New South Wales

അംഗീകാരമില്ലാത്ത പെപ്റ്റൈഡുകൾ ഉപയോഗിച്ച് ആശുപത്രിയിലെത്തുന്നവരുടെ എണ്ണം വർധിക്കുന്നു

2025 ജൂലൈ മുതൽ ഈ വർഷം സെപ്റ്റംബർ വരെ സംസ്ഥാനത്തെ ആശുപത്രി അത്യാഹിത വിഭാഗങ്ങളിൽ 1,180 പേർ പെപ്റ്റൈഡുകളുടെ ഉപയോഗത്തെത്തുടർന്നുണ്ടായ ആരോഗ്യപ്രശ്നങ്ങൾക്ക് ചികിത്സ തേടിയെത്തി.

Safvana Jouhar

‘വെൽനെസ്’ ഉൽപ്പന്നങ്ങളെന്ന പേരിൽ പ്രചരിപ്പിക്കുന്ന അംഗീകാരമില്ലാത്ത പെപ്റ്റൈഡുകൾ ഉപയോഗിച്ചതിനെത്തുടർന്ന് ന്യൂ സൗത്ത് വെയിൽസിൽ ആശുപത്രികളിലെത്തുന്നവരുടെ എണ്ണം കുത്തനെ വർധിക്കുന്നു. ഇതോടെ പൊതുജനങ്ങൾക്ക് ആരോഗ്യ മുന്നറിയിപ്പുമായി സംസ്ഥാന ആരോഗ്യവകുപ്പ് രംഗത്തെത്തി.

ന്യൂ സൗത്ത് വെയിൽസ് ഹെൽത്തിന്റെ കണക്കുകൾ പ്രകാരം, 2025 ജൂലൈ മുതൽ ഈ വർഷം സെപ്റ്റംബർ വരെ സംസ്ഥാനത്തെ ആശുപത്രി അത്യാഹിത വിഭാഗങ്ങളിൽ 1,180 പേർ പെപ്റ്റൈഡുകളുടെ ഉപയോഗത്തെത്തുടർന്നുണ്ടായ ആരോഗ്യപ്രശ്നങ്ങൾക്ക് ചികിത്സ തേടിയെത്തി. 2025 ജൂലൈയിൽ പ്രതിമാസം അഞ്ച് പേർ മാത്രമായിരുന്നു ചികിത്സ തേടിയെത്തിയിരുന്നത്. എന്നാൽ കഴിഞ്ഞ മാസം ഈ കണക്ക് ഏകദേശം 220 ആയി ഉയർന്നു.

ശരീരത്തിലെ പ്രോട്ടീനുകളുടെ നിർമാണത്തിൽ പങ്കാളികളാകുന്ന അമിനോ ആസിഡുകളുടെ ചെറിയ ശൃംഖലകളാണ് പെപ്റ്റൈഡുകൾ. ചികിത്സയ്ക്കായി ഉപയോഗിക്കുന്ന ചില പെപ്റ്റൈഡ് അധിഷ്ഠിത മരുന്നുകൾക്ക് ഓസ്‌ട്രേലിയൻ തെറാപ്പ്യൂട്ടിക് ഗുഡ്സ് അഡ്മിനിസ്ട്രേഷന്റെ (TGA) അംഗീകാരമുണ്ട്. എന്നാൽ, അംഗീകാരമില്ലാത്ത പെപ്റ്റൈഡുകൾ ഭാരം കുറയ്ക്കാനും പ്രായമാകുന്ന പ്രക്രിയ മന്ദഗതിയിലാക്കാനും പേശീവളർച്ചയ്ക്കും സഹായിക്കുമെന്ന അവകാശവാദങ്ങളോടെ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്.

കരൾ, വൃക്ക തകരാറുകൾക്കും സാധ്യത

അംഗീകാരമില്ലാത്ത പെപ്റ്റൈഡുകളുടെ ഉപയോഗം ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുമെന്ന് ന്യൂ സൗത്ത് വെയിൽസ് ആരോഗ്യമന്ത്രി റയാൻ പാർക്ക് മുന്നറിയിപ്പ് നൽകി. കരൾ, വൃക്ക എന്നിവയുടെ തകരാറുകൾ, അലർജി, കഠിനമായ ഛർദി, മറ്റ് സങ്കീർണതകൾ എന്നിവ ഇതുമൂലം ഉണ്ടാകാം. ഇത്തരം ഉൽപ്പന്നങ്ങൾ ഉപയോഗിച്ച് ആരോഗ്യനില മോശമായവർക്ക് അടിയന്തര ചികിത്സ ആവശ്യമായി വരുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

റോയൽ ഓസ്‌ട്രേലിയൻ കോളജ് ഓഫ് ജനറൽ പ്രാക്ടീഷണേഴ്‌സിലെ ശിശു-യുവജന ആരോഗ്യ വിഭാഗം അധ്യക്ഷൻ ടിം ജോൺസ് സ്ഥിതിഗതികൾ അതീവ ഗുരുതരമാണെന്ന് വ്യക്തമാക്കി. ചിലർക്ക് സംഭവിച്ച ആരോഗ്യനാശം തിരിച്ചുപിടിക്കാനാകാത്തതായിരിക്കാമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. BPC-157, GHK-Cu, TB-500, റെറ്റാട്രൂടൈഡ്, CJC-1295 തുടങ്ങിയ പെപ്റ്റൈഡുകൾ അടങ്ങിയതായി അവകാശപ്പെടുന്ന ഉൽപ്പന്നങ്ങൾ അംഗീകാരമില്ലാത്തവയിൽ ഉൾപ്പെടാമെന്ന് ന്യൂ സൗത്ത് വെയിൽസ് ആരോഗ്യവകുപ്പ് അറിയിച്ചു.

