ഓസ്‌ട്രേലിയയിലെ കുപ്രസിദ്ധ ബാലപീഡനക്കേസ് പ്രതിയും മുൻ ചൈൽഡ്കെയർ വർക്കറുമായ ആഷ്‌ലി പോൾ ഗ്രിഫിത്തിനെതിരെ 200-ലേറെ പുതിയ കുറ്റങ്ങൾ ചുമത്തി. സിഡ്‌നിയിലെ കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതികളിൽ വർഷങ്ങൾ നീണ്ട അന്വേഷണത്തിനൊടുവിലാണ് നടപടി. 48-കാരനായ ഗ്രിഫിത്തിനെ ഈ ആഴ്ച ക്വീൻസ്‌ലൻഡിലെ കസ്റ്റഡിയിൽനിന്ന് ന്യൂ സൗത്ത് വെയിൽസിലേക്ക് മാറ്റിയിരുന്നു. സിഡ്‌നിയിലെ ഇൻറർ വെസ്റ്റ് മേഖലയിലെ കുട്ടികളെ ഉൾപ്പെടുത്തി 202 കുറ്റങ്ങളാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്.
ഏകദേശം നാലുവർഷം നീണ്ട അന്വേഷണത്തിനിടെ, 2014 ജൂലൈ മുതൽ 2017 ഡിസംബർ വരെയുള്ള കാലയളവിൽ ഗ്രിഫിത്ത് ലൈംഗികമായി പീഡിപ്പിച്ചെന്ന് ആരോപിക്കപ്പെടുന്ന 23 കുട്ടികളെ അന്വേഷണസംഘം തിരിച്ചറിഞ്ഞു. ഇവരുടെ പ്രായം ഒന്നിനും അഞ്ചിനും ഇടയിലാണ്. വെള്ളിയാഴ്ച പുലർച്ചെ സിഡ്‌നിയിലെ സിൽവർവാട്ടർ കറക്ഷണൽ സെന്ററിൽവെച്ചാണ് ഗ്രിഫിത്തിനെ അറസ്റ്റ് ചെയ്തത്. 10 വയസ്സിൽ താഴെയുള്ള കുട്ടികളുമായി ലൈംഗികബന്ധത്തിൽ ഏർപ്പെട്ടെന്ന 68 കുറ്റങ്ങൾ, ഗുരുതരമായ ലൈംഗികാതിക്രമവുമായി ബന്ധപ്പെട്ട 69 കുറ്റങ്ങൾ, കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്ന ദൃശ്യങ്ങൾ നിർമിച്ചതുമായി ബന്ധപ്പെട്ട 23 കുറ്റങ്ങൾ എന്നിവയുൾപ്പെടെയാണ് 202 കുറ്റങ്ങൾ.
ഗ്രിഫിത്തിനെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു. ഇന്ന് കോടതിയിൽ ഹാജരാക്കും. കുട്ടികൾക്കെതിരായ കുറ്റകൃത്യങ്ങളെക്കുറിച്ചുള്ള ആരോപണങ്ങൾ അതീവ ഗൗരവമുള്ളതാണെന്ന് ന്യൂ സൗത്ത് വെയിൽസ് പൊലീസ് അസിസ്റ്റന്റ് കമ്മീഷണർ ബ്രെറ്റ് ഗ്രീൻട്രീ പറഞ്ഞു. വർഷങ്ങൾ നീണ്ട അന്വേഷണത്തിന്റെയും ആയിരക്കണക്കിന് ഡിജിറ്റൽ ഫയലുകളുടെ ഫോറൻസിക് പരിശോധനയുടെയും ഫലമായാണ് പുതിയ കുറ്റങ്ങൾ ചുമത്തിയതെന്ന് അദ്ദേഹം വ്യക്തമാക്കി. ഇരകളെ തിരിച്ചറിയുന്നതിനുള്ള വിശദമായ അന്വേഷണവും ഓസ്‌ട്രേലിയയിലുടനീളമുള്ള വിവിധ നിയമനിർവഹണ ഏജൻസികളുടെ സഹകരണവും അന്വേഷണത്തിന്റെ ഭാഗമായി നടന്നതായും അദ്ദേഹം പറഞ്ഞു.