സിഡ്നിയിൽ ഒൻപതാം പതിറ്റാണ്ടിൽ കത്തികാട്ടി സ്ത്രീകളെ തട്ടിക്കൊണ്ടുപോയി ക്രൂരമായി പീഡിപ്പിച്ച കേസിലെ പ്രതി ഗ്ലെൻ ഗാരി കാമറണിന് (62) അനുകൂലമായി അഭിഭാഷകൻ നൽകിയ വിശദീകരണങ്ങളിൽ കടുത്ത സംശയം പ്രകടിപ്പിച്ച് ന്യൂ സൗത്ത് വേൽസ് ജില്ലാ കോടതി. 'നൈറ്റ് സ്റ്റാക്കർ' (Night Stalker) എന്നും 'മൂർ പാർക്ക് ബലാത്സംഗി' എന്നും അറിയപ്പെടുന്ന കാമറണിന്റെ ശിക്ഷാവിധിക്ക് മുന്നോടിയായുള്ള വാദത്തിനിടെയാണ് ജഡ്ജി ജോൺ പിക്കറിംഗ് പ്രതിഭാഗത്തിന്റെ വാദങ്ങൾ തള്ളിയത്. 1991-നും 1993-നും ഇടയിലാണ് സിഡ്നിയിലെ മൂർ പാർക്കിലെയും ഇന്നർ വെസ്റ്റിലെയും ഒറ്റപ്പെട്ട സ്ഥലങ്ങളിലേക്ക് സ്ത്രീകളെ ഭീഷണിപ്പെടുത്തി കൊണ്ടുപോയി ഇയാൾ ക്രൂരമായ ലൈംഗിക അതിക്രമങ്ങൾക്ക് ഇരയാക്കിയത്. "എന്നെ ഇതിന് അനുവദിച്ചില്ലെങ്കിൽ നിന്നെ ഞാൻ കൊല്ലും" എന്ന് ഇയാൾ ഒരു ഇരയോട് ഭീഷണിപ്പെടുത്തിയതായി കോടതി രേഖകൾ വ്യക്തമാക്കുന്നു.
പ്രതിഭാഗത്തിന്റെ വാദങ്ങളും കോടതിയുടെ മറുപടിയും:
കോടതിയിൽ തിങ്കളാഴ്ച നടന്ന വാദത്തിനിടെ, ആറാം വയസ്സിൽ മാതാപിതാക്കൾ നഷ്ടപ്പെട്ടതും കുട്ടിക്കാലത്ത് കടുത്ത പീഡനങ്ങൾ അനുഭവിക്കേണ്ടി വന്നതുമാണ് പ്രതിയുടെ ഇത്തരത്തിലുള്ള പെരുമാറ്റത്തിന് കാരണമെന്ന് അഭിഭാഷകൻ വാദിച്ചു. പ്രതിക്ക് അടുത്തകാലത്ത് മാനസികസമ്മർദ്ദവുമായി ബന്ധപ്പെട്ട വൈകല്യങ്ങൾ (Adjustment disorder) സ്ഥിരീകരിച്ചിട്ടുണ്ടെന്നും ഇത് ശിക്ഷയിൽ ഇളവ് നൽകാൻ പരിഗണിക്കണമെന്നും അഭിഭാഷകൻ ആവശ്യപ്പെട്ടു. എന്നാൽ, എട്ട് വ്യത്യസ്ത സ്ത്രീകൾക്കെതിരെ കൃത്യമായ പ്ലാനിംഗോടെ നടത്തിയ ക്രൂരമായ ലൈംഗിക അതിക്രമങ്ങളുടെ കുറ്റം ലഘൂകരിക്കാൻ ഇത്തരം കാര്യങ്ങൾ എങ്ങനെ നിദാനമാകുമെന്ന് ജഡ്ജി ജോൺ പിക്കറിംഗ് ചോദിച്ചു. "ഇത്തരം മാനസികാവസ്ഥകൾ ഒരാളുടെ ജീവിത സാഹചര്യം വ്യക്തമാക്കുന്നു എന്നല്ലാതെ, മുൻകൂട്ടി ആസൂത്രണം ചെയ്തു നടത്തിയ ലൈംഗിക അതിക്രമങ്ങളെ ന്യായീകരിക്കാൻ കഴിയില്ല," ജഡ്ജി വ്യക്തമാക്കി.
30 വർഷത്തെ ഒളിവുജീവിതവും ഡി.എൻ.എ തെളിവും:
കുറ്റകൃത്യങ്ങൾക്ക് ശേഷം സാധാരണ ജീവിതത്തിലേക്ക് മടങ്ങിയ കാമറൺ, സൗത്ത് ഓസ്ട്രേലിയയിലേക്ക് താമസം മാറുകയും കുടുംബത്തോടൊപ്പം ജീവിച്ചു വരികയുമായിരുന്നു. ഒരു ഫ്യൂണറൽ ഡയറക്ടറായി ജോലി ചെയ്യുകയായിരുന്ന ഇയാളെ 2020-ൽ പോലീസ് കേസ് പുനരന്വേഷിച്ചതോടെയാണ് കുടുക്കിയത്. നാല് ബലാത്സംഗ സംഭവങ്ങളിൽ നിന്നുള്ള ഡി.എൻ.എ സാംപിളുകൾ ഒരേ വ്യക്തിയുടേതാണെന്ന് കണ്ടെത്തിയ പോലീസ്, ബന്ധുക്കളുടെ ഡി.എൻ.എ മാച്ചിംഗിലൂടെ കാമറണിലേക്ക് എത്തുകയായിരുന്നു. തുടർന്ന് 2024-ൽ ആലിസ് സ്പ്രിംഗ്സ് (Alice Springs) വിമാനത്താവളത്തിൽ വെച്ച് ഇയാൾ ഉപയോഗിച്ച ഗ്ലാസും ഫോർക്കും (സീക്രട്ട് ഓപ്പറേഷനിലൂടെ) ശേഖരിച്ച് നടത്തിയ ഡി.എൻ.എ പരിശോധനയിലാണ് യഥാർത്ഥ പ്രതിയെ തിരിച്ചറിഞ്ഞത്. 2024 ഫെബ്രുവരിയിൽ ഇയാളെ അറസ്റ്റ് ചെയ്തു.
താൻ ചെയ്ത ഭീകരമായ കുറ്റകൃത്യങ്ങളുടെ കുറ്റബോധം കഴിഞ്ഞ 30 വർഷമായി പേറുകയായിരുന്നുവെന്നും, ഇരകൾക്ക് ആശ്വാസം നൽകാൻ ഒരു വിശദീകരണവും തന്റെ പക്കലില്ലെന്നും കാമറൺ കോടതിക്ക് അയച്ച കത്തിൽ വ്യക്തമാക്കി. 13 പ്രധാന കുറ്റങ്ങളിൽ കാമറൺ കുറ്റം സമ്മതിച്ചിട്ടുണ്ട്. ഇയാൾക്കെതിരെയുള്ള ശിക്ഷാവിധി ഉടൻ ഉണ്ടാകും.
-AAP