ഇത്തരം ഉൽപ്പന്നങ്ങളിൽ ലേബലിൽ രേഖപ്പെടുത്തിയ ചേരുവകൾ തന്നെയാകണമെന്നില്ല ഉള്ളത്. ചിലപ്പോൾ ചേരുവകളുടെ അളവ് വളരെ വ്യത്യസ്തമായിരിക്കാം; മറ്റ് ഉൽപ്പന്നങ്ങളുമായി കലർത്തിയതായും കണ്ടെത്തിയിട്ടുണ്ടെന്ന് ഡോ. ജോൺസ് പറഞ്ഞു. സങ്കീർണമായ രീതിയിൽ ശരീരത്തിൽ പ്രവർത്തിക്കുന്ന ഇത്തരം ഉൽപ്പന്നങ്ങൾ മറ്റ് ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കുമോയെന്ന് പരിഗണിക്കാതെയാണ് പലരും ഉപയോഗിക്കുന്നതെന്നും അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു. സമൂഹമാധ്യമങ്ങളിലൂടെയും ഓൺലൈൻ വിൽപ്പനക്കാരിലൂടെയും പ്രചരിക്കുന്ന അംഗീകാരമില്ലാത്ത ഉൽപ്പന്നങ്ങൾ വാങ്ങുകയോ ഉപയോഗിക്കുകയോ ചെയ്യരുതെന്ന് മന്ത്രി പാർക്ക് ജനങ്ങളോട് ആവശ്യപ്പെട്ടു. സമൂഹത്തിൽ ഇവയുടെ ഉപയോഗം വർധിക്കുന്നതും അതുമൂലമുണ്ടാകാവുന്ന അപകടസാധ്യതകളും അടുത്ത മാസങ്ങളിൽ ആരോഗ്യ മന്ത്രിമാരുടെ ചർച്ചകളിൽ പ്രധാന വിഷയമാകുമെന്നും അദ്ദേഹം പറഞ്ഞു.

കൗമാരക്കാരിലും ഉപയോഗം വ്യാപിക്കുന്നു

അംഗീകാരമില്ലാത്ത പെപ്റ്റൈഡുകളുടെ ദീർഘകാല പ്രത്യാഘാതങ്ങളെക്കുറിച്ച് വലിയ ആശങ്കയുണ്ടെന്ന് ഡോ. ജോൺസ് പറഞ്ഞു. ചില ആരോഗ്യപ്രശ്നങ്ങൾ വൈകിയാണ് പ്രകടമാകുന്നതെന്നതിനാൽ ഇപ്പോൾ പുറത്തുവരുന്ന കണക്കുകൾ യഥാർഥ പ്രശ്നത്തിന്റെ ചെറിയൊരു ഭാഗം മാത്രമായിരിക്കാമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

ഓൺലൈനിലൂടെ പെപ്റ്റൈഡുകൾ ഓർഡർ ചെയ്തതായി 14 വയസ്സുള്ള കുട്ടികൾ പോലും തന്നോട് പറഞ്ഞിട്ടുണ്ടെന്ന് അദ്ദേഹം വെളിപ്പെടുത്തി. താൻ ഡോക്ടറായി സംസാരിക്കുന്ന യുവാക്കളിൽ പകുതിയെങ്കിലും ഇത്തരം ഉൽപ്പന്നങ്ങളെക്കുറിച്ച് അറിയുന്നവരോ അവ ഉപയോഗിക്കുന്നതിനെക്കുറിച്ച് ചിന്തിച്ചിട്ടുള്ളവരോ ആണെന്നും അദ്ദേഹം പറഞ്ഞു.

ആരോഗ്യലക്ഷ്യങ്ങളെക്കുറിച്ച് സ്വന്തം ഡോക്ടറുമായി സംസാരിക്കണമെന്നും ഓസ്‌ട്രേലിയയിൽ യോഗ്യനായ ആരോഗ്യപ്രവർത്തകൻ നിർദേശിച്ച് കുറിപ്പടി നൽകിയ അംഗീകൃത പെപ്റ്റൈഡ് മരുന്നുകൾ മാത്രം ഉപയോഗിക്കണമെന്നും അധികൃതർ നിർദേശിക്കുന്നു. ഡോക്ടറുടെ കുറിപ്പടിയില്ലാതെ പെപ്റ്റൈഡ് ഉൽപ്പന്നങ്ങൾ ഇതിനകം ഉപയോഗിക്കുന്നവർ അടുത്ത ഡോസ് എടുക്കുന്നതിന് മുമ്പ് ആരോഗ്യവിദഗ്ധനുമായി സംസാരിക്കണം. ഡോക്ടർ നിർദേശിക്കുകയും ഫാർമസിയിൽനിന്ന് ലഭിക്കുകയും ചെയ്തിട്ടില്ലെങ്കിൽ ഇത്തരം ഉൽപ്പന്നങ്ങൾ ഉപയോഗിക്കരുതെന്ന് മന്ത്രി റയാൻ പാർക്ക് ആവർത്തിച്ച് മുന്നറിയിപ്പ് നൽകി.

SCROLL FOR NEXT