മുൻ ലിബറൽ പാർട്ടി എംപി റോറി അമോൺ  ( Jessica Hromas)
New South Wales

പ്രായപൂർത്തിയാകാത്ത കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസ്; മുൻ ഓസ്‌ട്രേലിയൻ എംപിക്ക് 2 വർഷം തടവ്

ഒരു വർഷവും മൂന്ന് മാസവുമാണ് പരോളില്ലാതെ അനുഭവിക്കേണ്ട ശിക്ഷാകാലാവധി. 2028 ഫെബ്രുവരി 26ന് ഈ കാലാവധി പൂർത്തിയാകുമ്പോൾ അമോൺ മോചിതനാകുമെന്ന് കോടതി വ്യക്തമാക്കി.

Safvana Jouhar

ന്യൂ സൗത്ത് വെയിൽസിൽ 13 വയസ്സുകാരനെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ മുൻ ലിബറൽ പാർട്ടി എംപി റോറി അമോണിന് (Rory Amon) രണ്ട് വർഷം തടവുശിക്ഷ. വെള്ളിയാഴ്ച ന്യൂ സൗത്ത് വെയിൽസ് സുപ്രീം കോടതിയാണ് 37കാരനായ അമോണിന് ശിക്ഷ വിധിച്ചത്. നവംബർ ആദ്യവാരം നടന്ന വിചാരണയിൽ 10നും 14നും ഇടയിൽ പ്രായമുള്ള കുട്ടിയുമായി സമ്മതമില്ലാതെ ലൈംഗികബന്ധത്തിൽ ഏർപ്പെട്ടതിനും കുട്ടിയെ ലൈംഗികമായി ആക്രമിച്ചതിനുമുള്ള കുറ്റങ്ങളിൽ അമോൺ കുറ്റക്കാരനാണെന്ന് ജൂറി കണ്ടെത്തിയിരുന്നു. ഒരു വർഷവും മൂന്ന് മാസവുമാണ് പരോളില്ലാതെ അനുഭവിക്കേണ്ട ശിക്ഷാകാലാവധി. 2028 ഫെബ്രുവരി 26ന് ഈ കാലാവധി പൂർത്തിയാകുമ്പോൾ അമോൺ മോചിതനാകുമെന്ന് കോടതി വ്യക്തമാക്കി.

2017ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. അന്ന് 27 വയസ്സുണ്ടായിരുന്ന അമോൺ ഗ്രൈൻഡർ (Grindr) എന്ന ഡേറ്റിങ് ആപ്പിലൂടെയാണ് കുട്ടിയെ പരിചയപ്പെട്ടത്. ലൈംഗിക സ്വഭാവമുള്ള സന്ദേശങ്ങൾ കൈമാറിയശേഷം ഇരുവരും നേരിൽ കാണാൻ തീരുമാനിക്കുകയായിരുന്നു. അന്ന് 13 വയസ്സുണ്ടായിരുന്ന കുട്ടി തനിക്ക് 17 വയസ്സുണ്ടെന്നാണ് അമോണിനോട് പറഞ്ഞിരുന്നത്. തുടർന്ന് കുട്ടി താമസിച്ചിരുന്ന അപ്പാർട്ട്‌മെന്റ് സമുച്ചയത്തിലെ കാർ പാർക്കിങ് മേഖലയിലുള്ള ശുചിമുറിയിൽവെച്ചാണ് ലൈംഗികാതിക്രമം നടന്നത്. കുട്ടിക്ക് നിയമപരമായി ലൈംഗികബന്ധത്തിന് സമ്മതം നൽകാവുന്ന പ്രായമുണ്ടെന്ന് അറിയിച്ചതിനുശേഷമാണ് അമോൺ കൂടിക്കാഴ്ചയ്ക്ക് പോയതെന്ന് ജസ്റ്റിസ് ഡെസ്മണ്ട് ഫാഗൻ നിരീക്ഷിച്ചു. എന്നാൽ നേരിൽ കണ്ടപ്പോൾ കുട്ടിക്ക് 17 വയസ്സുണ്ടെന്ന അവകാശവാദത്തിൽ സംശയം തോന്നാൻ മതിയായ സാഹചര്യമുണ്ടായിരുന്നുവെന്നും കോടതി ചൂണ്ടിക്കാട്ടി. പ്രായപൂർത്തിയാകാത്ത ഒരാളെ കാണാൻ അമോൺ മുൻകൂട്ടി പദ്ധതിയിട്ടിരുന്നില്ലെന്നും സംഭവത്തിലെ ചൂഷണത്തിന്റെ തോത് താരതമ്യേന കുറവായിരുന്നുവെന്നും ജഡ്ജി വിലയിരുത്തി.

