(Photograph: Jeremy Ng/Getty Images)
New South Wales

94 വർഷത്തെ ചരിത്രത്തിന് വിരാമം; സിഡ്‌നിയിലെ വെന്റ്വർത്ത് പാർക്കിൽ അവസാന ഗ്രേഹൗണ്ട് മത്സരം

1932 മുതൽ മത്സരങ്ങൾ നടന്നിരുന്ന ട്രാക്കിൽ വെള്ളിയാഴ്ച രാത്രിയാണ് അവസാന റേസ് മീറ്റിങ് നടന്നത്. ട്രാക്ക് പൊളിച്ചുനീക്കാനുള്ള പദ്ധതിയുടെ ഭാഗമായാണ് നടപടി.

Safvana Jouhar

ഓസ്‌ട്രേലിയൻ കായികരംഗത്തെ ചരിത്രപ്രധാനമായ വേദികളിലൊന്നായ സിഡ്‌നിയിലെ വെന്റ്വർത്ത് പാർക്കിൽ ഗ്രേഹൗണ്ട് നായ്പന്തയങ്ങൾക്ക് വിരാമം. 1932 മുതൽ മത്സരങ്ങൾ നടന്നിരുന്ന ട്രാക്കിൽ വെള്ളിയാഴ്ച രാത്രിയാണ് അവസാന റേസ് മീറ്റിങ് നടന്നത്. ട്രാക്ക് പൊളിച്ചുനീക്കാനുള്ള പദ്ധതിയുടെ ഭാഗമായാണ് നടപടി. സിഡ്‌നിയുടെ മധ്യഭാഗത്തുള്ള വെന്റ്വർത്ത് പാർക്കിൽ നടന്ന അവസാന മത്സരങ്ങൾ കാണാൻ ആയിരക്കണക്കിന് ആളുകളാണ് എത്തിയത്. രാത്രിയിലെ അവസാന മത്സരമായ ലോകത്തിലെ ഏറ്റവും വലിയ സമ്മാനത്തുകയുള്ള ‘മില്യൺ ഡോളർ ചേസ്’ മാജിക്കൽ ആങ് സ്വന്തമാക്കി.

പാർക്ക് അടച്ചുപൂട്ടുന്നതിൽ സങ്കടമുണ്ടെങ്കിലും നഗരവികസനത്തിന്റെ ഭാഗമായി ഈ മാറ്റം പ്രതീക്ഷിച്ചതാണെന്ന് ന്യൂ സൗത്ത് വെയിൽസ് ഗ്രേഹൗണ്ട് ബ്രീഡേഴ്‌സ്, ഓണേഴ്‌സ് ആൻഡ് ട്രെയിനേഴ്‌സ് അസോസിയേഷൻ ചെയർമാൻ ജെഫ് റോസ് പറഞ്ഞു. ഗ്ലീബിലെ ഈ സ്ഥലത്തിന് വലിയ സാമ്പത്തിക മൂല്യമുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നാൽ, പതിറ്റാണ്ടുകളായി ഈ കായികരംഗവുമായി ബന്ധമുള്ള നിരവധി പേർക്ക് അടച്ചുപൂട്ടൽ ഹൃദയഭേദകമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 1962 ഡിസംബറിൽ 17-കാരനായ, പത്രപ്രവർത്തക പരിശീലകനായി ആദ്യമായി ഈ ട്രാക്കിലെത്തിയ ജെഫ് കോളേഴ്‌സണും അവസാന മത്സരത്തിന് സാക്ഷിയായി. 81കാരനായ അദ്ദേഹം ദീർഘകാലമായി ഗ്രേഹൗണ്ട് മത്സരങ്ങളെക്കുറിച്ച് എഴുതുന്നയാളാണ്. നാട്ടുകാർ സ്നേഹത്തോടെ ‘വെന്റി’ എന്ന് വിളിക്കുന്ന ഈ വേദിക്ക് മറ്റൊരു ട്രാക്കിനും പകരംവയ്ക്കാനാകാത്ത പ്രത്യേക അന്തരീക്ഷമുണ്ടായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

Magical Ang, winner of the Million Dollar Chase at Wentworth Park, with her handler.

