(Nine)
New South Wales

ഓസ്‌ട്രേലിയയിൽ 50 വർഷത്തിനുശേഷം പുതിയ വിമാനത്താവളം തുറന്നു; ആദ്യ യാത്രാ വിമാനം ഗോൾഡ് കോസ്റ്റിലേക്ക്

വെസ്റ്റേൺ സിഡ്‌നി ഇന്റർനാഷണൽ വിമാനത്താവളത്തിൽ ജെറ്റ്‌സ്റ്റാറിന്റെ ആദ്യ സർവീസ്; 24 മണിക്കൂറും പ്രവർത്തനം, ഭാവിയിൽ വർഷം 8.2 കോടി യാത്രക്കാരെ ഉൾക്കൊള്ളാൻ ലക്ഷ്യം

Safvana Jouhar

ഓസ്‌ട്രേലിയയിലെ പുതിയ വിമാനത്താവളമായ വെസ്റ്റേൺ സിഡ്‌നി ഇന്റർനാഷണൽ (നാൻസി-ബേർഡ് വാൾട്ടൺ) ഞായറാഴ്ച യാത്രക്കാർക്കായി തുറന്നു. ജെറ്റ്‌സ്റ്റാറിന്റെ ഗോൾഡ് കോസ്റ്റിലേക്കുള്ള ആഭ്യന്തര സർവീസാണ് വിമാനത്താവളത്തിൽനിന്ന് ആദ്യമായി യാത്രക്കാരുമായി പറന്നുയർന്നത്. അഞ്ച് പതിറ്റാണ്ടിലേറെയായി ഓസ്‌ട്രേലിയയിൽ തുറക്കുന്ന ആദ്യത്തെ പ്രധാന പുതിയ വിമാനത്താവളമെന്ന പ്രത്യേകതയും ഇതിനുണ്ട്. ഞായറാഴ്ച രാവിലെ എട്ടിന് ചെക്ക്-ഇൻ ആരംഭിച്ച ജെറ്റ്‌സ്റ്റാർ വിമാനം JQ362 രാവിലെ 11ന് ഗോൾഡ് കോസ്റ്റിലേക്ക് പുറപ്പെട്ടു. ചരിത്രപരമായ ആദ്യ സർവീസിനു മുന്നോടിയായി ബ്ലാക്ക്‌ടൗൺ സ്വദേശിയായ പൈലറ്റ് വിമാനം സിഡ്‌നി വിമാനത്താവളത്തിൽനിന്ന് വെസ്റ്റേൺ സിഡ്‌നിയിലെ പുതിയ വിമാനത്താവളത്തിലേക്ക് എത്തിച്ചിരുന്നു. സമയക്രമം പാലിച്ച് പറന്നുയർന്ന വിമാനം ഫ്ലൈറ്റ് റഡാർ 24ൽ ലോകത്ത് ഏറ്റവും കൂടുതൽ പേർ പിന്തുടർന്ന വിമാനമായി മാറി.

വെസ്റ്റേൺ സിഡ്‌നിയിലെ പ്രദേശവാസികൾ ചരിത്രനിമിഷം കാണാൻ ആകാശത്തേക്ക് നോക്കി. പെൻറിത്തിൽ നിന്ന് വെറും 20 മിനിറ്റ് യാത്ര ചെയ്താണ് വിമാനത്താവളത്തിലെത്തിയതെന്ന് ആദ്യ വിമാനത്തിലെ യാത്രക്കാരായ ഒരു കുടുംബം പറഞ്ഞു. യാത്രകൾ ഇഷ്ടപ്പെടുന്ന തങ്ങൾക്ക് വിമാനത്താവളം അടുത്തെത്തിയത് വലിയ സൗകര്യമാകുമെന്നും അവർ വ്യക്തമാക്കി. മെൽബണിൽ നിന്നുള്ള അടുത്ത ആഭ്യന്തര വിമാനം ഞായറാഴ്ച വൈകിട്ട് മൂന്നിന് എത്തും. തുടർന്ന് വൈകിട്ട് ആറിന് മടക്കസർവീസ് നടത്തും. യാത്രക്കാരുമായുള്ള സർവീസുകൾ ആരംഭിച്ചിട്ടില്ലെങ്കിലും ക്വാണ്ടാസ് വിമാനവും വിമാനത്താവളത്തിൽ ഇറങ്ങി.