പീഡനം ജീവിതത്തെ ഗുരുതരമായി ബാധിച്ചെന്ന് ഇര

ശിക്ഷാവിധിക്ക് മുമ്പ് കോടതിയിൽ സംസാരിച്ച ഇര, കുട്ടിക്കാലത്ത് നേരിട്ട ലൈംഗികാതിക്രമം തന്റെ ജീവിതത്തെ ഗുരുതരമായി ബാധിച്ചതായി വ്യക്തമാക്കി. ലൈംഗികാതിക്രമത്തിന്റെ അനുഭവം ആശയക്കുഴപ്പത്തിന്റെ വേദനയാണെങ്കിൽ അതിന്റെ അനന്തരഫലം സംഭവിച്ചതിനെക്കുറിച്ചുള്ള തിരിച്ചറിവിന്റെ വേദനയാണെന്ന് ഇര പറഞ്ഞു.

ലൈംഗികബന്ധം സ്വന്തം തീരുമാനപ്രകാരം തിരഞ്ഞെടുക്കാവുന്ന ഒന്നല്ലെന്നും തനിക്ക് സംഭവിക്കുന്ന ഒരു കാര്യം മാത്രമാണെന്നുമുള്ള തെറ്റായ ധാരണയിലേക്ക് ഈ അനുഭവം നയിച്ചതായും ഇര കോടതിയെ അറിയിച്ചു. സംഭവത്തിനുശേഷം സ്വയം പരിക്കേൽപ്പിക്കുന്ന പ്രവണതകൾ ഉണ്ടായതായും സ്കൂൾ, സർവകലാശാല പഠനം ഉപേക്ഷിക്കേണ്ടിവന്നതായും സ്ഥിരമായി ജോലി ചെയ്യാൻ ബുദ്ധിമുട്ടിയതായും കോടതിയിൽ വെളിപ്പെടുത്തി. നിയമപരമായ കാരണങ്ങളാൽ ഇരയുടെ പേര് പുറത്തുവിട്ടിട്ടില്ല.

ഇരയുമായി രണ്ടാമതും കൂടിക്കാഴ്ച നടത്തിയെന്ന ആരോപണവുമായി ബന്ധപ്പെട്ട എട്ട് കുറ്റങ്ങളിൽ മാർച്ചിൽ നടന്ന ആദ്യ വിചാരണയിൽ അമോണിനെ കോടതി കുറ്റവിമുക്തനാക്കിയിരുന്നു. രണ്ടാമത്തെ കൂടിക്കാഴ്ചയെക്കുറിച്ചുള്ള ആരോപണം ഇര കെട്ടിച്ചമച്ചതാണെന്ന് ജസ്റ്റിസ് ഫാഗൻ കണ്ടെത്തി. ഈ ആരോപണവുമായി ബന്ധപ്പെട്ട മൊഴി വിശ്വസനീയമല്ലെന്നും അന്ന് തനിക്ക് 15 വയസ്സുണ്ടെന്ന് അമോണിനോട് പറഞ്ഞുവെന്ന ഇരയുടെ വാദം അംഗീകരിക്കാനാവില്ലെന്നും ജഡ്ജി വ്യക്തമാക്കി.

