(NSW RFS Southern Tablelands Zone)
New South Wales

ന്യൂ സൗത്ത് വെയിൽസിൽ ചുഴലിക്കാറ്റ്; യാസിലെ നിരവധി മേഖലകളിൽ വ്യാപക നാശനഷ്ടം

കാൻബറയ്ക്ക് വടക്കുള്ള സതേൺ ടേബിൾലാൻഡ്‌സ് മേഖലയിലെ ഗൗൾബേണും യാസും ഉൾപ്പെടുന്ന പ്രദേശങ്ങളിൽ ശനിയാഴ്ച വൈകിട്ട് 4.30ഓടെയാണ് സ്റ്റേറ്റ് എമർജൻസി സർവീസ് (SES) 'വാച്ച് ആൻഡ് ആക്ട്' മുന്നറിയിപ്പ് നൽകിയത്.

Safvana Jouhar

ന്യൂ സൗത്ത് വെയിൽസിലെ ഗ്രാമീണ മേഖലയിൽ ചുഴലിക്കാറ്റിനെത്തുടർന്ന് വ്യാപക നാശനഷ്ടം. അപകടസാധ്യത കണക്കിലെടുത്ത് വീടുകളിൽനിന്ന് പുറത്തിറങ്ങരുതെന്ന് അധികൃതർ ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി. കാൻബറയ്ക്ക് വടക്കുള്ള സതേൺ ടേബിൾലാൻഡ്‌സ് മേഖലയിലെ ഗൗൾബേണും യാസും ഉൾപ്പെടുന്ന പ്രദേശങ്ങളിൽ ശനിയാഴ്ച വൈകിട്ട് 4.30ഓടെയാണ് സ്റ്റേറ്റ് എമർജൻസി സർവീസ് (SES) 'വാച്ച് ആൻഡ് ആക്ട്' മുന്നറിയിപ്പ് നൽകിയത്. ശക്തമായ കാറ്റിനും വലുതോ അതിവലുതോ ആയ ആലിപ്പഴ വർഷത്തിനും സാധ്യതയുണ്ടെന്നായിരുന്നു മുന്നറിയിപ്പ്.

കുട്ടികളെയും വളർത്തുമൃഗങ്ങളെയും ഒപ്പം കൂട്ടി ജനലുകളിൽനിന്ന് അകന്ന് വീടിനുള്ളിൽ തുടരണമെന്ന് അധികൃതർ നിർദേശിച്ചു. യാത്രകൾ ഒഴിവാക്കാനും റോഡുകളുടെ അവസ്ഥയും ഗതാഗത നിയന്ത്രണങ്ങളും പരിഗണിച്ച് ബദൽ ക്രമീകരണങ്ങൾ ഏർപ്പെടുത്താനും നിർദേശമുണ്ടായി. ഇതിനിടെ, സതേൺ ടേബിൾലാൻഡ്‌സ് മേഖലയിലെ ന്യൂ സൗത്ത് വെയിൽസ് റൂറൽ ഫയർ സർവീസിലെ (RFS) അംഗം പ്രദേശത്ത് രൂപപ്പെട്ട ചുഴലിക്കാറ്റിന്റെ ദൃശ്യങ്ങൾ പകർത്തി. ഗൗൾബേണിന് പടിഞ്ഞാറ് ഏകദേശം 40 കിലോമീറ്റർ അകലെയുള്ള ഗണ്ണിങ്ങിന് വടക്കുഭാഗത്താണ് ചുഴലിക്കാറ്റ് രൂപപ്പെട്ടതെന്ന് RFS അറിയിച്ചു. പ്രദേശത്തെ വിവിധ ഇടങ്ങളിൽ നാശനഷ്ടങ്ങളും അനുബന്ധ അപകടങ്ങളും റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് RFS, SES സംഘങ്ങൾ സംയുക്തമായി രക്ഷാപ്രവർത്തനവും ദുരിതാശ്വാസ പ്രവർത്തനങ്ങളും തുടരുകയാണ്. രാത്രി വൈകിയും പ്രവർത്തനം നീളുമെന്നാണ് അധികൃതർ അറിയിച്ചത്.