2027 ഒക്ടോബറിന് ശേഷം ഇവിടെയുള്ള കെട്ടിടങ്ങളെല്ലാം പൊളിച്ചുനീക്കാനാണ് പദ്ധതി. തുടർന്ന് സ്ഥലം വീണ്ടും പൊതുപാർക്കാക്കി മാറ്റുമെന്ന് സിഡ്‌നി നഗരസഭയുടെ മേൽനോട്ടത്തിലുള്ള പദ്ധതിയിൽ വ്യക്തമാക്കുന്നു.

1876നും 1880നും ഇടയിൽ സിഡ്‌നി തുറമുഖത്തുനിന്ന് നീക്കംചെയ്ത ചെളിയും മണ്ണും ഉപയോഗിച്ചാണ് വെന്റ്വർത്ത് പാർക്ക് രൂപീകരിച്ചത്. 1932ൽ ഇവിടെ ഗ്രേഹൗണ്ട് മത്സരങ്ങൾ ആരംഭിച്ചു. 1970കളോടെ മത്സരങ്ങൾക്ക് വലിയ ജനപിന്തുണ ലഭിച്ചു. വെന്റ്വർത്ത് പാർക്കിന് പകരമായി സിഡ്‌നിയുടെ വടക്കുപടിഞ്ഞാറ് ഭാഗത്തുള്ള റിച്ച്മണ്ട് റേസ് ക്ലബ്ബിനെ തിരഞ്ഞെടുത്തതായി ഗ്രേഹൗണ്ട് റേസിങ് ന്യൂ സൗത്ത് വെയിൽസ് അറിയിച്ചു. അതേസമയം, സിഡ്‌നിയുടെ തെക്കുപടിഞ്ഞാറുള്ള ആപ്പിൻ പ്രദേശത്തിന് സമീപം മറ്റൊരു മത്സരവേദി ഒരുക്കുന്നതും അസോസിയേഷൻ പരിഗണിക്കുന്നുണ്ട്. ‌

വ്യവസായത്തിന് പുതിയ വേദി കണ്ടെത്താൻ സർക്കാർ ഒരു കോടി ഓസ്‌ട്രേലിയൻ ഡോളർ സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്. എന്നാൽ, നായ്ക്കൾക്ക് പരിക്കേൽക്കുകയും ചാകുകയും ചെയ്യുന്ന കായികരംഗത്തിന് നികുതിപ്പണം ചെലവഴിക്കുന്നതിനെതിരെ വിമർശനമുയരുന്നുണ്ട്. അവസാന മത്സരദിവസം പാർക്കിന് പുറത്ത് മൃഗസംരക്ഷണ പ്രവർത്തകർ പ്രതിഷേധവുമായി എത്തി. ഗ്രേഹൗണ്ട് മത്സരങ്ങൾ നായ്ക്കളുടെ മരണത്തിന് കാരണമാകുന്നുവെന്ന് ആരോപിച്ച അവർ കായികരംഗം അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടു. വിരമിച്ച റേസിങ് നായ്ക്കളെ ദത്തെടുക്കാൻ സഹായിക്കുന്ന ‘ഗ്രേഹൗണ്ട്സ് ആസ് പെറ്റ്സ്’ സംഘടനയിലെ പ്രവർത്തകർ പുതിയ സൗകര്യങ്ങൾ നായ്ക്കളുടെ സംരക്ഷണത്തിന് കൂടുതൽ അവസരങ്ങൾ തുറക്കുമെന്ന് പ്രതീക്ഷ പ്രകടിപ്പിച്ചു. എന്നാൽ, വെന്റ്വർത്ത് പാർക്കിന് പകരം മറ്റൊരു വേദിക്കും ആ ചരിത്രവും പ്രാധാന്യവും നൽകാനാവില്ലെന്നാണ് ദീർഘകാല കാണികളിൽ ചിലരുടെ അഭിപ്രായം.

SCROLL FOR NEXT