിയമലംഘനങ്ങൾ ഇവിടെ കണ്ടെത്തിയെന്നും റെഗുലേറ്റർ അറിയിച്ചു. മാർച്ച് 6-ഓടെ ഈ സെന്റർ പ്രവർത്തനം നിർത്തണം.

'ഗ്രേറ്റ് വെസ്റ്റേൺ ഫാമിലി ഡേ കെയർ' (Great Western Family Daycare) എന്ന സ്ഥാപനത്തിലും സമാനമായ ഗുരുതരമായ വീഴ്ചകൾ കണ്ടെത്തി. ഇവിടെ കുട്ടികളെ നിരീക്ഷിക്കാതെ ഒറ്റയ്ക്ക് വിടുന്നതായും മാരകമായ വിഷവസ്തുക്കൾ കുട്ടികൾക്ക് പരിക്കേൽക്കാൻ സാധ്യതയുള്ള രീതിയിൽ അലക്ഷ്യമായി സൂക്ഷിച്ചതായും കണ്ടെത്തി. 2018 മുതൽ ഇവിടെ 411 നിയമലംഘനങ്ങളാണ് റിപ്പോർട്ട് ചെയ്തത്. ഇതേത്തുടർന്ന് എൻ.എസ്.ഡബ്ല്യു (NSW) അധികൃതർ ഈ സ്ഥാപനത്തിന്റെ രജിസ്ട്രേഷൻ റദ്ദാക്കി. നിലവിൽ ഇവിടെയുള്ള കുട്ടികൾക്ക് മറ്റൊരു കേന്ദ്രം കണ്ടെത്താൻ 30 ദിവസത്തെ സമയം അനുവദിച്ചിട്ടുണ്ട്.

SCROLL FOR NEXT