സിഡ്നി: ബിഗ് ബാഷ് ലീഗ് (BBL) ടീമുകളുടെ സ്വകാര്യവൽക്കരണവുമായി ബന്ധപ്പെട്ട തർക്കങ്ങൾക്ക് പിന്നാലെ ക്രിക്കറ്റ് ഓസ്‌ട്രേലിയ (CA) ചെയർമാൻ മൈക്ക് ബെയർഡ് രാജിവെച്ചു. നാല് വർഷത്തോളമായി പദവിയിൽ തുടരുന്ന മുൻ ന്യൂ സൗത്ത് വെയിൽസ് പ്രീമിയറായ ബെയർഡിന്റെ രാജി ക്രിക്കറ്റ് ഓസ്‌ട്രേലിയ സ്ഥിരീകരിച്ചു. ബെയർഡിന് പകരം മുൻ ഓസ്‌ട്രേലിയൻ ബാറ്റ്‌സ്മാൻ ഡേവിഡ് ബൂൺ താൽക്കാലിക ചെയർമാനായി ചുമതലയേൽക്കും.
ബിഗ് ബാഷ് ടീമുകളുടെ ഉടമസ്ഥാവകാശം പ്രധാനമായും ഇന്ത്യൻ നിക്ഷേപകർ ഉൾപ്പെടെയുള്ള സ്വകാര്യ വ്യക്തികൾക്ക് വിൽക്കുന്നതിനെച്ചൊല്ലി ക്രിക്കറ്റ് ഓസ്‌ട്രേലിയയും സംസ്ഥാന ക്രിക്കറ്റ് ബോർഡുകളും തമ്മിൽ കടുത്ത ഭിന്നത നിലനിന്നിരുന്നു. ന്യൂ സൗത്ത് വെയിൽസും ക്വീൻസ്‌ലാന്റും ടീമുകളുടെ വിൽപ്പനയെ ശക്തമായി എതിർത്തപ്പോൾ, മെൽബൺ റെനഗേഡ്സ് ടീമിനെ വിറ്റഴിക്കാൻ വിക്ടോറിയ ക്രിക്കറ്റ് ബോർഡ് മുൻകൈ എടുത്തു. സ്വന്തം സംസ്ഥാനമായ ന്യൂ സൗത്ത് വെയിൽസ് ക്രിക്കറ്റ് ബോർഡിന്റെ പിന്തുണ നഷ്ടപ്പെട്ടതാണ് ബെയർഡിന്റെ പെട്ടെന്നുള്ള രാജിയിലേക്ക് നയിച്ചത്. സ്വന്തം നിലപാടുകളിൽ ഉറച്ചുനിൽക്കുമ്പോഴും കളി മുൻപോട്ട് കൊണ്ടുപോകാൻ ഭരണസമിതിക്ക് കഴിയട്ടെയെന്നും പുതിയൊരു മാറ്റത്തിനും ഒരുമയ്ക്കും ഈ രാജി വഴിതുറക്കുമെന്നും മൈക്ക് ബെയർഡ് പ്രതികരിച്ചു. തനിക്ക് ലഭിച്ച അവസരത്തിന് നന്ദിയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 2014 മുതൽ 2017 വരെ ന്യൂ സൗത്ത് വെയിൽസ് ലിബറൽ പാർട്ടി നേതാവായിരുന്ന മൈക്ക് ബെയർഡ് 2020-ലാണ് ക്രിക്കറ്റ് ഓസ്‌ട്രേലിയ ഡയറക്ടർ ബോർഡിൽ എത്തുന്നത്.
ഓസ്‌ട്രേലിയൻ ക്രിക്കറ്റ് വലിയ മാറ്റങ്ങളിലൂടെയും വെല്ലുവിളികളിലൂടെയും കടന്നുപോകുന്ന ഈ സമയത്ത് ഇടക്കാല ചെയർമാൻ പദവി ഏറ്റെടുക്കാൻ കഴിഞ്ഞത് വലിയ ബഹുമാനമായി കരുതുന്നുവെന്ന് ഡേവിഡ് ബൂൺ പ്രസ്താവനയിൽ പറഞ്ഞു. ഓസ്‌ട്രേലിയൻ ക്രിക്കറ്റിന് ബെയർഡ് നൽകിയ സംഭാവനകൾക്ക് അദ്ദേഹം നന്ദിയറിക്കുകയും ചെയ്തു.