ഹീത്രൂ വിമാനത്താവളത്തിന്റെ വലുപ്പത്തിലേക്ക് വളരാൻ ലക്ഷ്യം

വിമാനത്താവളത്തിന്റെ ഔദ്യോഗിക ഉദ്ഘാടനത്തിൽ പ്രധാനമന്ത്രി ആന്തണി അൽബനീസി, അടിസ്ഥാനസൗകര്യ-ഗതാഗത മന്ത്രി കാതറിൻ കിംഗ്, ന്യൂ സൗത്ത് വെയിൽസ് പ്രീമിയർ ക്രിസ് മിൻസ്, വെസ്റ്റേൺ സിഡ്‌നി ഇന്റർനാഷണൽ സിഇഒ സൈമൺ ഹിക്കി എന്നിവർ പങ്കെടുത്തു. വിമാനത്താവളത്തിന്റെ ഉദ്ഘാടനം വെസ്റ്റേൺ സിഡ്‌നിയെ സംബന്ധിച്ചിടത്തോളം ചരിത്രനിമിഷമാണെന്ന് സിഇഒ സൈമൺ ഹിക്കി പറഞ്ഞു. പതിറ്റാണ്ടുകളായി പ്രദേശവാസികൾ ആവശ്യപ്പെട്ടിരുന്ന വിമാനത്താവളം യാഥാർഥ്യമായതോടെ മേഖലയ്ക്ക് സാമൂഹികവും സാമ്പത്തികവുമായ നേട്ടങ്ങൾ ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

സിഡ്‌നി ഹാർബർ ബ്രിഡ്ജിന് ശേഷം രാജ്യത്ത് ഏറ്റവും വലിയ മാറ്റമുണ്ടാക്കുന്ന അടിസ്ഥാനസൗകര്യ പദ്ധതികളിലൊന്നായിരിക്കും വിമാനത്താവളമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 10,000ത്തിലധികം പേർ നിർമാണപ്രവർത്തനങ്ങളിൽ പങ്കെടുത്തതായി ഹിക്കി പറഞ്ഞു. നിലവിൽ ആഴ്ചയിൽ ഏതാനും സർവീസുകൾ മാത്രമാണുള്ളത്. എന്നാൽ ഒരു വർഷത്തിനുള്ളിൽ 250ലധികം ലക്ഷ്യസ്ഥാനങ്ങളിലേക്ക് യാത്രാസൗകര്യം ഒരുക്കാനാണ് ലക്ഷ്യമിടുന്നത്. ആദ്യ വിമാനത്തിലെ മുഴുവൻ സീറ്റുകളും ഒരു മണിക്കൂറിനുള്ളിൽ വിറ്റുപോയി. ഭാവിയിൽ ലണ്ടനിലെ ഹീത്രൂ വിമാനത്താവളത്തിന്റെ വലുപ്പത്തിലേക്ക് വളരാൻ കഴിയുന്ന രീതിയിലാണ് വിമാനത്താവളം രൂപകൽപ്പന ചെയ്തിരിക്കുന്നതെന്നും എന്നാൽ അതിന് പതിറ്റാണ്ടുകൾ വേണ്ടിവരുമെന്നും ഹിക്കി വ്യക്തമാക്കി.

ഓസ്‌ട്രേലിയയിൽ അഞ്ച് പതിറ്റാണ്ടിലേറെയ്ക്കുശേഷം തുറക്കുന്ന പ്രധാന പുതിയ വിമാനത്താവളമാണിതെന്ന് പ്രധാനമന്ത്രി അൽബനീസി പറഞ്ഞു. വെസ്റ്റേൺ സിഡ്‌നിയിലെ ജനങ്ങളുടേതുകൂടിയാണ് ഈ ചരിത്രനേട്ടമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ജെറ്റ്‌സ്റ്റാർ സിഇഒ സ്റ്റെഫാനി ടുള്ളിയും ഉദ്ഘാടനത്തെ ഓസ്‌ട്രേലിയൻ വ്യോമയാന മേഖലയിലെ ചരിത്രദിനമായി വിശേഷിപ്പിച്ചു. വെസ്റ്റേൺ സിഡ്‌നിയിലും സമീപപ്രദേശങ്ങളിലും താമസിക്കുന്ന 30 ലക്ഷത്തോളം പേർക്ക് കുറഞ്ഞ നിരക്കിലുള്ള വിമാനയാത്ര ഇനി വീടിനടുത്തുനിന്ന് ആരംഭിക്കാനാകുമെന്നും അവർ പറഞ്ഞു.

