വെള്ളിയാഴ്ച രാത്രി 9 മണിയോടെ ക്ലീവ് ക്ലോസ് (Cleeve Close) പ്രദേശത്താണ് സംഭവം നടന്നത്.  (9 News)
New South Wales

സിഡ്നിയിൽ യുവാവിന് കുത്തേറ്റ് ദാരുണാന്ത്യം; പന്ത്രണ്ടോളം പേരെ തിരഞ്ഞ് പോലീസ്

വയറിനു കുത്തേറ്റ യുവാവിനെ രക്ഷിക്കാൻ പാരാമെഡിക്സ് സംഘം അടിയന്തര ശ്രമങ്ങൾ നടത്തിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Safvana Jouhar

പടിഞ്ഞാറൻ സിഡ്നിയിൽ മൗണ്ട് ഡ്രൂട്ട് സ്റ്റേഷന് സമീപമുണ്ടായ ക്രൂരമായ കുത്തിക്കൊലപാതകത്തിൽ ഒരാൾ മരിച്ചു. സംഭവവുമായി ബന്ധപ്പെട്ട് സ്ഥലത്തുണ്ടായിരുന്ന പന്ത്രണ്ടോളം പേരെ കണ്ടെത്താനായി പോലീസ് അന്വേഷണം ഊർജിതമാക്കി. വെള്ളിയാഴ്ച രാത്രി 9 മണിയോടെ ക്ലീവ് ക്ലോസ് (Cleeve Close) പ്രദേശത്താണ് സംഭവം നടന്നത്. ആക്രമണത്തിന് തൊട്ടുമുമ്പ് ഇവിടെ ഒരു വാക്കുതർക്കമോ ഏറ്റുമുട്ടലോ നടന്നിട്ടുണ്ടെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. വയറിനു കുത്തേറ്റ യുവാവിനെ രക്ഷിക്കാൻ പാരാമെഡിക്സ് സംഘം അടിയന്തര ശ്രമങ്ങൾ നടത്തിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

നടന്നത് അതീവ ക്രൂരമായ സംഭവമാണെന്നും കൃത്യത്തിന് ഏതെങ്കിലും തരത്തിലുള്ള കത്തിയോ മൂർച്ചയേറിയ ആയുധമോ ഉപയോഗിച്ചിട്ടുണ്ടെന്നും സൂപ്രണ്ട് ബ്രെൻഡൻ ഡോർമാൻ പറഞ്ഞു. സംഭവസ്ഥലത്ത് ആ സമയത്തുണ്ടായിരുന്ന പന്ത്രണ്ടോളം പേർ അന്വേഷണവുമായി സഹകരിക്കാൻ മുന്നോട്ടുവരണമെന്ന് പോലീസ് അഭ്യർത്ഥിച്ചു. പ്രതികളെ തിരിച്ചറിയാൻ ഈ ദൃക്‌സാക്ഷികളുടെ മൊഴികൾ നിർണായകമാകും. സംഭവസ്ഥലത്തുനിന്നുള്ള സി.സി.ടി.വി ദൃശ്യങ്ങളും പൊതുജനങ്ങളുടെ പക്കലുള്ള ഫോൺ വീഡിയോകളും പോലീസ് പരിശോധിച്ചുവരികയാണ്. ആക്രമണം മുൻകൂട്ടി തയ്യാറാക്കിയ പദ്ധതിയുടെ ഭാഗമാണോ അതോ യാദൃശ്ചികമായി സംഭവിച്ചതാണോ എന്ന കാര്യത്തിലും, കൊല്ലപ്പെട്ടയാളും പ്രതികളും തമ്മിൽ മുൻപരിചയമുണ്ടായിരുന്നോ എന്നതിലും വ്യക്തത വന്നിട്ടില്ല. കൊല്ലപ്പെട്ടയാളുടെ വിവരങ്ങൾ പോലീസ് പുറത്തുവിട്ടിട്ടില്ല. ദൃക്‌സാക്ഷികളായ ആർക്കെങ്കിലും വിവരങ്ങൾ നൽകാനുണ്ടെങ്കിൽ മുന്നോട്ടുവരാൻ പോലീസ് അഭ്യർത്ഥിച്ചു.

SCROLL FOR NEXT