ഓസ്ട്രേലിയയിൽ രാഷ്ട്രീയത്തിനു ശേഷമുള്ള ജീവിതം കെട്ടിപ്പടുക്കുന്ന മുൻ ന്യൂസിലൻഡ് പ്രധാനമന്ത്രി ജസീന്ദ ആർഡേണിന് സിഡ്നി സർവകലാശാലയിൽ പുതിയ ചുമതല. സർവകലാശാലയിലെ സ്കൂൾ ഓഫ് പബ്ലിക് ഹെൽത്തിൽ ‘പ്രൊഫസർ ഓഫ് പ്രാക്ടീസ്’ ആയാണ് ആർഡേൺ ചേരുന്നത്. സഹാനുഭൂതിയോടെയുള്ള നേതൃത്വം, സാമൂഹിക ഐക്യം, പൊതുസമൂഹത്തിലെ വിശ്വാസം എന്നിവയുമായി ബന്ധപ്പെട്ട വിഷയങ്ങളിലായിരിക്കും പ്രധാനമായും പ്രവർത്തനം. മൂല്യാധിഷ്ഠിത ആഗോള നേതൃത്വം, ലോകം നേരിടുന്ന പൊതുജനാരോഗ്യ വെല്ലുവിളികൾക്ക് തുല്യത, ഉൾക്കൊള്ളൽ, ക്ഷേമം എന്നിവയ്ക്ക് പ്രാധാന്യം നൽകുന്ന പരിഹാരമാർഗങ്ങൾ കണ്ടെത്തൽ തുടങ്ങിയ മേഖലകളിലും അവർ ശ്രദ്ധ കേന്ദ്രീകരിക്കും.
പ്രധാനമന്ത്രി പദം ഒഴിഞ്ഞശേഷം നേതൃത്വത്തെക്കുറിച്ചുള്ള ചിന്തകൾക്ക് കൂടുതൽ പ്രാധാന്യം നൽകിയിട്ടുണ്ടെന്ന് ആർഡേൺ പറഞ്ഞു. ആഗോള വെല്ലുവിളികളെ നേരിടാൻ ആവശ്യമായ നേതൃത്വത്തെ എങ്ങനെ പ്രോത്സാഹിപ്പിക്കാമെന്നും പിന്തുണയ്ക്കാമെന്നും പഠിക്കേണ്ടതുണ്ടെന്നും അവർ വ്യക്തമാക്കി. സർവകലാശാലയിലെ വിദ്യാർഥികൾ, അധ്യാപകർ, മറ്റ് അംഗങ്ങൾ എന്നിവരുമായി ചേർന്ന് അനുഭവങ്ങൾ പങ്കുവെക്കാനും സമൂഹത്തിന് കൂടുതൽ മികച്ച രീതിയിൽ സേവനം ചെയ്യുന്നതിനുള്ള മാർഗങ്ങൾ കണ്ടെത്താനും താൻ ആഗ്രഹിക്കുന്നതായും ആർഡേൺ കൂട്ടിച്ചേർത്തു.
സിഡ്നിയുടെ നോർത്ത്ൺ ബീച്ചിലുള്ള ഡീ വൈയിൽ പ്രദേശത്ത് 5.3 മില്യൺ ഓസ്ട്രേലിയൻ ഡോളർ വിലമതിക്കുന്ന വീട് ഭർത്താവ് ക്ലാർക്ക് ഗെയ്ഫോർഡിനൊപ്പം വാങ്ങിയതിന് പിന്നാലെയാണ് പുതിയ നിയമനവും. അടുത്തിടെയാണ് ദമ്പതികൾ വീടിന്റെ ഇടപാട് പൂർത്തിയാക്കിയത്. 2017ൽ വെറും 37-ാം വയസ്സിലാണ് ആർഡേൺ ന്യൂസിലൻഡ് പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടത്. 2023 വരെ പദവിയിൽ തുടർന്നു. ക്രൈസ്റ്റ്ചർച്ച് ഭീകരാക്രമണം, വൈറ്റ് ഐലൻഡ് അഗ്നിപർവത സ്ഫോടനം, കോവിഡ് മഹാമാരി തുടങ്ങിയ നിർണായക സംഭവങ്ങളിലൂടെയാണ് അവരുടെ ഭരണകാലം കടന്നുപോയത്.
ഭരണത്തിന്റെ അവസാന ഘട്ടത്തിൽ ന്യൂസിലൻഡിലെ ജനപിന്തുണ കുറഞ്ഞെങ്കിലും ആഗോളതലത്തിൽ ആർഡേൺ ശ്രദ്ധിക്കപ്പെട്ടു. രാഷ്ട്രീയ നേതൃത്വത്തിൽ മാന്യതയ്ക്കും മര്യാദയ്ക്കും പ്രാധാന്യം നൽകുന്ന വ്യക്തിത്വമായും അവർ വിലയിരുത്തപ്പെട്ടു. 2024ൽ ന്യൂസിലൻഡിന്റെ ഓർഡർ ഓഫ് മെറിറ്റിൽ ഡെയിം ഗ്രാൻഡ് കമ്പാനിയൻ ബഹുമതിയും ലഭിച്ചു.
അതേസമയം ആർഡേണിന്റെ നിയമനത്തെ സിഡ്നി സർവകലാശാല വൈസ് ചാൻസലർ പ്രൊഫസർ മാർക്ക് സ്കോട്ട് സ്വാഗതം ചെയ്തു. പൊതുജീവിതത്തിൽ അവർ പ്രകടിപ്പിച്ച ധൈര്യവും മാനുഷിക സമീപനവും അദ്ദേഹം എടുത്തുപറഞ്ഞു. സഹാനുഭൂതിയും ദൃഢനിശ്ചയവും പരസ്പരം വിരുദ്ധമല്ലെന്നും മറിച്ച് ഒന്നിന് മറ്റൊന്നിനെ ശക്തിപ്പെടുത്താനാകുമെന്നും ആർഡേണിന്റെ നേതൃത്വം തെളിയിച്ചതായി സ്കോട്ട് പറഞ്ഞു. ഒരു മുൻ പ്രധാനമന്ത്രിയെ മാത്രമല്ല, പൊതുനേതൃത്വത്തെയും സേവനത്തെയും കുറിച്ച് വിലപ്പെട്ട അനുഭവങ്ങൾ പങ്കുവെക്കാൻ കഴിയുന്ന അധ്യാപികയെയും വിദ്യാർഥികൾക്ക് അടുത്തറിയാൻ അവസരം ലഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പൊതുജനാരോഗ്യം, പൊതുനയം, സർവകലാശാലയുടെ മറ്റ് പ്രവർത്തനങ്ങൾ എന്നിവയിലും ആർഡേണിന്റെ സംഭാവന ഗുണകരമാകുമെന്നാണ് പ്രതീക്ഷയെന്നും സ്കോട്ട് വ്യക്തമാക്കി.