ഗൗൾബേൺ മേഖലയിൽ ചുഴലിക്കാറ്റിന്റെ ആഘാതം കാര്യമായി അനുഭവപ്പെട്ടില്ലെങ്കിലും യാസിന്റെ ചില ഭാഗങ്ങളിൽ വ്യാപക നാശനഷ്ടമുണ്ടായതായി SES അറിയിച്ചു. യാസ് മേഖലയിലെ രക്ഷാപ്രവർത്തനങ്ങൾക്ക് പിന്തുണയുമായി സംഘങ്ങൾ രാത്രിയിലും തുടർന്നുള്ള ദിവസവും രംഗത്തുണ്ടാകുമെന്നും വ്യക്തമാക്കി. അതേസമയം, കിഴക്കൻ ഓസ്‌ട്രേലിയൻ സംസ്ഥാനങ്ങളിൽ വാരാന്ത്യത്തിൽ ശക്തമായ കാലാവസ്ഥാ പ്രതിഭാസങ്ങൾക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിലെ മുതിർന്ന കാലാവസ്ഥാ വിദഗ്ധൻ ആംഗസ് ഹിൻസ് മുന്നറിയിപ്പ് നൽകി. ഞായറാഴ്ച ന്യൂകാസിൽ മുതൽ ക്വീൻസ്‌ലൻഡിലെ സൺഷൈൻ കോസ്റ്റിന് വടക്കുള്ള ജിംപി വരെ ശക്തമായ കൊടുങ്കാറ്റിന് സാധ്യതയുണ്ട്. ന്യൂകാസിലിന് വടക്കുഭാഗം മുതൽ ബൈറൺ ബേയുടെ വടക്കൻ മേഖല വരെയായിരിക്കും പ്രധാനമായും കാലാവസ്ഥാ വ്യതിയാനത്തിന്റെ ആഘാതം അനുഭവപ്പെടുക. മണിക്കൂറിൽ 125 കിലോമീറ്ററിലധികം വേഗതയിൽ കാറ്റ് വീശാനും സാധ്യതയുണ്ട്.

വലിയ ആലിപ്പഴ വർഷം, ശക്തമായ മഴ, പെട്ടെന്നുള്ള വെള്ളപ്പൊക്കം, വീടുകൾക്കും മരങ്ങൾക്കും നാശമുണ്ടാക്കുന്ന കാറ്റ് എന്നിവയ്ക്കുള്ള സാധ്യതയുണ്ടെന്നും ഹിൻസ് മുന്നറിയിപ്പ് നൽകി. കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പുകൾ നിരന്തരം ശ്രദ്ധിക്കണമെന്നും അദ്ദേഹം ജനങ്ങളോട് ആവശ്യപ്പെട്ടു. ഞായറാഴ്ച അർധരാത്രിയിലും ന്യൂ സൗത്ത് വെയിൽസിലെ സെൻട്രൽ വെസ്റ്റിന്റെയും വടക്കൻ ഉൾനാടൻ മേഖലയുടെയും ചില ഭാഗങ്ങളിൽ ശക്തമായ ഇടിമിന്നലിനുള്ള മുന്നറിയിപ്പ് നിലനിന്നിരുന്നു. വിക്ടോറിയയിലെ ഗിപ്‌സ്‌ലാൻഡ്, ക്വീൻസ്‌ലൻഡിലെ മറനോവ, വാർറെഗോ മേഖലകളിൽ നേരത്തെ നൽകിയിരുന്ന മുന്നറിയിപ്പുകൾ പിന്നീട് പിൻവലിച്ചു. ശനിയാഴ്ച രാവിലെ വടക്കൻ വിക്ടോറിയയിലെയും തെക്കൻ ന്യൂ സൗത്ത് വെയിൽസിലെയും ചില പർവതപ്രദേശങ്ങളിൽ മണിക്കൂറിൽ 100 കിലോമീറ്ററിലധികം വേഗതയിൽ കാറ്റ് വീശിയതായും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

SCROLL FOR NEXT