ഭാര്യ ബെക്കിയുമായി വഴക്കിട്ടെന്ന തരത്തിലുള്ള വാർത്തകൾ തള്ളി ഓസ്‌ട്രേലിയൻ ക്രിക്കറ്റ് ടീം ടെസ്റ്റ് ക്യാപ്റ്റൻ പാറ്റ് കമ്മിൻസ്. കുടുംബജീവിതത്തിലേക്കുള്ള മാധ്യമങ്ങളുടെ കടന്നുകയറ്റം പരിഹാസ്യമാണെന്നും അദ്ദേഹം പ്രതികരിച്ചു. ഉസ്മാൻ ഖവാജയുടെ പുസ്തകത്തെക്കുറിച്ചായിരുന്നു താനും ഭാര്യയും തമ്മിലുള്ള ചർച്ചയെന്നും കമ്മിൻസ് വ്യക്തമാക്കി. സിഡ്‌നിയിലെ വീടിന് പുറത്ത് കമ്മിൻസും ഭാര്യ ബെക്കിയും ആവേശത്തോടെ സംസാരിക്കുന്ന ദൃശ്യങ്ങൾ ദ ഓസ്‌ട്രേലിയൻ പത്രം പുറത്തുവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഇരുവരും തമ്മിൽ തർക്കമുണ്ടായെന്ന തരത്തിൽ വാർത്തകൾ വന്നത്.
വെള്ളിയാഴ്ച നടന്ന 70 മിനിറ്റ് നീണ്ട വാർത്താസമ്മേളനത്തിൽ ഖവാജയെയും 2018-ലെ പന്തുചുരണ്ടൽ വിവാദത്തെയും കുറിച്ചുള്ള ചോദ്യങ്ങൾക്കിടെയാണ് കമ്മിൻസ് ഇക്കാര്യത്തിലും പ്രതികരിച്ചത്. ബെക്കി വികാരങ്ങൾ തുറന്നുപ്രകടിപ്പിക്കുന്ന വ്യക്തിയാണെന്നും സംഭവത്തെക്കുറിച്ച് സംസാരിക്കുമ്പോൾ ഒരു ഭാഗത്ത് തമാശയായി തോന്നുന്നുണ്ടെങ്കിലും മറുഭാഗത്ത് ഇത് തീർത്തും പരിഹാസ്യമാണെന്നും അദ്ദേഹം പറഞ്ഞു. എട്ടര വർഷം മുമ്പ് നടന്ന സംഭവത്തെക്കുറിച്ചാണ് ഇപ്പോഴും ചർച്ച ചെയ്യുന്നത്. ഒരു വയസ്സുള്ള മകളെ ഡയപ്പർ ധരിപ്പിച്ച് വീടിന് മുന്നിൽ നടക്കുമ്പോൾ മാധ്യമപ്രവർത്തകർ ക്യാമറകളുമായി തനിക്കും കുടുംബത്തിനും പിന്നാലെ വരുന്നത് അംഗീകരിക്കാനാകില്ലെന്നും കമ്മിൻസ് പറഞ്ഞു.
തങ്ങൾ തമ്മിൽ വഴക്കുണ്ടായിരുന്നില്ലെന്നും ഖവാജയെക്കുറിച്ചുള്ള ചർച്ചയ്ക്കിടെ ബെക്കി അസ്വസ്ഥതയും ദേഷ്യവും പ്രകടിപ്പിക്കുക മാത്രമായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. വീട്ടിലെ മാലിന്യങ്ങളും പുനരുപയോഗിക്കാവുന്ന വസ്തുക്കളും പുറത്തുവെക്കാനായി തെരുവിലിറങ്ങിയപ്പോഴാണ് ദൃശ്യങ്ങൾ പകർത്തിയതെന്നും കമ്മിൻസ് പറഞ്ഞു. കാർഡ്ബോർഡ് മാലിന്യം ശേഖരിക്കുന്ന ആഴ്ചയായിരുന്നുവെന്നും ടൂർ തിരക്കുകൾ കാരണം അടുത്ത 12 മാസത്തേക്ക് വീണ്ടും ഇതിന് അവസരം ലഭിക്കില്ലെന്നും തമാശരൂപേണ അദ്ദേഹം കൂട്ടിച്ചേർത്തു.
പന്തുചുരണ്ടൽ വിവാദത്തെക്കുറിച്ച് തന്റെ ഭാഗം തുറന്നുപറയുന്നതിൽ ബെക്കിക്ക് സന്തോഷമാണെന്നും കമ്മിൻസ് പറഞ്ഞു. കാര്യങ്ങൾ സത്യസന്ധമായും വിശദമായും പറയണമെന്നാണ് ഭാര്യയുടെ ഉപദേശമെന്നും അദ്ദേഹം വ്യക്തമാക്കി. 2018-ലെ ദക്ഷിണാഫ്രിക്കൻ പര്യടനത്തിന് മുമ്പുതന്നെ തങ്ങൾ ഒരുമിച്ചായിരുന്നുവെന്നും ആ സംഭവങ്ങളുടെയെല്ലാം അനുഭവം ബെക്കിക്കും ഉണ്ടായിരുന്നുവെന്നും കമ്മിൻസ് പറഞ്ഞു. ഓസ്‌ട്രേലിയൻ ക്രിക്കറ്റിലെ പലരും ഇപ്പോഴും ആ സംഭവങ്ങളുടെ പേരിൽ വിഷമിക്കുന്നുണ്ടെന്നും വികാരങ്ങൾ തുറന്നുപറയണമെന്നാണ് ബെക്കി ആവശ്യപ്പെടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.