New South Wales

ഓസ്‌ട്രേലിയയിൽ കൂട്ടത്തോടെ പട്ടിണിയിലായി ഫ്ലയിങ്ങ് ഫോക്സ്; രക്ഷാപ്രവർത്തകർ പ്രതിസന്ധിയിൽ

ഫെഡറൽ പരിസ്ഥിതി നിയമപ്രകാരം വംശനാശഭീഷണി നേരിടാൻ സാധ്യതയുള്ള വിഭാഗത്തിൽ ഉൾപ്പെടുത്തിയിട്ടുള്ള ഗ്രേ-ഹെഡഡ് ഫ്ലയിങ് ഫോക്സുകളാണ് പ്രധാനമായും ദുരിതത്തിലായത്.

Safvana Jouhar

സിഡ്‌നി: ന്യൂ സൗത്ത് വെയിൽസിലും വിക്ടോറിയയുടെ ചില ഭാഗങ്ങളിലും ഫ്ലയിങ് ഫോക്സ് കൂട്ടത്തോടെ പട്ടിണി നേരിടുന്നു. ഭക്ഷണവും വെള്ളവും ലഭിക്കാതെ അവശരും പോഷകാഹാരക്കുറവുമുള്ള വവ്വാലുകളെയും അസ്ഥികൂടം പോലെയായ കുഞ്ഞുങ്ങളെയും കണ്ടെത്തുന്നതായി വന്യജീവി രക്ഷാപ്രവർത്തകർ അറിയിച്ചു. ഫെഡറൽ പരിസ്ഥിതി നിയമപ്രകാരം വംശനാശഭീഷണി നേരിടാൻ സാധ്യതയുള്ള വിഭാഗത്തിൽ ഉൾപ്പെടുത്തിയിട്ടുള്ള ഗ്രേ-ഹെഡഡ് ഫ്ലയിങ് ഫോക്സുകളാണ് പ്രധാനമായും ദുരിതത്തിലായത്. സാധാരണയായി നാടൻ മരങ്ങളുടെ പൂക്കളിൽനിന്നും തേൻനീരിൽനിന്നുമാണ് ഇവ ഭക്ഷണം കണ്ടെത്തുന്നത്.

ന്യൂ സൗത്ത് വെയിൽസിലെ വടക്കൻ റിവേഴ്‌സ് മേഖല മുതൽ തെക്കൻ തീരം വരെയുള്ള പ്രദേശങ്ങളിൽ ഭക്ഷ്യക്ഷാമം രൂക്ഷമാണെന്ന് സംസ്ഥാന പരിസ്ഥിതി വകുപ്പ് അറിയിച്ചു. വിക്ടോറിയയിലെ ഈസ്റ്റ് ഗിപ്‌സ്‌ലാൻഡ്, കാസിൽമെയിൻ എന്നിവിടങ്ങളിലും രക്ഷാപ്രവർത്തകർക്ക് കൂടുതൽ വിളികൾ ലഭിക്കുന്നുണ്ട്. ന്യൂ സൗത്ത് വെയിൽസിലെ മിഡ് നോർത്ത് കോസ്റ്റിലുള്ള ഫോണ വന്യജീവി രക്ഷാസംഘത്തിലെ ബാറ്റ് കോർഡിനേറ്റർ റേച്ചൽ സ്മെതർസ്റ്റിന്റെ നേതൃത്വത്തിലുള്ള സംഘത്തിന് പ്രതിദിനം 50 മുതൽ 90 വരെ വിളികളാണ് ലഭിക്കുന്നത്. കഴിഞ്ഞ ഒൻപത് മാസത്തിനിടെ വവ്വാലുകളെക്കുറിച്ച് ലഭിച്ച ആകെ വിളികളുടെ എണ്ണത്തേക്കാൾ കൂടുതലാണിതെന്ന് അവർ പറഞ്ഞു.

