( Louie Douvis)
New South Wales

ബോണ്ടായി ഭീകരാക്രമണത്തിലെ ഹീറോക്കെതിരായ ഗാർഹിക പീഡനക്കേസുകൾ പോലീസ് പിൻവലിച്ചു

44കാരനായ അഹമ്മദിനെതിരെ പിതാവിനെ കഴുത്തിൽ പിടിച്ചുവെച്ചുവെന്നും മറ്റൊരു സംഭവത്തിൽ ഭീഷണിപ്പെടുത്തിയെന്നുമായിരുന്നു ആരോപണം. മാർച്ച് 9-ന് പിതാവിനെ ഹെഡ്‌ലോക്കിൽ പിടിച്ചുവെന്നതായിരുന്നു ഒരു കേസ്.

Safvana Jouhar

ബോണ്ടായി ഭീകരാക്രമണത്തിനിടെ തോക്കുധാരിയെ കീഴടക്കാൻ ധൈര്യമായി ഇടപെട്ട അഹമ്മദ് അൽ അഹമ്മദിനെതിരായ ഗാർഹിക പീഡനക്കേസുകൾ പോലീസ് പിൻവലിച്ചു. 44കാരനായ അഹമ്മദിനെതിരെ പിതാവിനെ കഴുത്തിൽ പിടിച്ചുവെച്ചുവെന്നും മറ്റൊരു സംഭവത്തിൽ ഭീഷണിപ്പെടുത്തിയെന്നുമായിരുന്നു ആരോപണം. മാർച്ച് 9-ന് പിതാവിനെ ഹെഡ്‌ലോക്കിൽ പിടിച്ചുവെന്നതായിരുന്നു ഒരു കേസ്. ജൂണിൽ നടന്നതായി ആരോപിക്കപ്പെട്ട മറ്റൊരു സംഭവവുമായി ബന്ധപ്പെട്ടായിരുന്നു രണ്ടാമത്തെ കുറ്റം.

ജൂൺ 24ന് ബാങ്ക്സ്ടൗൺ ലോക്കൽ കോടതിയിൽ ഹാജരായ അഹമ്മദ് രണ്ട് കുറ്റങ്ങളും നിഷേധിച്ചിരുന്നു. ബുധനാഴ്ച കേസ് വീണ്ടും പരിഗണിച്ചപ്പോൾ പ്രോസിക്യൂഷൻ രണ്ട് കുറ്റങ്ങളും പിൻവലിച്ചതായി കോടതിയെ അറിയിച്ചു. അതേസമയം, അഹമ്മദിന്റെ പിതാവിനെ സംരക്ഷിക്കുന്ന Apprehended Domestic Violence Order (ADVO) 12 മാസത്തേക്ക് നിലവിൽ തുടരും. അഹമ്മദിന്റെ അഭിഭാഷകൻ മുഹമ്മദ് സക്കർ നേരത്തെ തന്റെ കക്ഷി നിരപരാധിത്വം നിലനിർത്തുമെന്ന് വ്യക്തമാക്കിയിരുന്നു.

ബോണ്ടി ആക്രമണത്തിനിടെ തോക്കുധാരി സജിദ് അക്രത്തെ കീഴടക്കാൻ ശ്രമിച്ച് അഹമ്മദിന് കൈയിൽ നിരവധി വെടിയേറ്റിരുന്നു. ആക്രമണത്തിനിടെയുള്ള അദ്ദേഹത്തിന്റെ ധീരമായ ഇടപെടലിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെ അന്താരാഷ്ട്ര തലത്തിലും പ്രശംസ ലഭിച്ചിരുന്നു. ആക്രമണത്തിന് ശേഷം അദ്ദേഹത്തിനായി ആരംഭിച്ച ധനസമാഹരണത്തിലൂടെ ഏകദേശം 2.5 മില്യൺ ഡോളർ ലഭിച്ചിരുന്നു. കുടുംബാംഗങ്ങൾ ഇതിൽ നിന്ന് പണം ആവശ്യപ്പെട്ട് തന്നെ സമ്മർദത്തിലാക്കിയിരുന്നുവെന്ന് അഹമ്മദ് നേരത്തെ ആരോപിച്ചിരുന്നു.

അദ്ദേഹത്തിന്റെ സഹോദരന്മാരായ സമേഹിനും ഹൊസിഫയ്ക്കുമെതിരെയും സഹോദരനിൽ നിന്ന് 200,000 ഡോളർ തട്ടിയെടുക്കാൻ ശ്രമിച്ചെന്ന ആരോപണത്തിൽ കേസുണ്ട്. ഇരുവരും കുറ്റം നിഷേധിച്ചിട്ടുണ്ട്. ഇവർക്ക് അഹമ്മദിൽ നിന്നോ അദ്ദേഹം താമസിക്കുന്നതോ ജോലി ചെയ്യുന്നതോ ആയ സ്ഥലങ്ങളിൽ നിന്നോ 100 മീറ്ററിനുള്ളിൽ പ്രവേശിക്കരുതെന്ന ഇടക്കാല ഉത്തരവും നിലവിലുണ്ട്. അതേസമയം ബോണ്ടി ആക്രമണത്തിലെ ധീരമായ ഇടപെടലിന് അഹമ്മദിന് Canterbury-Bankstown, Waverley നഗരങ്ങളുടെ Keys to the City ബഹുമതിയും ലഭിച്ചിരുന്നു. ആശുപത്രിയിൽ ചികിത്സയിൽ കഴിയുമ്പോൾ പ്രധാനമന്ത്രി ആന്തണി ആൽബനീസിയും അദ്ദേഹത്തെ സന്ദർശിച്ചിരുന്നു.

SCROLL FOR NEXT