കാർ പാർക്കിലെ ശുചിമുറിയിലേക്ക് അമോണിനെ കൂട്ടിക്കൊണ്ടുപോയത് കുട്ടിയായിരുന്നുവെന്നും മറിച്ചല്ലെന്നും കോടതി നിരീക്ഷിച്ചു. ഈ എട്ട് കുറ്റങ്ങളിൽ അമോണിനെതിരെ കേസ് തുടരുന്നതിന് മതിയായ ന്യായീകരണമില്ലായിരുന്നുവെന്ന് കണ്ടെത്തിയ കോടതി, അവയ്ക്കെതിരായ പ്രതിരോധത്തിനായി ചെലവഴിച്ച നിയമച്ചെലവ് പൊതുപണത്തിൽനിന്ന് നൽകാനും അനുമതി നൽകി.

15 വർഷം ചൈൽഡ് പ്രൊട്ടക്ഷൻ രജിസ്റ്ററിൽ

രാഷ്ട്രീയ, അഭിഭാഷക മേഖലകളിലെ കരിയർ നഷ്ടപ്പെട്ടതും സന്നദ്ധ അഗ്നിശമനപ്രവർത്തകൻ, റഗ്ബി റഫറി എന്നീ ചുമതലകളിൽനിന്ന് നീക്കപ്പെട്ടതും ഭാവിയിൽ സമാന കുറ്റകൃത്യങ്ങൾ ആവർത്തിക്കുന്നതിനെ തടയാൻ ശക്തമായ കാരണങ്ങളാകുമെന്ന് കോടതി വിലയിരുത്തി. എന്നാൽ ഇത്തരം കുറ്റകൃത്യങ്ങൾക്കെതിരെ സമൂഹത്തിന് വ്യക്തമായ മുന്നറിയിപ്പ് നൽകേണ്ടതുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് തടവുശിക്ഷ വിധിച്ചത്. പരോളിൽ പുറത്തിറങ്ങുന്ന തീയതി മുതൽ 15 വർഷത്തേക്ക് അമോൺ ന്യൂ സൗത്ത് വെയിൽസ് ചൈൽഡ് പ്രൊട്ടക്ഷൻ രജിസ്റ്ററിൽ ഉൾപ്പെടും.

രാഷ്ട്രീയ ജീവിതത്തിനും തിരിച്ചടി

കുട്ടിയുമായി ആദ്യമായി ബന്ധപ്പെടുന്ന സമയത്ത് ഫെഡറൽ എംപിയായിരുന്ന ജേസൺ ഫാലിൻസ്കിയുടെ ഓഫീസിൽ മുഴുവൻ സമയ ജീവനക്കാരനായിരുന്നു അമോൺ. പിന്നീട് നോർത്തേൺ ബീച്ചസ് കൗൺസിലിൽ രണ്ട് തവണ അംഗമായി പ്രവർത്തിച്ച അദ്ദേഹം 2023ൽ പിറ്റ്‌വാട്ടർ മണ്ഡലത്തിൽനിന്ന് ലിബറൽ പാർട്ടി എംപിയായി തിരഞ്ഞെടുക്കപ്പെട്ടു. ലൈംഗികാതിക്രമക്കുറ്റങ്ങൾ ഉയർന്നതിനെത്തുടർന്ന് അമോണിനെ ലിബറൽ പാർട്ടിയിൽനിന്ന് പുറത്താക്കുകയും അദ്ദേഹം എംപി സ്ഥാനം രാജിവയ്ക്കുകയും ചെയ്തിരുന്നു.

(ലൈംഗികാതിക്രമം നേരിട്ടവർക്ക് ഓസ്‌ട്രേലിയയിൽ 1800RESPECT (1800 737 732), Lifeline (13 11 14), Kids Helpline (1800 55 1800) എന്നിവയിലൂടെ സഹായം തേടാം. അടിയന്തര സാഹചര്യങ്ങളിൽ 000 എന്ന നമ്പറിൽ ബന്ധപ്പെടാം.)

-AAP

SCROLL FOR NEXT