ഭക്ഷണം തേടി പറക്കാൻ പോലും കഴിയാത്ത വവ്വാലുകൾ വീടുകളുടെ മുറ്റങ്ങളിൽ അലങ്കാര ഫലവൃക്ഷങ്ങളിൽനിന്നും കൊക്കോസ് പനകളിൽനിന്നും പഴങ്ങൾ തിന്നുകയാണെന്ന് രക്ഷാപ്രവർത്തകർ പറയുന്നു. പാകമാകാത്ത പഴങ്ങൾ നിലത്തുനിന്ന് തിന്നുന്നവയെയും പട്ടിണി കാരണം മരങ്ങളിൽനിന്ന് താഴെ വീഴുന്നവയെയും കണ്ടെത്തിയിട്ടുണ്ട്. നിരവധി വവ്വാലുകളും നേരത്തേ ജനിച്ച കുഞ്ഞുങ്ങളും ചത്ത നിലയിലാണെന്നും റിപ്പോർട്ടുണ്ട്.

ആവാസവ്യവസ്ഥയുടെ നഷ്ടവും വരണ്ട ശൈത്യകാലവും

ആവാസവ്യവസ്ഥ നഷ്ടപ്പെടുന്നതും വരണ്ട ശൈത്യകാലത്തെ തുടർന്ന് യൂക്കാലിപ്റ്റസ് ഉൾപ്പെടെയുള്ള നാടൻ മരങ്ങളിൽ പൂക്കൾ കുറയുന്നതുമാകാം കൂട്ടപ്പട്ടിണിക്ക് കാരണമെന്ന് വന്യജീവി രക്ഷാസംഘമായ WIRES വിലയിരുത്തുന്നു. പോഷകാഹാരക്കുറവും നിർജലീകരണവും നേരിടുന്ന പെൺവവ്വാലുകളിൽ പലതും പ്രസവത്തിന് തൊട്ടുമുമ്പുള്ള ഘട്ടത്തിലാണ്. ആവശ്യമായ പോഷകങ്ങളും ശക്തിയും ഇല്ലാത്തതിനാൽ കുഞ്ഞുങ്ങൾ നേരത്തേ ജനിക്കുകയോ ഗർഭകാലം പൂർത്തിയാക്കാനാകാതെ നഷ്ടപ്പെടുകയോ ചെയ്യുന്നുണ്ടെന്ന് സംഘടന അറിയിച്ചു. കുഞ്ഞുങ്ങൾക്ക് പാൽ നൽകാനും അമ്മവവ്വാലുകൾക്ക് കഴിയാത്ത സാഹചര്യമുണ്ടെന്നും റിപ്പോർട്ടുണ്ട്.

വിക്ടോറിയയിലെ ഫ്ലൈ ബൈ നൈറ്റ് ബാറ്റ് ക്ലിനിക് ഡയറക്ടർ ടാംസിൻ ഹോഗാർത്ത് പറയുന്നതനുസരിച്ച്, അവശരായ വവ്വാലുകളെയും അസ്ഥികൂടം പോലെയായ കുഞ്ഞുങ്ങളെയും വ്യാപകമായി കണ്ടെത്തുന്നുണ്ട്. ഇവയിൽ പലതും ന്യൂ സൗത്ത് വെയിൽസിൽനിന്ന് എത്തിയതാകാമെന്നാണ് വിലയിരുത്തൽ. പകൽസമയത്ത് വീടുകളുടെ മുറ്റങ്ങളിൽ വവ്വാലുകളെ കാണുന്നത് ഗൗരവമായി കാണേണ്ട ലക്ഷണമാണെന്ന് ഹോഗാർത്ത് പറഞ്ഞു. ഭക്ഷണം തേടി പകൽപോലും മരങ്ങളിൽനിന്ന് പുറത്തുവരുന്ന അവയ്ക്ക് പറക്കാനുള്ള ഊർജം കുറവാണ്. മരങ്ങൾക്കു താഴെ ചത്ത കുഞ്ഞുങ്ങളെ കണ്ടെത്തുന്നതിനു പുറമേ മുള്ളുവേലിയിൽ കുടുങ്ങൽ, നായ്ക്കളുടെ ആക്രമണം, വൈദ്യുതാഘാതം എന്നിവയും വർധിച്ചിട്ടുണ്ട്.