24 മണിക്കൂറും പ്രവർത്തിക്കും; അന്താരാഷ്ട്ര സർവീസുകളും വരുന്നു

സിഡ്‌നി വിമാനത്താവളത്തിൽ നിന്ന് വ്യത്യസ്തമായി വെസ്റ്റേൺ സിഡ്‌നി വിമാനത്താവളത്തിന് രാത്രികാല സർവീസുകൾക്ക് നിയന്ത്രണമുണ്ടാകില്ല. 24 മണിക്കൂറും പ്രവർത്തിക്കുന്നതിനാൽ ഏത് സമയത്തും വിമാനങ്ങൾക്ക് എത്താനും പുറപ്പെടാനും കഴിയും. അതേസമയം ഓക്‌ലൻഡിലേക്കുള്ള എയർ ന്യൂസിലൻഡിന്റെ സർവീസാണ് തിങ്കളാഴ്ച ആരംഭിക്കുന്ന ആദ്യ അന്താരാഷ്ട്ര യാത്രാ സർവീസ്. സിംഗപ്പൂർ എയർലൈൻസ്, വിയറ്റ്‌ജെറ്റ് എയർ, ഫിജി എയർവേയ്‌സ്, ഖത്തർ എയർവേയ്‌സ്, ക്വാണ്ടാസ് എന്നിവയും പുതിയ വിമാനത്താവളത്തിൽനിന്ന് സർവീസുകൾ നടത്തും. സിംഗപ്പൂരിലേക്കുള്ള നേരിട്ടുള്ള സർവീസ് നവംബർ 23ന് ആരംഭിക്കും. അടുത്ത വർഷം കൂടുതൽ പുതിയ റൂട്ടുകളും തുറക്കും. യാത്രക്കാർക്ക് ഏത് വിമാനക്കമ്പനിയിലാണെന്നോ ഏത് വിമാനമാണെന്നോ നോക്കാതെ 40 സ്വയം ചെക്ക്-ഇൻ കിയോസ്‌കുകളിലും 34 ബാഗ് ഡ്രോപ്പ് കൗണ്ടറുകളിലും സേവനം ലഭ്യമാകും. ആഭ്യന്തര-അന്താരാഷ്ട്ര സർവീസുകൾക്കനുസരിച്ച് സുരക്ഷാ പരിശോധന, ബാഗേജ് സ്വീകരണം തുടങ്ങിയ മേഖലകളുടെ ക്രമീകരണവും മാറ്റാനാകും. ഇതുവഴി ക്യൂ കുറയ്ക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ.

2014ൽ നിർമാണം തുടങ്ങി

2014ലാണ് വെസ്റ്റേൺ സിഡ്‌നി വിമാനത്താവളത്തിന്റെ നിർമാണം ആരംഭിച്ചത്. 2025 ഒക്ടോബറിൽ പരിശീലനത്തിന്റെ ഭാഗമായി ആദ്യ വിമാനം ഇവിടെ ഇറങ്ങിയിരുന്നു. ഈ വർഷം ജൂലൈയിൽ ചരക്കുവിമാന സർവീസുകളും ആരംഭിച്ചു.

ആഴ്ചയിൽ 850 ടണ്ണിലധികം ചരക്ക് കൈകാര്യം ചെയ്യാൻ ശേഷിയുള്ള പ്രത്യേക ചരക്ക് മേഖലയും വിമാനത്താവളത്തിലുണ്ട്. തുടക്കത്തിൽ പ്രതിവർഷം ഒരു കോടി യാത്രക്കാരെ ഉൾക്കൊള്ളാൻ കഴിയുന്ന ശേഷിയാണുള്ളത്. ദീർഘകാലാടിസ്ഥാനത്തിൽ പ്രതിവർഷം 8.2 കോടി യാത്രക്കാരെ കൈകാര്യം ചെയ്യാൻ കഴിയുന്ന ഓസ്‌ട്രേലിയയുടെ പ്രധാന അന്താരാഷ്ട്ര പ്രവേശനകവാടങ്ങളിലൊന്നായി മാറുകയാണ് ലക്ഷ്യം.

SCROLL FOR NEXT