മനുഷ്യരും ജാഗ്രത പാലിക്കണം

വരൾച്ചയും എൽ നിനോ കാലാവസ്ഥാ പ്രതിഭാസവും പോലുള്ള ഘടകങ്ങൾ ഭക്ഷ്യക്ഷാമം രൂക്ഷമാക്കാമെങ്കിലും നിലവിലെ പ്രതിസന്ധിയുടെ കൃത്യമായ കാരണം സ്ഥിരീകരിച്ചിട്ടില്ലെന്ന് ന്യൂ സൗത്ത് വെയിൽസ് പരിസ്ഥിതി വകുപ്പ് വ്യക്തമാക്കി. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ വവ്വാലുകളുടെ കടിയേൽക്കുകയോ മാന്തലേൽക്കുകയോ ചെയ്ത 43 പേരെ ആരോഗ്യവിഭാഗം പരിശോധിച്ചിട്ടുണ്ട്. അതിനാൽ വവ്വാലുകളെ കൈകൊണ്ട് തൊടുകയോ പിടിക്കുകയോ ചെയ്യരുതെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. രോഗബാധിതമായോ ചത്ത നിലയിലോ വവ്വാലുകളെ കണ്ടാൽ പ്രാദേശിക വന്യജീവി രക്ഷാസംഘത്തെ അറിയിക്കണമെന്ന് ഹോഗാർത്ത് അഭ്യർഥിച്ചു. ഇതുവഴി കുഞ്ഞുങ്ങളുണ്ടോയെന്ന് പരിശോധിക്കാനും കഴിയുന്നവയെ രക്ഷിച്ച് പരിചരിക്കാനും സാധിക്കും. എന്നാൽ ഗ്രാമീണ മേഖലകളിൽനിന്ന് ഒരേസമയം നിരവധി റിപ്പോർട്ടുകൾ ലഭിക്കുന്നതിനാൽ ആവശ്യമായ വെറ്ററിനറി സേവനങ്ങൾ ലഭ്യമാക്കുന്നതും ബുദ്ധിമുട്ടാണ്.

ഗ്രേ-ഹെഡഡ് ഫ്ലയിങ് ഫോക്സുകൾ സാധാരണയായി വർഷത്തിൽ ഒരു കുഞ്ഞിനെയാണ് പ്രസവിക്കുന്നത്. അതിനാൽ ഇത്രയധികം കുഞ്ഞുങ്ങളെ നഷ്ടപ്പെടുന്നത് ഈ ജീവിവർഗത്തിന്റെ നിലനിൽപ്പിൽ ദീർഘകാല പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. കഴിഞ്ഞ വേനൽക്കാലത്ത് കടുത്ത ചൂടിനെ തുടർന്ന് ആയിരക്കണക്കിന് പറക്കും കുറുക്കന്മാർ ചത്ത സംഭവത്തിന് പിന്നാലെയാണ് പുതിയ പ്രതിസന്ധി. മെൽബണിലെ യാറ ബെൻഡ് വവ്വാൽ ആവാസകേന്ദ്രത്തിലും ഫ്രീവേ നിർമാണ പ്രവർത്തനങ്ങൾ മൂലം തടസ്സങ്ങൾ നേരിടുന്നുണ്ട്. ഭക്ഷ്യക്ഷാമവും കാലാവസ്ഥാ വ്യതിയാനങ്ങളും ആവാസവ്യവസ്ഥയിലെ ഇടപെടലുകളും ഇവയുടെ അതിജീവനം കൂടുതൽ ദുഷ്കരമാക്കുന്നതായാണ് വിലയിരുത്തൽ.

SCROLL FOR NEXT